സഹോദരിമാരുടെ പ്രിയപ്പെട്ട അമ്മച്ചി

സഹോദരിമാരുടെ പ്രിയപ്പെട്ട അമ്മച്ചി

സഹോദരിമാരുടെ പ്രിയപ്പെട്ട അമ്മച്ചി

തയ്യാറാക്കിയത് : വിൻസി തോമസ്, കുമ്പനാട്

വെള്ളിയാഴ്ച പകൽ  ഉപവാസ പ്രാർത്ഥനക്കുശേഷം കുമ്പനാട്ടെ വീട്ടിൽ എന്നെയും കാത്തിരിക്കുകയായിരുന്നു സഹോദരിമാരുടെ പ്രിയപ്പെട്ട അമ്മച്ചി ഏലിയാമ്മ തോമസ്. സിറ്റ്ഔട്ടിൽ നിന്നും അകത്തേക്ക് കയറുമ്പോൾ അമ്മച്ചി  നിറഞ്ഞ പുഞ്ചിരിയോടെ ഇറങ്ങിവന്നു വാത്സല്യത്തോടെ കൈപിടിച്ച്  'ഗുഡ്ന്യൂസ് ' എത്തിയല്ലോയെന്നും പറഞ്ഞ്
കുറേ നാളത്തെ പരിചയക്കാരെ പോലെ എന്നോടു അടുത്തിരുന്നു ഓരോന്നും ചോദിച്ചു. 

ഒത്ത ആൾ പൊക്കം. തലമുടിയിഴകളെല്ലാം ബ്ലാക്ക് & വൈറ്റ്. കൺകളിലും ചുണ്ടുകളിലും നിറപുഞ്ചിരി. പ്രൗഡി നിറഞ്ഞ മുഖശോഭ. ശരീരവണ്ണം അല്പം കൂടിയതുകൊണ്ടാവാം ഓരോ ചുവടുവയ്ക്കുമ്പോഴും വഴുതിവീഴുമോ എന്ന ഭയം. പക്ഷെ വാക്കുകളിൽ മൃദുത്വവും ലാളിത്യവും. 
ഒത്തിരി പറയാൻ കാത്തിരിക്കുന്നതുപോലെ 
കുമ്പാനാട്ടെ  ആ തറവാട്ടിലിരുന്ന് എന്നോടെല്ലാം പറഞ്ഞു തുടങ്ങി. അപ്പോഴേക്കും ചൂടു കാപ്പിയുമായി അമ്മച്ചിയുടെ മകൾ സോളിച്ചേച്ചിയും മക്കളെല്ലാം വിദേശത്താണ്, ഞാൻ ഇവിടെ ഒറ്റയ്ക്കായതുകൊണ്ട് സോളിയെ നാട്ടിൽ വരുത്തിയതാ, 
ഇന്നത്തെ പ്രാർത്ഥന കഴിഞ്ഞാൽ ഞാൻ മകൾക്കൊപ്പം ഇടനാട്ടിലിലേക്കു പോകും.' 
സോളി ചേച്ചി തന്ന കാപ്പി നുകരുമ്പോഴേക്കും ആ മാതാവ് അടുത്ത സബ്ജറ്റിലേക്ക് കടന്നു.

ഇന്ത്യൻ പെന്തെക്കോസ്തു ദൈവസഭയുടെ മുതിർന്ന സുവിശേഷ പ്രവർത്തകയും സോദരി സമാജം സംസ്ഥാന പ്രസിഡൻ്റും മികച്ച സംഘാടകയുമായ ഏലിയാമ്മ തോമസിനെക്കുറിച്ച് ഗുഡ് ന്യൂസിലെഴുതണമെന്ന

ഗ്രഹമാണ് എന്നെ ഇവിടെയെത്തിച്ചത്.

'ഈ വീട്ടിൽ ഇപ്പോൾ ആരും താമസമില്ല. 
പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകളുണ്ട്. ഓർമ്മക്കുറവുണ്ട് എന്നൊക്കെ പറഞ്ഞെങ്കിലും ഓർമ്മകളിൽ നിന്നും ജീവിതത്തിലേക്ക് ഞങ്ങൾ നടന്നുനീങ്ങി.

