ആത്മഹത്യ ചെയ്യാൻ റാന്നിയിലെത്തിയ സ്റ്റീഫൻ!

ആത്മഹത്യ ചെയ്യാൻ റാന്നിയിലെത്തിയ സ്റ്റീഫൻ!

അനുഭവം

ആത്മഹത്യ ചെയ്യാൻ റാന്നിയിലെത്തിയ സ്റ്റീഫൻ!

ഷിബു മുള്ളംകാട്ടിൽ

ഞായറാഴ്‌ച ഉച്ചകഴിഞ്ഞ സമയം. ഇരുനിറമുള്ള ഒരു മെലിഞ്ഞ യുവാവ് ഞങ്ങളുടെ അരികിലെത്തി. സ്റ്റീഫൻ എന്ന് പരിചയപ്പെടുത്തി കൊണ്ട് തന്റെ ജീവിതകഥ പറഞ്ഞുതുടങ്ങി. സ്വദേശം ആലപ്പുഴ. അമ്മയുമായി പിണങ്ങി പിതാവ് നാടുവിട്ടു. ഇപ്പോൾ പോണ്ടിച്ചേരിയിലാണ്. അമ്മ വീണ്ടും വിവാഹിതയായതോടെ കുടുംബത്തിൽ ദുരിതകഥ തുടങ്ങി. രണ്ടാം അച്ഛന്റെ പീഡനം സഹിക്കവയ്യാതെ ഏക സഹോദരി തീവണ്ടിക്ക്  മുമ്പിൽ ചാടി ആത്മഹത്യ ചെയ്‌തു. തനിക്കു നേരെയും ക്രൂരമായ മർദ്ദനമാണ്. ഒടുവിൽ ആത്മഹത്യചെയ്യുവാൻ തീരുമാനിച്ചു. റാന്നിയിൽ പമ്പാനദിയിൽ ചാടി മരിക്കാം എന്ന ലക്ഷ്യത്തോടെയാണ് യാത്ര തിരിച്ചത്. ബസ് നെല്ലിക്കമണ്ണിൽ എത്തിയപ്പോൾ ഐ.പി.സി. താബോർ ഹാൾ എന്ന ബോർഡ് കണ്ടപ്പോൾ ഇവിടെ കയറണമെന്ന് തോന്നി!!

സ്റ്റീഫന്റെ അനുഭവകഥ ഞങ്ങളെ ചിന്തിപ്പി ക്കുകയും ഭീതിപ്പെടുത്തുകയും ചെയ്തു. ആത്മ ഹത്യക്ക് ഇറങ്ങി പുറപ്പെട്ട ഒരു യുവാവിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുവാൻ ഞങ്ങൾ ശ്രമം ആരംഭിച്ചു. ജീവിതം നശിപ്പിച്ച് കളയുവാൻ ഉള്ളതല്ലെന്നും ദൈവത്തിന് നിന്നെ ക്കുറിച്ച് ഒരു പദ്ധതിയുണ്ടെന്നും യുവ സഹോ ദരങ്ങളായ ഞങ്ങൾ അവനെ ഓർമ്മിപ്പിച്ചു.

