വളർത്തിയ കൈകൾ ഉപേഷിക്കപ്പെടുമ്പോൾ: വൃദ്ധ മാതാപിതാക്കളുടെ നിശ്ശബ്ദ വേദന
വളർത്തിയ കൈകൾ ഉപേഷിക്കപ്പെടുമ്പോൾ: വൃദ്ധ മാതാപിതാക്കളുടെ നിശ്ശബ്ദ വേദന
ഡോ. ബിനു ഡാനിയേൽ
ഒരുകാലത്ത് കുട്ടികളുടെ ചിരിയുടെയും കളികളുടെയും ഉല്ലാസശബ്ദങ്ങൾ നിറഞ്ഞിരുന്ന വീടുകളിൽ, ഇന്ന് കേൾക്കുന്നത് ഘടികാരത്തിന്റെ മന്ദമായ ടിക്ക്-ടിക്ക് ശബ്ദവും പ്രായമായ ശ്വാസത്തിന്റെ ക്ഷീണിതമായ താളവുമാണ്. ആ വീടുകളിൽ ഒറ്റയ്ക്കായി ജീവിതം തള്ളിനീക്കുന്ന വയോധികർ - പ്രത്യേകിച്ച് അമ്മമാർ - ഇന്നത്തെ സമൂഹം കാണാതെയും കേൾക്കാതെയും കടന്നുപോകുന്ന നിശ്ശബ്ദ വേദനകളായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഒരു കാലത്ത് അവരുടെ ജീവിതം മുഴുവന്‍ മക്കള്‍ക്കായി ഉഴിഞ്ഞുവച്ചവരാണ് ഇവര്‍. ഉറക്കമൊഴിഞ്ഞ രാത്രികള്‍, ക്ഷീണിച്ച കൈകള്‍, അടക്കിവച്ച ആഗ്രഹങ്ങള്‍, എല്ലാം മക്കളുടെ ഭാവിക്കായി സമര്‍പ്പിച്ചു. മഴയിലും വെയിലിലും കഷ്ടപ്പെട്ട് സമ്പാദിച്ചത് മക്കള്‍ക്ക് പഠിക്കാനും ഉയരാനും വേണ്ടിയാണ്. പക്ഷേ ഇന്ന് അവർ സ്വന്തം വീടുകളിൽ തന്നെ അനാഥരായി മാറിയിരിക്കുന്നു. ആഴ്ചകളോളം ഫോൺ മുഴങ്ങുന്നില്ല, മാസങ്ങളോളം സന്ദർശനമില്ല, ചിലപ്പോൾ വർഷങ്ങളോളം പോലും. പണം സമ്പാദിക്കുന്ന തിരക്കിൽ മക്കൾ അവരെ മറന്നു പോയിരിക്കുന്നു. എങ്കിലും ഈ അമ്മമാരുടെ കണ്ണുകൾ ഇന്നും വാതിലിന് മുന്നിൽ, മക്കളുടെ ഒരു സന്ദർശനത്തിനായി കാത്തിരിപ്പിലാണ് എന്നതാണ് സത്യം.
വിവാഹത്തിന് ശേഷം പലരും കരുതുന്നത് ഇനി മാതാപിതാക്കളെ നോക്കേണ്ടത് തങ്ങളുടെ കടമയല്ലെന്ന്. പ്രത്യേകിച്ച് പുത്രന്മാര്‍. അച്ഛന്റെയും അമ്മയുടെയും കഠിനാധ്വാനത്തില്‍ നിന്ന് ലഭിച്ച വിദ്യാഭ്യാസവും തൊഴിലും സാമൂഹികസ്ഥിതിയും പെന്‍ഷനും ആനുകൂല്യങ്ങളും സ്വീകരിച്ചവര്‍ പോലും ഒരു ഫോണ്‍ വിളി പോലും നല്‍കാതെ മാറിനില്‍ക്കുന്നു. ആഴ്ചയില്‍ ഒരിക്കല്‍ പോലും “സുഖമാണോ” എന്ന് ചോദിക്കാന്‍ സമയം ഇല്ലാത്തത്ര തിരക്കാണോ ഈ ജീവിതം.
