കസേരക്കളികൾ
ഉള്ളറിവ്
നല്ല തിരക്കുള്ള ബസിൽ യാത്ര ചെയ്യുകയാണ് വയോധികൻ. ഇരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ആരും എഴുന്നേൽക്കുന്നില്ല. ഒരാൾക്കിറങ്ങേണ്ട സമയമായപ്പോൾ ആ സീറ്റിനരികിൽ നിന്ന യുവാവ് വയോധികനെ വിളിച്ചുവരുത്തി അവിടെയിരുത്തി. പിന്നീട് പലതവണ അയാൾ നിൽക്കുന്നതിനടുത്തുള്ള സീറ്റുകളിൽനിന്ന് ആളുകളിറങ്ങിയെങ്കിലും അപ്പോഴെല്ലാം അയാൾ മറ്റുള്ളവർക്കു സീറ്റ് നൽകി. ഇറങ്ങാറായപ്പോൾ വയോധികൻ അയാളോടു ചോദിച്ചു: താങ്കൾ ക്ഷീണിതനാണെന്നു കണ്ടാലറിയാം. എന്നിട്ടും താങ്കളെന്താണു മറ്റുള്ളവർക്കു സീറ്റ് നൽകുന്നത്. അയാൾ പറഞ്ഞു: ആരെങ്കിലും എന്നോടു പണം ചോദിച്ചാൽ നൽകാൻ എന്റെ കയ്യിലില്ല. അറിവ് ചോദിച്ചാലുമില്ല. ഞാൻ സീറ്റ് നൽകുമ്പോൾ അവരുടെ കണ്ണുകളിൽ കാണുന്ന നന്ദിയുടെ തിളക്കമുണ്ട്. അതുമതി എന്റെ ദിവസം ശ്രേഷ്ഠമാകാൻ.
ഇരിപ്പിട സംരക്ഷണം ഈഗോ സംരക്ഷണ നാടകങ്ങളിലെ ശക്തമായ ഒരേടാണ്, അതു സിംഹാസനമായാലും ചാരുകസേരയായാലും. ആത്മാഭിമാനവും പരസ്പര ബഹുമാനവുമെല്ലാം ഇരിപ്പിടവുമായി ഭംഗിയായി കോർത്തിണക്കപ്പെട്ടിട്ടുണ്ട്. എന്നോടൊന്ന് ഇരിക്കാൻ പറഞ്ഞില്ല, ഇരുന്നിടത്തുനിന്ന് എഴുന്നേൽപിച്ചു വിട്ടു, എന്നെ കണ്ടിട്ട് അവർ ഒന്നെഴുന്നേറ്റു പോലുമില്ല തുടങ്ങിയ എല്ലാ പരിഭവങ്ങൾക്കും പിന്നിൽ നഷ്ടപ്പെട്ടതോ ലഭിക്കാതെ പോയതോ ആയ ആദരവിന്റെ വേദനയുണ്ട്.
കസേരകൾ ആത്മകഥയെഴുതിയാൽ അതിന്റെ ഉള്ളടക്കം മാത്സര്യത്തിന്റെയും താൻപോരിമയുടേതുമായിരിക്കും. കിട്ടിയ സീറ്റ് നഷ്ടപ്പെടാതിരിക്കാൻ എന്തൊക്കെ വിക്രിയകളിൽ ആളുകൾ ഏർപ്പെടും. ബസിലെ സീറ്റിൽ തൂവാലയിടുന്നതും അധികാരക്കസേരയുടെ കാലാവധി ആജീവനാന്തമാക്കാൻ ശ്രമിക്കുന്നതും ഇരിപ്പിടസുഖത്തിന്റെ ഇരുപുറങ്ങളാണ്. സീറ്റ് നിഷേധിക്കപ്പെടുമ്പോൾ ക്ഷതമേൽക്കുന്നതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്കു മാത്രമല്ല, നിന്നു യാത്ര ചെയ്യുന്നവർക്കും കൂടിയാണ്. സാധാരണക്കാരല്ല ആരും, എന്തെങ്കിലുമർഥത്തിൽ സ്ഥാനമോഹികളാണ് എല്ലാവരും. മുൻകൂട്ടി സീറ്റുകൾ റിസർവ് ചെയ്യാനുള്ള സൗകര്യം എല്ലായിടങ്ങളിലുമില്ലല്ലോ.
Advertisement

















































