ട്രംപിസം: ആഗോള മാറ്റങ്ങൾ
ട്രംപിസം: ആഗോള മാറ്റങ്ങൾ
സാം ടി. സാമുവേൽ
അമേരിക്കൻ പ്രെസിഡന്റായി ഡൊണാൾഡ് ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ട്രംപിന് അനുകൂലമായി ലഭിച്ച വോട്ടുകളേക്കാൾ ബൈഡൻ സർക്കാരിനോടുള്ള ഭരണവിരുദ്ധ വികാരമാണ് തെരെഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. കഴിഞ്ഞ നാല് വർഷം ബൈഡന്റെ വൈസ് പ്രെസിഡന്റായി ഭരണത്തിൽ പങ്കാളിയായ കമല ഹാരിസിനിനെതിരായിരുന്നു ജനവികാരം. മാത്രമല്ല അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നതിനോട് മാനസികമായി പൊരുത്തപ്പെടാൻ ജനങ്ങളിൽ ഒരുവിഭാഗത്തിനു ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ചും ഒരു കറുത്തവർഗ്ഗക്കാരി.
ട്രംപിന്റെ വിജയത്തിൻറെ അനന്തരഫലങ്ങൾ യുഎസ് അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിച്ച് ആഗോള രാഷ്ട്രീയ സാമ്പത്തിക സംവിധാനങ്ങളിൽ വലിയ ഒരു മാറ്റത്തിനു വഴിവെക്കും എന്നകാര്യത്തിൽ സംശയമില്ല. അന്താരാഷ്ട്ര ബന്ധങ്ങൾ മുതൽ വ്യാപാരം, കുടിയേറ്റം, കാലാവസ്ഥാ നയം, സൈനിക സഖ്യങ്ങൾ എന്നിവയിൽ ആഴത്തിലുള്ള സ്വാധീനം അതു ചെലുത്തുകയും ചെയ്യും.
കഴിഞ്ഞ ഭരണകാലത്തെപോലെ അമേരിക്കൻ വ്യവസായങ്ങൾക്ക് മുൻഗണന നൽകി ആഭ്യന്തര ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന വ്യാപാര നയങ്ങളായിരിക്കും ട്രംപ് പിന്തുടരുക. പ്രത്യേകിച്ച് ചൈനയുമായുള്ള വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കാൻ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് കൂടുതൽ തീരുവകൾ ഏർപ്പെടുത്തുമെന്ന് അദ്ദേഹം നിരവധി പ്രാവശ്യം പറഞ്ഞുകഴിഞ്ഞു. എന്നുമാത്രമല്ല ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങൾക്കും താരിഫുകളോ മറ്റ് നിയന്ത്രണങ്ങളോ ഏർപ്പെടുത്താനും അദ്ദേഹത്തിന് ആലോചനയുണ്ട്. അങ്ങനെ ഒരു നീക്കം ഉണ്ടായാൽ അത് ആഗോള വിതരണ ശൃംഖലയെ തടസ്സപ്പെടുത്താനുള്ള സാധ്യതയേറെയാണ്. മറ്റ് രാജ്യങ്ങൾ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ അമേരിക്കയിൽ നിന്നും വാങ്ങുന്ന ഉല്പന്നങ്ങൾക്കു താരിഫുകൾ നടപ്പിലാക്കി പ്രതികാരം ചെയ്തുഎന്നുവരാം. അത് ആഗോള സാമ്പത്തിക പിരിമുറുക്കത്തിലേക്കും വ്യാപാര യുദ്ധത്തിലേക്കും നയിക്കും ചുരുക്കത്തിൽ ലോകവ്യാപകമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ആഗോള വളർച്ചയെ തടസ്സപ്പെടുത്തുകയും അന്താരാഷ്ട്ര വ്യാപാര സംവിധാനങ്ങളെ പുനർ നിർവ്വചിക്കുകയും ചെയ്യുന്ന നയങ്ങളായിരിക്കും ട്രംപ് പിന്തുടരുക.
ട്രംപിൻറെ ഒന്നാമത്തെ ഭരണത്തിൻ കീഴിൽ, അദ്ദേഹം നാറ്റോ സൈനിക സഖ്യകക്ഷികളുമായി പലപ്പോഴും ഏറ്റുമുട്ടി. ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര സംഘടനകൾക്കുള്ള യുഎസ് സാമ്പത്തിക സഹായം നിർത്തിവെക്കുമെന്നു ഭീഷണി മുഴക്കി. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരീസ് അന്തർദേശീയ ഉടമ്പടിയിൽ നിന്നും പിന്മാറി. ഇറാനുമായി ഉണ്ടായിരുന്ന ആണവകരാർ റദ്ദുചെയ്തു. മറ്റു ചില രാജ്യങ്ങളുമായുണ്ടായിരുന്ന സ്വതന്ത്ര വ്യാപാരകരാറുകൾ അവസാനിപ്പിച്ചു. അപ്പോൾ തന്നെ റഷ്യയിലെ പുടിൻ, ഉത്തര കൊറിയയിലെ കിം ജോങ് യുൻ, ഹംഗറിയിലെ വിക്ടർ ഓർബൻ തുടങ്ങിയ ഏകാധിപതികളുമായി ട്രംപ് ചങ്ങാത്തം പുലർത്തി. ഇതെല്ലം അമേരിക്കയെ ലോക രാഷ്ട്രങ്ങളുടെ ഇടയിൽ ഒറ്റപ്പെടുത്തുകയും സൗഹൃദ രാജ്യങ്ങളിൽ ആശങ്ക ഉളവാക്കുകയും ചെയ്തു. രണ്ടാം ഊഴത്തിലും ട്രംപ് ഇതേ നയങ്ങൾ തന്നെ തുടരാനാണു സാധ്യത.