തിരുവല്ല തോലശേരി ഭക്തൻ കുട്ടിയച്ചൻ എന്നറിയപ്പെട്ടിരുന്ന പ്രഗത്ഭനായ പാസ്റ്റർ കെ.എം ചാക്കോ - അന്നമ്മ ചാക്കോ ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയ മകളായിട്ടാണ് ഞാൻ ജനിച്ചത്. നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ കെ. സി. ജോൺ, മറിയാമ്മ ജോൺ എന്നിവരാണ് സഹോദരങ്ങൾ. 
പിതാവ് ഭക്തൻ കുട്ടിയച്ചൻ യാക്കോബായ സമുദായത്തിൽ നിന്നും പതിനേഴാം വയസിൽ, പാസ്റ്റർ കെ.ഇ എബ്രഹാം സാറിന്റെ അപ്പോസ്തോലിക ഉപദേശം അനുസരിച്ചു രക്ഷിക്കപ്പെടുകയും വിശ്വാസത്തിൽ വരുകയും തുടർന്ന് കല്ലിശ്ശേരിയിൽ ഒരു വീട് വാടകക്കെടുത്തു പ്രാർത്ഥനാലയം എന്ന പേരിൽ സുവിശേഷ പ്രവർത്തനങ്ങൾ ആരംഭിക്കുകയുമാ യിരുന്നു. ഒപ്പം തിരുവല്ല ആമല്ലൂരും പ്രവർത്തങ്ങൾ ആരംഭിച്ചു. വെമ്പാല കുട്ടിയച്ചൻ, കുറ്റൂർ കുട്ടിയച്ചൻ എന്നിവർ സഹപ്രവർത്തകരായിരുന്നു. 

എനിക്ക് പത്താം വയസിൽ രക്ഷിക്കപ്പെടുവാനും പതിനഞ്ചാം വയസിൽ പിതാവ് ഭക്തൻ കുട്ടിയച്ചന്റെ കൈക്കീഴിൽ സ്നാനമേല്കുവാനും ഭാഗ്യമുണ്ടായി, വിദ്യാഭ്യാസത്തിനു ശേഷം1964 ൽ  വടശ്ശേരിക്കര ഇവാഞ്ചലിക്കൽ ചർച്ച് വിശ്വാസികളായിരുന്ന എബ്രഹാം മറിയാമ്മ ദമ്പതികളുടെ മകൻ പാസ്റ്റർ പി.എ തോമസുമായി വിവാഹം നടന്നു. ഞങ്ങൾ രണ്ടുപേരും ഹെബ്രോൻ ബൈബിൾ കോളേജിൽ തിരുവചന പഠനം പൂർത്തിയാക്കിയിരുന്നു.

അമ്മച്ചിയും അപ്പച്ചനും ഏതു കോഴ്സ് ആണ് ചെയ്തത് ? ഞാൻ അത് ചോദിക്കുമ്പോൾ അമ്മച്ചി ചിരിച്ചു
മക്കളെ അന്ന് അങ്ങനെയൊന്നും ഇല്ല. എല്ലാവരും പഠിക്കുന്നത് ബൈബിൾ ക്ലാസ് എന്ന് മാത്രമേ പറയു. ഇപ്പോഴല്ലേ CTh BTh, M.Div എന്നൊക്കെ വന്നത്. ഞങ്ങളുടെ കാലത്തു അതൊന്നും ഉണ്ടായിരുന്നില്ല. 
  
പിന്നീട് ദൈവം നാല് മക്കളെ നൽകി. മകൻ എബ്രഹാം തോമസ്  (സാബു സിയാറ്റിൽ ), സാലി , സോളി , സോഫി എന്നിവരാണ് മക്കൾ.

ദൈവസാന്നിധ്യം അനുഭവിച്ചറിഞ്ഞ നിരവധി സാഹചര്യങ്ങൾ വിശ്വാസ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. എന്റെ മകൻ ജനിക്കുമ്പോൾ ഇരട്ടകളായിരുന്നു. ഒരു കുഞ്ഞു പതിനാറാമത്തെ ദിവസം മരിച്ചു. അടുത്ത കുഞ്ഞും മരണത്തോട് മല്ലടിക്കുന്ന സമയത്തു എന്റെ പിതാവ് ദർശനം പ്രാപിച്ചു ഞങ്ങളുടെ ഭവനത്തിലേക്കു കടന്നു വരുകയും പ്രാർത്ഥനയുടെ ഫലമായി കുഞ്ഞു വിടുതൽ പ്രാപിക്കുകയും ചെയ്തു. രണ്ടാമത്തെ മകൾ ഏഴാമത്തെ വയസിൽ പോളിയോ ബാധിച്ചു. ഒരു ഞായറാഴ്ച വൈകിട്ട് മരിച്ച അവസ്ഥയിൽ ആയി. എന്നാൽ ദൈവമക്കൾ വന്നു പ്രാർത്ഥിക്കുകയും അത്ഭുത വിടുതൽ ലഭിക്കുകയും ചെയ്തു.