സഭാ ശുശ്രൂഷകൻ പാസ്റ്റർ പി ഐ ജോർജുകുട്ടിയും സ്റ്റീഫനെ വചനത്തിൽ ഉറപ്പിച്ചു. ഞങ്ങളുടെ വാക്കുകൾക്ക് പരിമിതിയുണ്ടെന്ന് തോന്നിയതിനാൽ സ്റ്റീഫനെ കൗൺസിലിങിന് വിധേയനാക്കുവാൻ തീരുമാനിച്ചു.  തിരുവല്ലയിലുള്ള ഒരു പ്രമുഖ ക്രിസ്‌ത്യൻ കൗൺസിലറിന്റെ വീട്ടിലെത്തി. യാത്രക്കിടയിൽ സ്റ്റീഫൻ രക്ഷപ്പെടുവാൻ ശ്രമം നടത്തിയെങ്കിലും ഞങ്ങൾ തടഞ്ഞു. മണിക്കൂറുകൾ നീണ്ട അഭിമുഖത്തിനുശേഷം പുഞ്ചിരിക്കുന്ന മുഖവുമായി കൗൺസി ലറും, സ്റ്റീഫനും മുറിയിൽ നിന്നും പുറത്തിറങ്ങി “സ്റ്റീഫൻ ഇപ്പോൾ പുതിയ സൃഷ്‌ടി ആയി രിക്കുന്നു. ഇനി ഒരിക്കലും അവൻ ആത്മഹത്യ ചെയ്യുകയില്ല." നൂറുകണക്കിനാളുകൾ ക്ക് നേർവഴി കാണിച്ച് ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്ന അനുഭവപരിചയമുള്ള ആ കൗൺസിലറിൻ്റെ വാക്കുകൾ ദൃഡമായിരുന്നു.

പോണ്ടിച്ചേരിയിലുള്ള തൻ്റെ പിതാവിന്റെ അടുക്കലേക്ക് പോകുവാനാണ് താല്പ‌ര്യമെന്ന് സ്റ്റീഫൻ പറഞ്ഞു. തിരുവല്ല ട്രാൻസ്പോർട്ട് ബസ്റ്റാൻഡിന് സമീപമുള്ള തട്ടുകടയിൽ നിന്നും സ്റ്റീഫനും ഞങ്ങളും ഭക്ഷണം കഴിച്ചു. യാത്രാക്കൂലിക്കായും മറ്റും പണം നൽകി സ്റ്റീഫനെ യാത്രയയച്ചു. പോണ്ടിച്ചേരിയിൽ എത്തിയാലുടൻ വിവരമറിയിക്കണമെന്ന് പറഞ്ഞ് എൻ്റെ വിലാസവും നൽകി. നീണ്ട മണിക്കൂറുകൾ  പിന്നിട്ട ഒരു 'ഓപ്പറേഷൻ' വിജയിച്ചു എന്ന ആത്മസംതൃപ്തിയോടെ റാന്നിയിലേക്ക് മടങ്ങുമ്പോൾ നേരം പുലർന്നിരുന്നു. ഭൂലോകത്തേക്കാൾ വിലയുള്ളതാണ് ഒരാത്മാവ് എന്നത് ഞങ്ങളിൽ ആഹ്ലാദം പകർന്നു.

സ്റ്റീഫന്റെ വിവരങ്ങൾ അറിയുവാൻ ഞങ്ങൾ കാത്തിരുന്നു. ഒരു ടെലിഫോൺ കോൾ, അല്ലെങ്കിൽ തപാലിലൂടെ ഒരു കത്ത്! മാസങ്ങൾ കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. ഞങ്ങൾ കബളിപ്പിക്കപ്പെട്ടതാണോ എന്ന ചിന്തയും മനസ്സിനെ അലട്ടി. അങ്ങനെ സംഭവിക്കുവാൻ സാധ്യതയില്ല; കാരണം പ്രഗത്ഭനായ  കൗൺസിലർക്ക് തെറ്റുപറ്റുകയില്ല!

