ഭാവിയെക്കുറിച്ച് ഉത്ക്കണ്ഠ വേണ്ട; കരുതുന്ന ദൈവം നമുക്കുണ്ട്: റവ. ഡോ. ടി. വൽസൻ ഏബ്രഹാം

കുമ്പനാട് കൺവെൻഷന് അനുഗ്രഹീത തുടക്കം
സന്ദീപ് വിളമ്പുകണ്ടം
കുമ്പനാട്: ഭാവിയെക്കുറിച്ച് ഉത്ക്കണ്ഠ വേണ്ടെന്നും കരുതുന്ന ദൈവമാണ് നമുക്കുള്ളതെന്നും റവ. ഡോ. ടി. വൽസൻ എബ്രഹാം പറഞ്ഞു. വ്യക്തിപരമായും സഭാ സമൂഹമായും ഇത്രത്തോളം നമുക്ക് സംരക്ഷണ നൽകിയ ദൈവം ഇനിയും നമ്മളെ നടത്തും. ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ 101-ാമത് ജനറൽ കൺവൻഷൻ ഉദ്ഘാടനം ചെയ് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ താഴ്മ, ദൈവത്തിനായുള്ള വിശപ്പ്, ജീവിതത്തിൽ വിശുദ്ധി എന്നിവ സൂക്ഷിക്കുന്നവർ ആകണം വിശ്വാസ സമൂഹമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ബെഞ്ചമിൻ വർഗീസ് ആരംഭ പ്രാർത്ഥന നടത്തി. 101-ാമത് കൺവൻഷൻ പാട്ടു പുസ്തകം ജനറൽ ട്രഷറർ ജോൺ ജോസഫ് വൈസ് പ്രസിഡൻറ് പാസ്റ്റർ ഫിലിപ്പ് പി. തോമസിനു നൽകി പ്രകാശനം ചെയ്തു. റവ. ഡോ. ടി. വൽസൻ എബ്രഹാം, പാസ്റ്റർ വി.ജെ തോമസ് മുഖ്യ പ്രഭാഷണം നടത്തി.
സുവിശേഷ യോഗം , ബൈബിൾ ക്ലാസ് , മിഷൻ ചലഞ്ച്, വിദ്യാർത്ഥി യുവജന സമ്മേളനം , വിമൻസ് ഫെലോഷിപ്പ് സമ്മേളനം , യംങ് പ്രൊഷണൽ മീറ്റ് എന്നിവ കൺവൻഷനോടനുബന്ധിച്ച് നടക്കും. ഇൻഡ്യയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നും വിദേശത്തു നിന്നുമുള്ള ശുശ്രൂഷകൻമാരും കൺവൻഷനിൽ പങ്കെടുക്കും .
ജനുവരി 12 ഞായറാഴ്ച്‌ച വൈകിട്ട് ആരംഭിച്ച ഒരാഴ്ച്ചത്തെ ആത്മീയ സംഗമം ജനു. 19നു വിശുദ്ധസഭായോഗത്തോടെ സമാപിക്കും. തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമാരായ വത്സൺ എബ്രഹാം, കെ.സി. ജോൺ, ഫിലിപ്പ് പി തോമസ്, ബേബി വർഗീസ്, തോമസ് ജോർജ്,രാജു ആനിക്കാട്, ജോൺ കെ മാത്യു, കെ ജെ തോമസ് , സണ്ണി ഫിലിപ്പ്, ഷാജി ഡാനിയേൽ, സാബു വര്ഗീസ്, കെ സി തോമസ്, ഷിബു തോമസ്, വിത്സൻ വർക്കി, വിത്സൻ ജോസഫ്, രാജു മേത്ര, ജെയിംസ് ജോർജ്, സണ്ണി കുര്യൻ, എം സ് സാമൂവൽ, ബാബു ചെറിയാൻ തുടങ്ങിയവർ രാത്രി യോഗങ്ങളിൽ പ്രസംഗിക്കും.
'എബനേസർ- യഹോവ യിരേ' എന്നതാണ് ഈ വർഷത്തെ കൺവൻഷൻറെ ചിന്താവിഷയം . പ്രശസ്‌ത ഗായകരോടൊപ്പം കൺവൻഷൻ ക്വയർ ഗാന ശുശ്രൂഷ നിർവഹിക്കും.
ജനറൽ കൗൺസിൽ ഭാരവാഹികളായ പ്രസിഡൻറ് പാസ്റ്റർ ടി. വത്സൻ എബ്രഹാം, വൈസ് പ്രസിഡൻറ് പാസ്റ്റർ ഫിലിപ് പി.തോമസ്, ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ തോമസ് ജോർജ്, ബ്രദർ വർക്കി ഏബ്രഹാം കാച്ചാണത്ത്, ട്രഷറർ ബ്രദർ ജോൺ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികളുടെ ചുമതലയിൽ ക്രമീകരണങ്ങൾ പൂർത്തി ആയതായി ഭാരവാഹികൾ അറിയിച്ചു
ഐപിസി ജനറൽ കൺവൻഷൻ ഒരു നൂറ്റാണ്ടു പിന്നിടുമ്പോൾ പിന്നിട്ട വഴികൾ വിസ്മയമാണ്. 1925 ഏപ്രിൽ 1 മുതൽ 5 വരെ റാന്നി ഇട്ടിയപ്പാറ കളയ്ക്കാട് പുരയിടത്തിലാണ് പ്രഥമ കൺവൻഷൻ നടന്നത്. ഭാരതത്തിലെ ഏറ്റവും പ്രസിദ്ധവും വലുതുമായ പെന്തെക്കോസ്തു സംഗമമാണ് കുമ്പനാട് ആരംഭിച്ചത്. ഇപ്രാവശ്യവും ലോകമെങ്ങുമുള്ള ആയിരക്കണക്കിനു വിശ്വാസികളും കർത്തൃശുശ്രൂഷക ന്മാരും ഹെബ്രോൻപുരത്തു എത്തും. കൂട്ടുകാരെ കാണുവാനും കൂട്ടായ്മ ആചരിക്കുവാനും വരും ദിനങ്ങൾ ഹെബ്രോൻപുരം സാക്ഷിയാകും. സഭാവ്യത്യാസമെന്യേ എല്ലാവരും ഒത്തുച്ചേരുന്ന ആത്മീയ സംഗമത്തിൽ സമുദായസ്ഥർപ്പോലും തങ്ങളുടെ യോഗങ്ങൾ മാറ്റിവെച്ച് കൺവൻഷനു എത്തും.
കൺവൻഷനോടനുബന്ധിച്ച് പകൽ സമയങ്ങളിൽ പന്തലിൽ വിവിധയോഗങ്ങൾ നടക്കും. കൂടാതെ പുത്രിക സംഘടനകളുടെ വാർഷിക സമ്മേളനങ്ങളും നടക്കും.
Advertisement