1964 മുതൽ 2008 വരെയുള്ള 44 വർഷങ്ങൾ പെരുമ്പട്ടി , ആലപ്പുഴ, പാട്ന, കുറുമ്പുകര, വട്ടമൺ, കുമ്പനാട് എലിം, വെള്ളിയറ, വെണ്ണിക്കുളം, മാന്തുക, കിടങ്ങന്നൂർ, നെല്ലിമല, ഇരവിപേരൂർ തുടങ്ങിയ സ്ഥലങ്ങളിൽ സഭാപരിപാലനവും ശുശ്രൂഷയും ചെയ്തു. 1985 കാലഘട്ടങ്ങളിൽ നെല്ലിമലയിൽ സഭ സ്ഥാപിക്കുന്നതിനും ദൈവം കൃപ നൽകി. 2008 ൽ അദ്ദേഹം നിത്യതയിൽ ചേർക്കപ്പെട്ടു. പ്രിയപ്പെട്ടവൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടതിനു ശേഷം ഞാൻ പൂർണ്ണസമയം  സോദരി സമാജത്തിന്റെ പ്രവർത്തനങ്ങളിൽ ആയിരുന്നു.

1993 മുതൽ ഡിസ്ട്രിക്ട്, സോണൽ, സ്റ്റേറ്റ് തലങ്ങളിൽ സോദരീ സമാജത്തിന്റെ സജീവ പ്രവർത്തകയായിരുന്നു. 2015 മുതൽ 2023 വരെ 8 വർഷങ്ങൾ സംസ്ഥാന പ്രഡിഡന്റായി സേവനം ചെയ്യുവാൻ കഴിഞ്ഞു. 2016 ൽ കേരളത്തിന്റെ 14 ജില്ലകളിലും സുവിശേഷ പ്രവർത്തനങ്ങൾ നടത്തുവാൻ ദൈവം അവസരം നൽകി 

2018 ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഇടയാറന്മുള, കൊല്ലകടവ്, പരുമല, പാണ്ടനാട്, ചെന്നിത്തല തുടങ്ങിയ സ്ഥലങ്ങളിൽ ഭക്ഷണ കിറ്റുകൾ, വീട്ടുപകരണങ്ങൾ എന്നിവ എത്തിക്കുവാൻ കഴിഞ്ഞു. 2019 ൽ മലബാർ, പാലക്കാട്, നിലമ്പൂർ, അട്ടപ്പാടി എന്നിവിടങ്ങളിൽ സഹായം എത്തിച്ചു. ഇടുക്കി മുണ്ടക്കയം എന്നിവിടങ്ങളിൽ ഭവനം നഷ്ടപ്പെട്ട ശുശ്രൂഷകന്മാരെ സന്ദർശിക്കുകയും സഹായങ്ങൾ എത്തിക്കുവാനും അവസരം ലഭിച്ചു. ഏകദിന സമ്മേളങ്ങളും തിരുവനന്തപുരം, അടൂർ, തിരുവല്ല, നിലമ്പൂർ എന്നിവിടങ്ങളിൽ  അഞ്ചു ക്യാമ്പുകളും നടത്തുവാൻ ദൈവം കൃപ നൽകി. 14 മേഖലകൾ ആയിരുന്നു കേരളത്തിൽ, പിന്നീട് പുതിയ രണ്ടു മേഖലകൾ വടക്കൻ മലബാറിലും നിലമ്പൂരിലും ആരംഭിക്കുവാനും പ്രവർത്തനങ്ങൾ നടത്തുവാനും കർത്താവു ബലപ്പെടുത്തി.

ലില്ലി റെജി , ജോയമ്മ വർഗീസ്, സൂസൻ എം ചെറിയാൻ , മേഴ്‌സി ഡാനിയേൽ , ഒമേഗ സുനിൽ, എൽസി സാമൂവൽ എന്നിവരായിരുന്നു ആദ്യത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി , അടുത്ത തിരഞ്ഞടുപ്പിൽ റോസമ്മ ജെയിംസ്, മിനി ജോർജ്, ജയ്മോൾ രാജു, ജോയമ്മ ബേബി എന്നിവരും തിരഞ്ഞെടുക്കപെടുകയും പ്രവർത്തങ്ങളിൽ പങ്കാളികളാകുകയും ചെയ്തു.