സ്റ്റീഫൻ പറഞ്ഞതനുസരിച്ച് ആലപ്പുഴയിലെ ഭവനത്തെക്കുറിച്ച് അന്വേഷിക്കുവാൻ തീരുമാനിച്ചു. ചെറുപ്പത്തിന്റെ ചോരതിളപ്പിൽ സുഹൃത്തുക്കളായ പി.വി. രാജു, ഷാജി വിളയിൽ, ജെറാൾഡ് തോമസ് ഈപ്പൻ എന്നിവരോടൊപ്പം ബൈക്കിൽ സഞ്ചരിച്ച് ആലപ്പുഴയിലെത്തി. കയർ നിർമ്മാണമേഖ ലയെക്കുറിച്ച് പഠിക്കുവാൻ വന്ന പത്രപ്രവർത്തകർ എന്ന വേഷത്തിൽ നിരവധി വീടുകൾ കയ റിയിറങ്ങി. സമഗ്രമായ അന്വേഷണം നടത്തിയെങ്കിലും സ്റ്റീഫൻ പറഞ്ഞ വീടോ, കഥകളോ ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. ഞങ്ങൾ തട്ടിപ്പിനിരയായി എന്ന് ഉറപ്പിച്ചുകൊണ്ടുതന്നെ അവിടെനിന്നും മടങ്ങി.

ഒരുവർഷത്തിനുശേഷം തികച്ചും അപ്രതീ ക്ഷിതമായി അത് സംഭവിച്ചു. കുമ്പനാട്ടുള്ള എന്റെ അമ്മവീടിൻ്റെ സമീപത്തുവെച്ച് സ്റ്റീഫനെ കണ്ടുമുട്ടി. എന്നിൽ നിന്നും ഓടി ഒളിക്കുവാൻ ശ്രമിച്ചെങ്കിലും ഞാൻ  ബലമായി പിടിച്ചു. ഒടുവിൽ സംഭവിച്ചതെല്ലാം അവൻ തുറന്നു പറഞ്ഞു. “ചേട്ടൻ എന്നോട് ക്ഷമിക്കണം. എൻ്റെ പേര് സ്റ്റീഫൻ എന്നല്ല. ഞാൻ നിങ്ങളെ കബളിപ്പിക്കുകയായിരുന്നു. ആരാധനാ ലയങ്ങൾ കേന്ദ്രീകരിച്ച് ചെറിയ ചെറിയ തട്ടിപ്പു കൾ നടത്തുക എന്നതാണ് എന്റെ രീതി. ഇപ്പോൾ ഇവിടെയുള്ള പെന്തെക്കോസ്ത് മിഷ നിൽ പോയിട്ടു വരുകയാണ്. ഞാൻ പറയുന്ന കഥകൾ കേൾക്കുമ്പോൾ നിങ്ങൾ വിശ്വസിക്കും. സഹതാപം തോന്നി പണവും ഭക്ഷണവും തരും. അങ്ങനെയാണ് എൻ്റെ ജീവിതം. ഞാൻ നിങ്ങളോട് പറഞ്ഞതു ഒരു സംഭവകഥയാണ്. പക്ഷേ എന്റെതല്ലെന്ന് മാത്രം. എന്നെ വേണമെങ്കിൽ പോലീസിൽ ഏല്‌പിച്ചോ. ആർക്കും വേണ്ടാത്ത എന്നെ ചില മണിക്കൂറുകൾ കഴിയു മ്പോൾ അവർ പുറത്തു വിടും."

അവൻ ഒടുവിൽ പറഞ്ഞത് മറ്റൊരു കഥയാണോ എന്ന് അറിയില്ല! എന്തായാലും കുറെ സമയമെടുത്ത് ഞാൻ അവനെ ഗുണദോഷിച്ചു. ഇനിയൊരിക്കലും തട്ടിപ്പുകൾ നടത്തി ല്ലെന്ന് അവൻ തീരുമാനമെടുത്തു. അതിൽ ഉറച്ചുനിൽക്കാൻ  കഴിയണമേ എന്നു  പ്രാർത്ഥിച്ചു ഞങ്ങൾ പിരിഞ്ഞു.

ഈ സംഭവം കാൽ നൂറ്റാണ്ടു പിന്നിടുമ്പോഴും യാത്രക്കിടയിൽ ഇപ്പോഴും ഞാൻ അവനെ തിരയാറുണ്ട്. ഒരിക്കൽകൂടി കണ്ടിരുന്നു എങ്കിൽ...