ഇതോടൊപ്പം തന്നെ മറ്റൊരു ദുഃഖകരമായ കഥ കൂടി ഈ വീടുകളുടെ ചുറ്റും പടരുന്നു. അത് സമ്പത്തിനെയും വരുമാനത്തെയും ചൊല്ലിയുള്ള കലഹങ്ങളുടെ കഥയാണ്. ഒരേ അമ്മയുടെ വയറ്റില്‍ നിന്ന് ജനിച്ച മക്കള്‍ ഇന്ന് തമ്മില്‍ മുഖം നോക്കാത്ത അവസ്ഥ. കാരണം ഒന്നേ ഉള്ളൂ. പണം, ഭൂമി, വീടുകള്‍, പെന്‍ഷന്‍, ബാങ്ക് അക്കൗണ്ടുകള്‍. അച്ഛന്റെയും അമ്മയുടെയും ജീവനുള്ള കാലത്തുതന്നെ സ്വത്തിന്റെ കണക്കുകൂട്ടലുകള്‍ തുടങ്ങുന്നു. ആര്‍ക്ക് എത്ര കിട്ടും, ആര്‍ കൂടുതല്‍ എടുത്തു, ആര്‍ ചതിച്ചു എന്ന സംശയങ്ങള്‍. ഈ കണക്കുകള്‍ക്കിടയില്‍ യഥാര്‍ഥ ഉടമകള്‍-മാതാപിതാക്കള്‍, ഒരു കോണില്‍ നിശ്ശബ്ദരായി ഇരിക്കുന്നു.
പല വീടുകളിലും മാതാപിതാക്കൾ ഇന്ന് ഒരു ഭാരമായി മാറിയിരിക്കുന്നു. “ഇവരെ നോക്കാന്‍ ആരാണ്” എന്ന ചോദ്യം മക്കൾ തമ്മിലുള്ള തര്‍ക്കമായി മാറുന്നു. ഒരാള്‍ പറയും, “ഞാന്‍ ഇതിനകം മതിയോളം ചെലവാക്കി”. മറ്റൊരാള്‍ പറയും, “എനിക്ക് ഒന്നും കിട്ടിയില്ല, അതുകൊണ്ട് ഞാന്‍ നോക്കില്ല. വാക്കുകൾ കൊണ്ട് കുത്തി നോവിക്കുമ്പോൾ, അമ്മയുടെയും അപ്പന്റെയും ഹൃദയം ഓരോ ദിവസവും മുറിയുകയാണ്. അവരുടെ ജീവിതം മുഴുവന്‍ മക്കള്‍ക്കായി സമ്പാദിച്ച സമ്പത്ത്, ഇന്നവരെ തമ്മില്‍ വേര്‍പെടുത്തുന്ന ആയുധമായി മാറുന്നു.
വിവാഹത്തിന് ശേഷം ചില പുത്രന്മാര്‍ സ്വന്തം വീട്ടിലേക്കുള്ള വഴികള്‍ മറന്നു പോകുന്നു. മനസിന്റെ ഉള്ളിൽ ചില നൊമ്പരങ്ങൾ ഉണ്ടെങ്കിലും, ചിലപ്പോൾ ജീവിത പങ്കാളിയുടെ എങ്കിലും സമ്മർദ്ദം കാരണം അത് ഉപേക്ഷിക്കുന്നു. കാരണം ഇന്നത്തെ അണുകുടുംബങ്ങളിൽ ഭർത്താവിന്റെ മാതാപിതാക്കൻമാരുമായുള്ള, ബന്ധുക്കളുമായുള്ള കമ്മ്യൂണിക്കേഷൻ വളരെ കുറവാണ്. വളരെ ഭക്തിഉള്ളവർ എന്ന് സ്വയം അവകാശപ്പെടുന്ന ആളുകൾ പോലും ഈ കാര്യത്തിൽ മൗനം പാലിക്കുന്നു. ഭക്തി പലപ്പോഴും ഞായറഴ്ചകളിൽ മാത്രമാണ്കാണാറുള്ളത്. ചില കുടുംബങ്ങളിൽ വിവാഹ ശേഷം, തന്റെ സ്വന്തം മാതാപിതാക്കളെ ഒഴിവാക്കി ഭാര്യമാരുടെ വീട്ടുകാരുമായി മാത്രം ബന്ധം സ്ഥാപിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. അമ്മായിഅമ്മ പോര് എന്ന ഒരു ആഖ്യാനം (Narrative) സൃഷ്ടിച്ചു അത് വഴി അങ്ങോട്ടുള്ള വഴി അടച്ചു കളയുന്നത് സമൂഹത്തിൽ മാന്യമായ ഒരു മുഖം കിട്ടാൻ വേണ്ടി ആണ്.