ആഗോള കാലാവസ്ഥാവ്യതിയാനത്തിനു കാരണമാകുന്ന അന്തരീക്ഷ മലിനീകരണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യമാണ് അമേരിക്ക. എന്നാൽ കാലാവസ്ഥാവ്യതിയാനം വെറും തട്ടിപ്പാണെന്ന അഭിപ്രായമാണ് ട്രംപിനുള്ളത്. അതുകൊണ്ടുതന്നെ ഹരിതഗൃഹ വാതക മലിനീകരണത്തിനു കാരണമാകുന്ന കൽക്കരി, ഓയിൽ മുതലായവയുടെ ഉപയോഗം കുറക്കാനുള്ള നടപടികൾ നിർത്തിവെക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി കാറ്റാടി, സൗരോർജ്ജം, ജലവൈദ്യുത ഊർജ്ജം മുതലായ പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്ന നയമായിരിക്കും ട്രംപ് പിന്തുടരുക. പകരം ആഭ്യന്തര ജൈവഇന്ധന ഉൽപ്പാദനം പരമാവധി വർദ്ധിപ്പിക്കാൻ നടപടികൾ സ്വീകരിക്കും.
ട്രംപിൻറെ വിജയം ദേശീയതയ്ക്ക് മുൻഗണന നൽകുന്ന, പരമ്പരാഗത ജനാധിപത്യ മൂല്യങ്ങൾ നിരസിക്കുന്ന, ആഗോളതയെ ചെറുക്കുന്ന നേതാക്കൾക്കു ഊർജ്ജം പകരും എന്ന കാര്യത്തിൽ സംശയമില്ല. ഈ മാറ്റം പല രാജ്യങ്ങളിലും വർദ്ധിച്ചുവരുന്ന വംശീയ ധ്രുവീകരണത്തിനും കുടിയേറ്റ വിരുദ്ധ നയങ്ങളുടെ വർദ്ധനവിനും ഇടയാക്കും. ഇതുമൂലം പലയിടത്തും ജനാധിപത്യം വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ബഹുസ്വരതയെയും അന്താരാഷ്ട്ര സഹകരണത്തെയും കൂടുതൽ പ്രതികൂലമായി സ്വാധീനിക്കുകയും ചെയ്യും. അമേരിക്കയിലുള്ള എല്ലാ അനധികൃത കുടിയേറ്റക്കാരെയും നാടുകടത്തുമെന്ന വാഗ്ദാനം നൽകിയാണ് ട്രംപ് ഭരണത്തിൽ തിരിച്ചുവന്നത്. 12 ദശലക്ഷത്തോളം വരുന്ന അനധികൃത താമസ്സക്കാരെയും അഭയാർത്ഥികളെയും തിരഞ്ഞുപിടിച്ചു നാടുകടത്താൻ അനേകവർഷത്തെ അധ്വാനവും വലിയ പണച്ചിലവും വേണ്ടിവരും. കർശനമായ ഇമിഗ്രേഷൻ നയങ്ങൾ നടപ്പിലാക്കി, നീയമാനുശ്രുത കുടിയേറ്റത്തെ പോലും നിയന്ത്രിക്കാനും സംഘർഷഭരിതമായ പ്രദേശങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്കു യാത്രാവിലക്ക് ഏർപ്പെടുത്താനും ട്രംപിന് പദ്ധതിയുണ്ട്.
പ്രസിഡൻറ് സ്ഥാനത്തേക്കുള്ള ഡൊണാൾഡ് ട്രംപിൻറെ തിരിച്ചുവരവ് ആഗോളതലത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും. ക്രിസ്ത്യൻ ദേശീയ പരമാധികാരത്തിൽ അധിഷ്ഠിതമായ അദ്ദേഹത്തിൻറെ നേതൃത്വ ശൈലി ഒരുപക്ഷെ ആഗോള സഹകരണത്തിന് തടസ്സമായേക്കാവുന്ന ഒറ്റപ്പെടലിനും കൂടുതൽ ധ്രുവീകരണത്തിനും കാരണമായേക്കാം. അപ്പോൾ തന്നെ, പുടിനുമായും യിസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ട്രംപിനുള്ള സൗഹൃദവും സ്വാധീനവും പ്രയോജനപ്പെടുത്തി ഉക്രെയിൻ യുദ്ധവും ഗാസസംഘർഷവും അവസാനിപ്പിക്കാനുള്ള സാദ്ധ്യതയും തെളിഞ്ഞു വരുന്നുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ട്രംപിന് നല്ല ബന്ധമാണുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ വ്യാപാര ഇടപാടുകൾ അടുത്ത നാളുകളിൽ കൂടുതൽ ശക്തിപ്പെടുമെന്നു പ്രതീക്ഷിക്കാം.
Advertisement