കുമളി അമ്പലത്തുങ്കൽ എ.വി വറുഗീസ് (വറീച്ചായൻ-102) നിര്യാതനായി

കുമളി അമ്പലത്തുങ്കൽ എ.വി വറുഗീസ് (വറീച്ചായൻ-102) നിര്യാതനായി

കുമളി: കുമളിയിലെ ആദ്യകാല പെന്തെക്കോസ്ത് കുടുംബാംഗം അമ്പലത്തുങ്കൽ എ.വി വറുഗീസ് (വറീച്ചായൻ-102) നിര്യാതനായി. മൃതദേഹം ഓഗ.14ന് വൈകിട്ട് 5 ന് വസതിയിൽ കൊണ്ടുവരും. ഓഗ.15 ന് രാവിലെ 9.30ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് 2 ന്   വലിയകണ്ടം ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ ആറാം മൈലിലുള്ള സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ; പരേതയായ മറിയാമ്മ പാമ്പാടി മലയമറ്റത്തിൻ കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി, ആലീസ്, ജോർജ് (റിട്ട :കേരള പോലീസ് സബ് ഇൻസ്പെക്ടർ), ഗ്രേസി,മേഴ്സി, സാജി, ജെസ്സി. മരുമക്കൾ : ജോൺ.സി.കുരുവിള (ചില്ലക്കാട്ട് ), ആലീസ്, പാസ്റ്റർ ജോസ്. പി. ആന്റണി(ഐപിസി കരിന്തരി ), സാബു കുരുവിള കുറ്റിപ്പുറത്ത്, പി. മത്തായി പീടിയേക്കൽ(മണർകാട് ), തോമസ് എം. പി നീറുപ്ലാക്കൽ മൈലാടുംപാറ, പരേതനായ തോമസ് ശങ്കരൻ കുളഞ്ഞിയിൽ കുമളി.

മുൻ ലക്കം ഗുഡ്ന്യൂസിൽ (ഓഗ. 4) സണ്ണി ഇലഞ്ഞിമറ്റം അമ്പലത്തുങ്കൽ എ.വി വറുഗീസിനെ കുറിച്ച് തയ്യറാക്കിയ ഫീച്ചർ

ഒരു നൂറ്റാണ്ട് ജീവിതം പിന്നിട്ട അമ്പലത്തുങ്കൽ വറീച്ചായൻ

നൂറ്റാണ്ടിന്റെ ചരിത്രം പറയുന്ന അമ്പലത്തുങ്കൽ വറീച്ചയാൻ അക്ഷരനഗരിയുടെ(കോട്ടയം ) സമീപ ഗ്രാമമായ വടവതൂരിൽ മറിയാമ്മ, വറുഗീസ് ദമ്പതികളുടെ ആദ്യജാതനായി 1923 ൽ ജനിച്ചു. കുടുംബത്തിൽ ജീവിതപ്രാരാബ്ദം ഒന്നിന് പുറകെ ഒന്നായി വർദ്ധിച്ചപ്പോൾ മാതാപിതാക്കളോടും സഹോദരങ്ങളോടും ഒപ്പം കുമളിയിലേക്ക് 1955-ൽ വണ്ടി കയറി. ജീവിതപങ്കാളി പ്രസിദ്ധ ദൈവശാസ്ത്ര പണ്ഡിതനും വാഗ്മിയുമായ പാസ്റ്റർ  എം. വി. ചാക്കോയുടെ സഹോദരി മറിയാമ്മയായിരുന്നു. ഇവർ ഇമ്പങ്ങളുടെ പറുദീസയിലേക്ക് യാത്രയായി. വറീച്ചായന്റെയും മാ റിയമ്മയുടെയും ദാമ്പത്യവല്ലരിയിൽ 7 മക്കളെ ദൈവം ദാനം ചെയ്തു. ഏക മകൻ ജോർജ് വറുഗീസ് കേരള പോലീസിലെ സബ് ഇൻസ്പെക്ടറായി വിരമിച്ച് ഇപ്പോൾ കുമളി വലിയകണ്ടം ചർച്ച്‌ ഓഫ് ഗോഡ് ഇൻ ഇൻഡ്യയുടെ സഭ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്നു. പുതുക്കി പണിത ആലയത്തിന്റെ പ്രധാന ചുമതലക്കാരനും ആയിരുന്നു.
 