സ്വാര്‍ത്ഥത, പാരമ്പര്യസ്വത്തിന്റെ പങ്കിടല്‍, അധികം കിട്ടണമെന്ന മോഹം, അഹങ്കാരം, ഇവയൊക്കെ ചേര്‍ന്ന് അവരെ സ്വന്തം മാതാപിതാക്കളില്‍ നിന്ന് അകറ്റുന്നു. ഒരാള്‍ കൂടുതല്‍ പങ്ക് നേടുമ്പോള്‍, മറ്റൊരാള്‍ പ്രതികാരബുദ്ധിയോടെ മാറിനില്‍ക്കുന്നു. ഇതു എല്ലാം കാണുമ്പോൾ മാതാപിതാക്കൾ ആരുടേയും പക്ഷത്തല്ലാത്തവരായി, എല്ലായ്പ്പോഴും തോറ്റവരായി മാറുന്നു. ചിലപ്പോള്‍ ഈ തര്‍ക്കങ്ങള്‍ കോടതികളിലേക്കും എത്തുന്നു. സ്വന്തം മാതാപിതാക്കളെ സാക്ഷിയാക്കി മക്കള്‍ നിയമപോരാട്ടം നടത്തുന്ന കാഴ്ച. അമ്മയുടെ കണ്ണുകളില്‍ നിറയുന്ന ലജ്ജയും വേദനയും ആര്‍ കാണും. “ഞാന്‍ ഇവരെ ഇങ്ങനെ വളര്‍ത്തിയല്ലോ” എന്ന ചിന്ത അവരെ വേദനിപ്പിക്കുന്നു. മക്കളുടെ വീടുകളിൽ അവർ വെറും അതിഥികൾ ആയി ആണ് ജീവിക്കേണ്ടി വരുന്നത്.
അതേസമയം, പുറത്തുള്ളവരെ സഹായിക്കാന്‍ വലിയ തുകകള്‍ ചെലവഴിക്കുന്നവരെയും നാം കാണുന്നു. ദാനപ്രവര്‍ത്തനങ്ങള്‍, പൊതു വേദികളിലെ സേവനങ്ങള്‍ മൂലം, പ്രശംസയും അംഗീകാരവും ഇവർക്ക് ലഭിക്കുന്നു. സമൂഹത്തിലും സഭയിലും സ്നേഹത്തിന്റെ മുഖം ധരിക്കുന്നവര്‍, സ്വന്തം വീട്ടിലെ അമ്മയ്ക്ക് മരുന്നിനും ഭക്ഷണത്തിനും പണമില്ലാത്തത് കാണുന്നില്ല. തിരുവചനം ഓര്‍മ്മിപ്പിക്കുന്നു, “പണത്തോടുള്ള മോഹം എല്ലാ ദോഷത്തിന്റെയും വേരാകുന്നു”. മറ്റൊരു വചനത്തില്‍ പറയുന്നു, “നിന്റെ അപ്പനെയും അമ്മയെയും ആദരിക്ക. ഇത് ഒരു ഉപദേശമല്ല, ദൈവത്തിന്റെ കല്പനയാണ്. വീണ്ടും എഴുതിയിരിക്കുന്നു, തനിക്കുള്ളവര്ക്കും പ്രത്യേകം സ്വന്ത കുടുംബക്കാര്ക്കും വേണ്ടി കരുതാത്തവന് വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാള് അധമനായിരിക്കുന്നു (1 Timothy 5:8). മനുഷ്യരുടെ മുന്നിൽ മേനി നടിക്കാം, പക്ഷെ ദൈവത്തിന്റെ മുമ്പിൽ അത് സാധ്യമല്ല എന്നോർത്താൽ നന്ന്.
പ്രായം ഉള്ള മാതാപിതാക്കൾ വലിയ ആവശ്യങ്ങള്‍ ഉന്നയിക്കുന്നില്ല. അവര്‍ക്ക് ആഡംബരമില്ല. ഒരു സ്നേഹവാക്ക്, ഒരു ഫോണ്‍ വിളി, മാസത്തില്‍ ഒരിക്കല്‍ ഒരു സന്ദര്‍ശനം, അത്രമാത്രമാണ് അവരുടെ സ്വപ്നം. പക്ഷേ ആ ചെറിയ കാര്യങ്ങള്‍ പോലും ലഭിക്കാതെ അവര്‍ ദിവസങ്ങള്‍ എണ്ണി കഴിയുന്നു. അവരുടെ കണ്ണുകളില്‍ നിറയുന്ന നിശ്ശബ്ദ കണ്ണീര്‍ ആരും കാണുന്നില്ല.
