വേർഡ് ഫെസ്റ്റിൽ അത്ഭുതമായി ഏഴു വയസുകാരി ഇവാനിയ ഏയ്ഞ്ചൽ
ഷാജൻ ജോൺ ഇടയ്ക്കാട്
തിരുവനന്തപുരം കൊണ്ണിയൂർ എ.ജി സഭയിൽ ജൂൺ 14 ശനിയാഴ്ച ഇവാനിയ ഏയ്ഞ്ചൽ എന്ന കൊച്ചുമിടുക്കി വാക്യം ചൊല്ലലിൽ വീണ്ടും അത്ഭുതം സൃഷ്ടിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് തിരുവനന്തപുരം മേഖലാ കമ്മിറ്റി നേതൃത്വം നല്കിയ 'വേർഡ് ഫെസ്റ്റി'ലാണ് ഇവാനിയ ഏയ്ഞ്ചൽ വീണ്ടും വിസ്മയമായത്.മുക്കാൽ മണിക്കൂർ സമയം കൊണ്ട് ഏറ്റവും അധികം വാക്യം ചൊല്ലുന്ന കുട്ടിക്കാണ് വേർഡ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം ലഭിക്കുക.
അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം. ബിഗിനർ, പ്രൈമറി കുട്ടികൾ വാക്യം ചൊല്ലുകയും ജൂനിയർ, ഇൻറർമീഡിയറ്റ്, സീനിയർ കുട്ടികൾ വാക്യം എഴുതുകയുമാണ് വേണ്ടത്. ഈ വർഷവും ഏറ്റവും അധികം വാക്യം ചൊല്ലിയത് ഈ ഏഴു വയസുകാരിയാണ്. എല്ലാ വിഭാഗങ്ങൾ നോക്കുമ്പോഴും ഏറ്റവും അധികം വാക്യം മന:പാഠമാക്കി അവതരിപ്പിച്ചത് ഇവാനിയയാണ്. അര മണിക്കൂർ സമയം കൊണ്ടാണ് അഞ്ഞൂറ്റിയഞ്ച് വാക്യം മന:പാഠമായി ചൊല്ലി അത്ഭുതമായത്.
തിരുവനന്തപുരം ഈസ്റ്റ് സെക്ഷനിൽ ചീനിവിളയിൽ പയനിയർ പ്രവർത്തനം നടത്തി സഭയ്ക്ക് ശക്തമായ അടിത്തറയിട്ട പാസ്റ്റർ ആർ.വൈശാഖിൻ്റെ മൂത്തമകളാണ് ഇവാനിയ എഞ്ചൽ. മാതാവ് ജെ.എസ്. ഷൈനിമോൾ. ഇവാനാ ഏഞ്ചൽ എന്ന അനിയത്തിയുമുണ്ട്. മാറാനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ജൂൺ എട്ടിന് സെക്ഷൻ തലത്തിൽ നടന്ന മത്സരത്തിൽ മുന്നൂറ്റിതൊണ്ണൂറ് വാക്യങ്ങൾ പറഞ്ഞു പ്രൈമറിയിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. മർക്കൊസ്, 1 കൊരിന്ത്യർ എന്നീ പുസ്തകങ്ങളിൽ നിന്നുമായിരുന്നു ഇത്തവണ വാക്യം പറയേണ്ടിയിരുന്നത്. വാക്യം പറഞ്ഞാൽ മാത്രം പോര വേഗത്തിൽ പറയുവാൻ പരിശീലിച്ചെങ്കിലെ വിജയിയാകുവാൻ കഴിയൂ എന്നതും വേർഡ് ഫെസ്റ്റിൻ്റെ പ്രത്യേകതയാണ്.