അധ്വാനിയുടെ കൈ സമ്പത്ത് വർദ്ധിപ്പിക്കുമെന്ന് ദൈവവചനത്തിൽ വിശ്വസിച്ച വറീച്ചായൻ മണ്ണിൽ മാണിക്യം വിളയിക്കുന്നതിലും സമർത്ഥനായിരുന്നു. കറുത്ത പൊന്നും (കുരുമുളക്), സുഗന്ധ റാണിയും  (ഏലക്ക), കാപ്പികുരുവും  30,60,100 മേനിയായി വിളഞ്ഞതിനാൽ വീട്ടിലെ നിത്യ സന്ദർശകനായിരുന്ന ദാരിദ്ര്യം വിട പറഞ്ഞു. ആടുമാട് വളർത്തലും പ്രധാന ഉപജീവന മാർഗമായിരുന്നു. എണ്ണിയാൽ തീരാത്ത നന്മകൾ കൊണ്ട് ദൈവം നടത്തിയ വഴികൾ ഓർത്താൽ ദൈവത്തെ എത്ര സ്തുതിച്ചാലും മതിവരികയില്ല എന്ന് 93 വയസ്സുവരെ മണ്ണിൽ പണിത ഈ 102 കാരൻ പറയുന്നു.
 ദൈവസഭയ്ക്ക് അമ്പലത്തുങ്കൽ കുടുംബം താങ്ങും തണലുമാണ്. കുമളിയിലെ ആദ്യകാല പെന്തക്കോസ്തുകാർ എന്ന പ്രത്യേകതയും ഈ കുടുംബത്തിന് ഉണ്ട്. സഹോദര തലമുറ അടക്കം അഞ്ചു വീട്ടുകാർ ഈ സഭയിൽ ഉണ്ട്. മാതാപിതാക്കൾ ദൈവ സഭയെയും ദൈവദാസന്മാരെയും മാനിക്കുന്നത് കണ്ടുപഠിച്ചതു കൊണ്ട് തലമുറ തലമുറയായി അങ്ങനെ തന്നെ പിന്തുടരുന്നു.

ആരോഗ്യമായും മാനസികമായും ഉല്ലാസവാനാകയാൽ സന്ദർശകരോട് സംസാരിക്കുന്നതിലും ഉത്സാഹിയാണ്. ജീവിതത്തിൽ ഇതുവരെ കണ്ണട ഉപയോഗിച്ചിട്ടില്ലാത്ത ഈ 102 കാരൻ ഒരു വർഷം മുൻപ് വരെ ബൈബിളും പത്രവും വായിക്കുമായിരുന്നു. ജീവിതശൈലികളും ഭക്ഷണക്രമീകരണങ്ങളും കാത്തുസൂക്ഷിച്ച് മക്കളുടെ പൂർണ്ണ സംരക്ഷണതയിലുമാണ്. മക്കളും മരുമക്കളും കൊച്ചുമക്കളും കൊച്ചുമരുമക്കളും പേരക്കിടാങ്ങളും ഉൾപ്പെടെ 46 മക്കളെ കാണാൻ ദൈവം അവസരം കൊടുത്തു. മരുമക്കളിൽ മൂത്തയാൾ ഇമ്പങ്ങളുടെ പറുദീസയിലേക്ക് യാത്രയായി.5 സഹോദരങ്ങളിൽ മൂന്നു പേരും കാലയവനികക്കു ള്ളിൽ മൺമറഞ്ഞു. നേരെ ഇളയ സഹോദരിയും ജീവിത സായാഹ്ന വേളയിലാണ്. ഏറ്റവും ഇളയ സഹോദരൻ തോമസ് വർഗീസ് അര നൂറ്റാണ്ടിലധികമായി ദൈവ സഭയിൽ സൺഡേസ്കൂൾ അധ്യാപകനായി സേവനം അനുഷ്ഠിച്ചു. ഇപ്പോൾ സഭയുടെ ജോയിൻ സെക്രട്ടറിയുമാണ്.

Advertisement