ആൽപ്പാറ കുറുമറ്റം സാറാമ്മ ജോർജ് (മോളി -65) നിര്യാതയായി
തൃശൂർ: ജബൽപ്പൂർ ഐപിസി ബെഥേൽ സഭാംഗം പാലക്കാട് വാൽകുളമ്പ് പീടിയേക്കൽ ജോർജ് വർഗീസിൻ്റെ ഭാര്യ സാറാമ്മ ജോർജ് (മോളി -65) നിര്യാതയായി. ആൽപ്പാറ കുറുമറ്റം കുടുംബാംഗമാണ്. സംസ്ക്കാരം ഒക്ടോ.17 ന് ജബൽപ്പൂർ ഐപിസി ബെഥേൽ സഭയുടെ ആഭിമുഖ്യത്തിൽ നടക്കും.
മക്കൾ: ജിബി ജോർജ്, ക്രിസ്റ്റി ജോർജ്. മരുമക്കൾ: സെബിൻ സാറ, ഫെലിക്സ്.
ഗുഡ്ന്യൂസ് വാരിക മുൻ ലേഖകൻ കെ.എം ചെറിയാൻ, ഐപിസി സംസ്ഥാന കൗൺസിലംഗം കെ.എം ദാനിയേൽ, മാധ്യമ പ്രവർത്തകൻ പോൾ മാത്യു എന്നിവർ സഹോദരന്മാരാണ്.
പാസ്റ്റർ സജി പീച്ചിയുടെ അനുസ്മരണ കുറിപ്പ്
കഴിഞ്ഞ ദിവസം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട മോളി ജോർജ് എന്ന കർത്തൃദാസിയുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നു.
പീച്ചി സഭയിൽ സ്തുത്യർഹമായ നിലയിൽ ശുശ്രൂഷ ചെയ്ത് ഇന്ന് നിത്യതയിൽ വിശ്രമിക്കുന്ന കർത്തൃദാസനാണ് പാസ്റ്റർ കെ സി മാത്യു.
അദ്ദേഹത്തിന്റെ നാലു മക്കളിൽ ഏക മകളും മൂന്നാമത്തെ പുത്രിയുമായിരുന്നു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട സിസ്റ്റർ മോളി ജോർജ്.
കാർമേഘ പടലങ്ങൾ മൂടി നിറഞ്ഞ അന്തരീക്ഷത്തിൽ വൻമഴപെയ്തു ശേഷം അന്തരീക്ഷത്തെ പ്രകാശമാനമാക്കാൻ ഉദിക്കുന്ന വെയിൽ പോലെയുള്ള പ്രതീതി യായിരുന്നു കെ.സി മാത്യു പാസ്റ്ററുടെ ആഗമനം. അത് പീച്ചി സഭയ്ക്ക് നവചൈതന്യം പകർന്നു.
മക്കൾ നാലു പേരുടെയും സാന്നിധ്യം യുവാക്കൾക്ക് ഏറെ ഹരമായിരുന്നു. യുവജനങ്ങളുടെയിടയിൽ മക്കളുടെ കൂട്ടായ്മബന്ധം ഏറെ ശ്രദ്ധിക്കപ്പെട്ടു. സഭയിലുള്ള യുവാക്കളെ ആത്മീയരാക്കുന്നതിൽ അവർ വഹിച്ച പങ്ക് അവർണ്ണനീയമായിരുന്നു. മൂത്ത മൂന്നു മക്കളായ ചെറിയാച്ചായൻ, ഡാനികുഞ്ഞ്, മോളി ചേച്ചി എന്നിവരുടെ സാന്നിധ്യം ആ പ്രായത്തിലുള്ളവർക്കും ജോയ് മോന്റെ സാന്നിധ്യം തന്റെ പ്രായത്തിലുള്ളവർക്കും ഏറെ ഉന്മേഷം പകരുന്നതായിരുന്നു.
യുവജന ക്യാമ്പുകൾ, പരസ്യ യോഗങ്ങൾ, സൈക്കിൾ റാലികൾ, സൺഡേ സ്കൂൾ പ്രവർത്തനങ്ങൾ,ആത്മീയാ രാധനകൾ എന്നിവയ്‌ക്കെല്ലാം ചുക്കാൻ പിടിച്ചത് ഒരർത്ഥത്തിൽ കെ സി മാത്യു പാസ്റ്ററുടെ സന്താനങ്ങളായിരുന്നു. അവരിലുള്ള ആവേശവും ആത്മീയ തീഷ്ണതയും പ്രശംസ നീയമായിരുന്നു.
