പുത്രൻ നൽകുന്ന സാക്ഷാൽ സ്വാതന്ത്ര്യം
റവ.ജോർജ് മാത്യു പുതുപ്പള്ളി
ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചിട്ട് ഒരു വർഷം കൂടി പിന്നിട്ടു. സ്വാതന്ത്ര്യം പ്രാണവായുവിനു തുല്യമാണെന്ന് ചിന്തകന്മാർ പറഞ്ഞിട്ടുണ്ട്. സ്വർണക്കൂട്ടിൽ വളർത്തുന്ന തത്തയാണെങ്കിലും പാരതന്ത്ര്യത്തിന്റെ ബുദ്ധിമുട്ടിലായിരിക്കും ജീവിക്കുക.
ഭരണഘടന നമുക്കു നൽകുന്ന സ്വാതന്ത്ര്യത്തിനും പരിമിതികളുണ്ട്. നമ്മുടെ വലത്തെ കയ്യുടെ ചൂണ്ടുവിരൽ നമുക്കുചുറ്റും വീശാൻ നമുക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ ചൂണ്ടുവിരലിന്റെ അറ്റം മറ്റൊരാളുടെ മൂക്കിൻതുമ്പത്തു മുട്ടിയാൽ നമ്മുടെ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടും. നമ്മുടെ വീടിന്റെ മതിൽക്കെട്ടിനുള്ളിൽ എന്തും ചെയ്യാൻ നമുക്ക് അവകാശമുണ്ട്. എന്നാൽ നമ്മുടെ തെങ്ങിലെ ഉണങ്ങിയ ഓലമടൽ അയൽവീട്ടുകാരന്റെ തലയിൽ വീണാൽ നമ്മുടെ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടും.
ലോകം നൽകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഭക്തൻ പറഞ്ഞിരിക്കുന്ന ഉദാഹരണം ഇങ്ങനെ : 'ഒരു പാമ്പിന്റെ വായിൽ ഒരു തവള അകപ്പെട്ടിരിക്കുന്നു. തവളയുടെ തലയും മുൻകാലുകളും ഒഴികെയുള്ള ഭാഗങ്ങൾ പാമ്പ് വിഴുങ്ങിക്കഴിഞ്ഞു. അപ്പോഴും തന്റെ മുമ്പിലൂടെ പറന്നു നടക്കുന്ന ഒരു പ്രാണിയെ പിടിക്കാൻ തവള തിടുക്കം കൂട്ടുകയാണ്.'
ലോകപരമായ എല്ലാ സ്വാതന്ത്ര്യങ്ങളും അപൂർണ്ണങ്ങളാണ്. ഇവിടെയാണ് യേശുക്രിസ്തു നമുക്കു നൽകുന്ന സ്വാതന്ത്ര്യത്തിന്റെ മാഹാത്മ്യം നാം മനസിലാക്കേണ്ടത്. 'പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും' (യോഹന്നാൻ 8 : 36) എന്ന് യേശു തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു പറഞ്ഞു. പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യം, മരണഭയത്തിൽനിന്നുള്ള സ്വാതന്ത്ര്യം, ശാരീരികവും മാനസികവും ആത്മീയവുമായുള്ള രോഗബന്ധനങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യം എന്നിവ യേശുക്രിസ്തു മാനവജാതിക്കു നൽകി. ആകയാൽ യേശുവിലൂടെയുള്ള സ്വാതന്ത്ര്യം മാത്രമാണ് പൂർണ്ണമായ സ്വാതന്ത്ര്യമെന്ന് നാം തിരിച്ചറിയുന്നു.
സെന്റ് പോൾ നമ്മെ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു : 'സ്വാതന്ത്ര്യത്തിനായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി. ആകയാൽ അതിൽ ഉറച്ചുനിൽപ്പിൻ, അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുത്' (ഗലാത്യർ 5 : 1). ദൈവത്തിന്റെയും ദൈവജനത്തിന്റെയും നിത്യശത്രുവായ പിശാച് വിവിധതരത്തിലുള്ള കെണികൾ സൃഷ്ടിച്ച് ദൈവജനത്തെ അടിമകളാക്കുവാൻ ശ്രമിക്കുന്നു. ദൈവവചനത്തിൽ അടിയുറച്ച് വിശ്വസിക്കുകയും വിശുദ്ധ ജീവിതം നയിക്കുകയും ചെയ്ത് പിശാചിന്റെ തന്ത്രങ്ങളിൽ കുടുങ്ങാതെ രക്ഷപ്പെടുവാൻ വിശുദ്ധ ബൈബിൾ നമ്മെ ഉപദേശിക്കുന്നു.
യേശുക്രിസ്തുവിൽ ജീവിക്കുന്ന വ്യക്തിയാണ് യഥാർത്ഥ സ്വാതന്ത്ര്യം പ്രാപിച്ചവൻ. ഒരു തരത്തിലുള്ള അടിമത്തങ്ങൾക്കും അവൻ വിധേയനല്ല. അത്തരത്തിലുള്ള പൂർണ്ണ ആത്മീയസ്വാതന്ത്ര്യം പ്രാപിച്ചുവേണം നാം ഓരോരുത്തരും ഈ ഭൂമിയിൽ ജീവിക്കേണ്ടത്. അതിനായി പരിശുദ്ധാത്മാവിന്റെ സഹായം നമുക്ക് അത്യന്താപേക്ഷിതമത്രേ.
ചിന്തക്ക് : 'എളിയവരോടു സദ്വർത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കർത്താവിന്റെ ആത്മാവ് എന്റെ മേൽ ഇരിക്കുന്നു. ഹൃദയം തകർന്നവരെ മുറിവ് കെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിപ്പാനും യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദു:ഖിതന്മാരെയൊക്കെയും ആശ്വസിപ്പിക്കാനും, സീയോനിലെ ദു:ഖിതന്മാർക്കു വെണ്ണീറിനു പകരം അലങ്കാരമാലയും ദു:ഖത്തിനു പകരം ആനന്ദതൈലവും വിഷണ്ഡമനസിനു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവൻ എന്നെ അയച്ചിരിക്കുന്നു. അവൻ മഹത്വീകരിക്കപ്പെടേണ്ടതിന് അവർക്കു നീതിവൃക്ഷങ്ങൾ എന്നും യഹോവയുടെ നടുതല എന്നും പേരാകും. അവർ പുരാതനശൂന്യങ്ങളെ പണികയും പൂർവന്മാരുടെ നിർജ്ജനസ്ഥലങ്ങളെ നന്നാക്കുകയും തലമുറതലമുറയായി നിർജ്ജനമായിരുന്ന ശൂന്യനഗരങ്ങളെ കേടുപോക്കുകയും ചെയ്യും' (യെശയ്യാവ് 61 : 1...4).