ഞാനുൾപ്പെടുന്ന ഈ കാലഘട്ടത്തിലെ വിശ്വാസികളായ സഹോദരിമാരെ എങ്ങനെ കാണുന്നു എന്ന് ചോദിക്കുമ്പോൾ അമ്മച്ചി പറഞ്ഞു 'ദൈവം നിങ്ങളെ മനോഹരവും ആകർഷകവുമായി സൃഷ്ടിച്ചിരിക്കുകയാണ് ജോലി സ്ഥലങ്ങളിലും ആത്മിക വേദികളിലും നമ്മുടെ പെൺകുട്ടികളെയും സഹോദരിമാരെയും സമൂഹം നിരീക്ഷിക്കും, അതിനാൽ വളരെ ശ്രദ്ധയോടെ മാന്യമായി വസ്ത്രം ധരിക്കുക. ദൈവഹിതം തേടുക, പ്രാർത്ഥിക്കുക, ദീർഘമായി ചിന്തിക്കുക, ഉപദേശം തേടുക, മാതൃകയുള്ളവരായിരിക്കുക, സഭയ്ക്ക് മുൻഗണന നൽകുകയും വിശ്വസ്തരായിരിക്കുകയും ചെയ്യുക.'

സംഭാഷണത്തിനിടയിൽ സുവിശേഷകന്മാരുടെ ഭാര്യമാരോട് അമ്മച്ചിയുടെ കാഴ്ചപ്പാട് എങ്ങനെയാണെന്നു ചോദിച്ചപ്പോൾ "കർത്താവിന്റെ വേലക്കായി പൂർണ്ണമായി ദൈവവിളി ലഭിച്ചാൽ മാത്രം ഇറങ്ങുക, ശുശ്രൂഷകന്മാരുടെ ഭാര്യമാർ ദൈവസന്നിധിയിൽ ഭക്തിയോടെ സഭക്കുവേണ്ടി കരയുന്നവരായിരിക്കുക, പ്രായമായവരെ ബഹുമാനിക്കാൻ മറക്കരുത്. യോഗ്യമായ വസ്ത്രം ധരിച്ചു സൗമ്യതയോടും താഴ്മയോടും സ്നേഹത്തോടുംകൂടെ സഭാവിശ്വാസികളോട്  ഇടപെടണം"

അമ്മച്ചിക്ക് വാർധക്യകാല ബുദ്ധിമുട്ടുകൾ ഉണ്ടല്ലോ ഇനിയുള്ള നാളുകൾ ? 

മക്കളെ 82 വയസുവരെ വിശ്വാസത്തിൽ നിലനിർത്തിയ ദൈവത്തിനായി, തുടർന്നുള്ള നാളുകളും കഴിയുന്നിടത്തോളം സുവിശേഷം അറിയിച്ചുകൊണ്ട്, ദൈവ വചനം ധ്യാനിച്ചും, പ്രാർത്ഥിച്ചും കർത്താവിനുവേണ്ടി നിലനിൽക്കണം അതാണെന്റെ ആഗ്രഹം. പ്രാർത്ഥിച്ചു യാത്രപറഞ്ഞിറങ്ങുമ്പോൾ വാത്സല്യത്തോടെ എനിക്ക് സ്നേഹ ചുംബങ്ങൾ നൽകി, പിന്നെയും എന്തൊക്കെയോ ഓർത്തെടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. 

ദെബോറയെപ്പോലെ പ്രതിസന്ധികൾക്കിടയിലും ജനത്തെ നിർഭമായി നയിക്കുവാൻ കഴിയുന്ന വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും ശക്തമായ മാതൃകയാണ് അമ്മച്ചിയുടെ ജീവിതം. പ്രളയകാലത്ത് വളരെ മഹത്തായ  കാര്യങ്ങൾക്കു നേതൃത്വം നൽകുകയും, ദൈവരാജ്യത്തിന്റെ പുരോഗതിക്കും സുവിശേഷീകരണത്തിന്റെ വ്യാപനത്തിനും സേവനത്തിനുമുള്ള അവസരം വിനിയോഗിക്കുകയും ചെയ്ത അമ്മച്ചിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണ്. 
മാതൃകാ വ്യക്തിത്വങ്ങളിൽ അനുഗ്രഹീതയായ ഈ മാതാവിന്റെ ജീവിതം ക്രിസ്തീയ ശുശ്രൂഷക്കാരായ എല്ലാ സഹോദരിമാർക്കും പ്രചോദനമായിരിക്കട്ടെ....!

Advertisement