അന്ന് പാസ്റ്റർ കെ കെ ചെറിയാൻ നടത്തിയ 7 ദിവസത്തെ ബൈബിൾ ക്ലാസ്സ്, പരേതനായ പാസ്റ്റർ വി ഏ തോമസ് നടത്തിയ മീറ്റിംഗിൽ എല്ലാം ഈ പ്രീയപ്പെട്ട വരുടെ സാന്നിധ്യം ഏറെ പ്രശംസിക്കപ്പെട്ടു. സഭയുടെ പാഴ്സണജിൽ നിന്നും കുത്തരിചോറും വിഭവങ്ങളും നാലുമണി പലഹാരങ്ങളും അടങ്ങിയ രുചിയുള്ള ഭക്ഷണം ആദ്യമായി കഴിച്ചത് കെ സി മാത്യു പാസ്റ്ററുടെ കാലഘട്ടത്തിലാണ് .
പാസ്റ്റർ പിന്നീട് മാറി തേനിടുക്ക് സഭയിൽ പോയി. അവിടെ വച്ചാണെന്ന് തോന്നുന്നു മോളി യുടെ വിവാഹം നടക്കുന്നത്. നെല്ലിക്കുന്ന് സഭയിൽ ശുശ്രൂ ഷിക്കുമ്പോൾ കെ സി മാത്യു പാസ്റ്റർ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
അന്ന് ഏറെ ചുറുചുറുക്കൊടെ പ്രശോഭിച്ച മോളി ജോർജ് വിവാഹ ശേഷം ഉത്തരേന്ത്യയിലേക്ക് പറിച്ചു നടപ്പെട്ടു.
പിന്നീട് ഏറെക്കാലം ആരുമായും യാതൊരു ആശയവിനിമയങ്ങളുമില്ലാതെ ഇരുളടഞ്ഞ കാലഘട്ടമായിരുന്നു.
പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് മോളി ജോർജ് നെ കാണുന്നതും മധ്യപ്രദേശിൽ ജബൽപൂരിൽ താൻ ഉണ്ടെന്ന് അറിയുന്നതും.
താൻ പ്രതിനിധാനം ചെയ്ത സഭയിലും വാട്സ്ആപ്പ് കൂട്ടായ്മകളിലും സജീവ സാന്നിധ്യം ആയിരുന്നു പ്രീയ മോളി ജോർജ്.
നിർദ്ദേശങ്ങൾ തരികയും കാര്യങ്ങൾ അന്വേഷിക്കയും പ്രാർത്ഥിക്കയുമൊക്കെ ചെയ്ത ഒരു കർത്തൃ ദാസിയെ നമുക്ക് നഷ്ടം ആയിരിക്കുന്നു.
തന്റെ വിയോഗം ഏറെ നഷ്ടമാണ്. തന്റെ രോഗ വിവരം മൂർച്ഛിച്ചത് അവസാന സ്റ്റേജിലാണ് അറിയുന്നത്. രോഗവിവരം ആരായാൻ മൂത്ത സഹോദരൻ ചെറിയാച്ചായനെ വിളിച്ചപ്പോൾ രോഗവിവരമല്ല പറഞ്ഞത്. പ്രത്യുത താൻ പ്രീയം വച്ച കർത്തൃ സന്നിധിയിൽ അൽപ്പം മുമ്പ് എത്തി ചേർന്നു എന്നുള്ള വിയോഗ വാർത്തയാണ് കേട്ടത്. ഏറെ ഞെട്ടലോടെയാണ് ആ വിയോഗ വാർത്ത ശ്രവിച്ചത്.
പ്രീയ കർത്തൃദാസി മോളി ജോർജ്..! പോയി വിശ്രമിച്ചു കൊൾക..! കാലാവസാനത്തിങ്കൽ അനേകം ക്രിസ്തു ഭക്തരോടൊപ്പം ഓഹരി പ്രാപിക്കാൻ എഴുന്നേറ്റ് വരുമ്പോൾ ഈ സഹോദരിയേയും ദർശിക്കാമെന്ന ദിവ്യ പ്രത്യാശ യോടെ വിട...!!!