പിതാവ് പാസ്റ്റർ വൈശാഖ് മേൽനോട്ടം വഹിക്കുമ്പോൾ മാതാവ് ഷൈനിമോൾ അത്യുത്സാഹത്തോടെ മകളെ പരിശീലിപ്പിച്ചു. കുടുംബമായി ചർച്ച ചെയ്ത് പ്ലാൻ ഉണ്ടാക്കി. ഓരോ ദിവസവും ടാർഗറ്റ് സെറ്റ് ചെയ്തു പരിശീലിപ്പിച്ചു. ഓഡിയോ ബൈബിളിൻ്റെയും വേഗം കൂട്ടുവാൻ വേണ്ടി മാതാപിതാക്കൾ വേഗം കൂട്ടി ഓഡിയോ ക്ലിപ്പുകൾ ഉണ്ടാക്കി ഇവാനിയായെ പരിശീലിപ്പിച്ചു.
മാതാപിതാക്കളെക്കാൾ ഇവാനിയ ഉത്സാഹവതിയായതിനാലാണ് ചുരുങ്ങിയ സമയം കൊണ്ട് ഇത്രമാത്രം വാക്യം ഹൃദിസ്ഥമാക്കുവാൻ കഴിഞ്ഞതെന്ന് പാസ്റ്റർ വൈശാഖും മാതാവ് സിസ്റ്റർ ഷൈനിയും പറഞ്ഞു.
കഴിഞ്ഞ വർഷം ബിഗിനർ വിഭാഗത്തിലായിരുന്ന ഇവാനിയ എല്ലാവരെയും പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഈ വർഷം പ്രൈമറി വിഭാഗത്തിലേക്ക് പ്രവേശിച്ച ഇവാനിയ ആ വിഭാഗത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയുമായിരുന്നു.
ബിഗിനറിൽ 420 വാക്യം പറഞ്ഞ് ഒന്നാം സ്ഥാനം നേടിയ ആശേർ ശരണും, 382 വാക്യം പറഞ്ഞ് രണ്ടാം സ്ഥാനം നേടിയ ഗ്രേസ്.എൽ.കിരണും, പ്രൈമറിയിൽ 454 വാക്യം പറഞ്ഞ് മൂന്നാം സ്ഥാനം നേടിയ അൻസ ശരണും, ചീനിവിള സഭാംഗങ്ങളാണ്. കൂടാതെ ബിഗിനറിൽ 214 വാക്യം പറഞ്ഞ് ഇവാന.സി.ജി യും സീനിയര്‍ ഗ്രേഡിൽ 158 വാക്യം എഴുതി പ്രിജിതരാജ്.പി.വി യും ചീനിവിള സഭയിൽ നിന്നും പ്രോത്സാഹന സമ്മാനത്തിന് അർഹരാകുകയും ചെയ്തു.
നാല്പത് ദിവസത്തെ ഉപവാസ പ്രാർത്ഥനയും വി.ബി.എസും ഒക്കെ നടത്തുന്ന തിരക്കുകൾക്കിടയിലും പാസ്റ്റർ വൈശാഖിൻ്റെ നേതൃത്വത്തിൽ രക്ഷിതാക്കളും സഭയും ക്രമീകൃതമായ രീതിയിൽ വാക്യം പഠിപ്പിക്കുവാൻ സമയം കണ്ടെത്തി കുട്ടികളെ വേർഡ് ഫെസ്റ്റിനൊരുക്കിയത്. കുട്ടികൾക്ക് രസകരമാകുന്ന രീതിയിലുള്ള സ്ട്രാറ്റജികളും അവർ തയ്യാറാക്കി.
മേഖലാ സൺണ്ടേ സ്കൂൾ കമ്മിറ്റിയാണ് കുട്ടികളുടെ അവധിക്കാലം വചനത്താൽ സമ്പന്നമാക്കുന്ന 'വേർഡ് ഫെസ്റ്റ്' എന്ന ആശയവുമായി മുന്നിട്ടിറങ്ങിയത്. തിരുവനന്തപുരം മേഖലയിലെ സഭകൾ ആഘോഷപൂർവമാണ് വേർഡ് ഫെസ്റ്റിൽ പങ്കെടുക്കുന്നത്.
ഈ കൊച്ചു മിടുക്കിയെ അഭിനന്ദിക്കുവാൻ 95440 15620 എന്ന നമ്പരിൽ സന്ദേശം അയക്കാവുന്നതാണ്.
Advertisement




















