നാം ഒരു കാര്യം മറക്കരുത്, ഇന്നവര്‍ അനുഭവിക്കുന്ന ഈ ഏകാന്തത നാളെ നമ്മുടെ തന്നെ ചിത്രം ആയേക്കാം. കാലം ഒരാളെ പോലും ഒഴിവാക്കുന്നില്ല. ഇന്നത്തെ തിരക്കും സമ്പാദ്യവും ബന്ധങ്ങളുടെ മൂല്യം മായ്ച്ചുകളയുമ്പോള്‍, നാളെ നമ്മുടെ മക്കളും നമ്മോടും ഇതേ പോലെ പെരുമാറിയാല്‍ അതില്‍ അത്ഭുതപ്പെടാനാവില്ല.
“ദാനം വീട്ടില്‍ നിന്നാണ് തുടങ്ങേണ്ടത്” എന്ന സത്യം നാം മറന്നിരിക്കുന്നു. സഭയിലും സമൂഹത്തിലും ചെയ്യുന്ന സേവനങ്ങള്‍ക്ക് മുമ്പ്, സ്വന്തം വീട്ടിലെ കടമകള്‍ നിറവേറ്റേണ്ടതാണ്. സ്വന്തം അമ്മയെയും അപ്പനെയും നോക്കാതെ, പുറത്തെ ലോകത്ത് സ്നേഹവും കരുണയും പ്രദര്‍ശിപ്പിക്കുന്നത് ആത്മവഞ്ചനയാണ്. യഥാര്‍ഥ സ്നേഹം പ്രകടമാകുന്നത്, തിരിച്ചറിവില്ലാതെ സേവിച്ച ആ കൈകളെ അവരുടെ അവസാന നാളുകളില്‍ കരുതലോടെ പിടിക്കുമ്പോഴാണ്.
വീടുകളില്‍ ഒറ്റയ്ക്ക് കഴിയുന്ന അമ്മമാരുടെ ഹൃദയത്തിലേക്ക് ഒരു നിമിഷം ചെവിയോര്‍ത്താല്‍, നമുക്ക് കേള്‍ക്കാം ഒരു നിശ്ശബ്ദ പ്രാര്‍ഥന. “മകന്‍ ഒന്നു വിളിച്ചിരുന്നെങ്കില്‍. അത് ഒരു പരാതി അല്ല, ഒരു ആഗ്രഹം മാത്രമാണ്. ആ പ്രാര്‍ഥന കേള്‍ക്കുന്ന ഹൃദയം നമുക്ക് ഉണ്ടാകട്ടെ. ഇന്നല്ലെങ്കില്‍ നാളെ, ആ വിളി നമ്മുടെ തന്നെ ജീവിതത്തിലേക്കായിരിക്കും.
വലിയ പെൻഷനും ധാരാളം ഭൂസ്വത്തും ഉള്ളവരുടെ ചുറ്റും ആളുകള്‍ കൂടുന്നത് സ്നേഹത്തിനല്ല, അവരുടെ പണപ്പെട്ടിയിലേക്കുള്ള കണക്കുകൂട്ടലിനാണ്. എന്നാല്‍ തുച്ഛമായ പെൻഷനില്‍ ജീവിക്കുന്നതും ജീവിതഭാരം ചുമന്നുനില്‍ക്കുന്നതുമായ അപ്പനമ്മമാരെ പലരും അവഗണിക്കുന്നു. അവരെ സഹായിക്കേണ്ടത് മക്കളുടെ കടമയാണ്. അവർ വിളിച്ചു പറയുന്നതുവരെ കാത്തിരിക്കേണ്ടതില്ല, നാം തന്നെ അവരെ അന്വേഷിച്ചു ചെല്ലണം. മാതാപിതാക്കളെ നോക്കാതെ ഉപേക്ഷിക്കുന്ന മക്കൾ പലപ്പോഴും സഭകളിൽ മുന്നിരയിലാണ്, അവര്‍ക്ക് അവിടെ ബഹുമാനവും സ്ഥാനവും ലഭിക്കുന്നു. അതിന് സഭകള്‍ കൂട്ട് നില്‍ക്കുമ്പോള്‍ അത് നീതി ഇല്ലാത്ത ആത്മീയതയായി മാറുന്നു. മനുഷ്യസ്നേഹവും ഉത്തരവാദിത്വവും ഇല്ലാത്ത ഇത്തരം കപടഭക്തി ദൈവത്തിന് സ്വീകരിക്കപ്പെടില്ല.
സ്വര്‍ഗ്ഗം സംസാരിക്കുന്നവർക്കല്ല, നീതിയിലൂടെ, കര്‍മ്മത്തിലൂടെ നീതി ജീവിക്കുന്നവര്‍ക്കാണ്.
എന്നാൽ ഇപ്പോഴത്തെ ട്രെൻഡ്, അമ്മമാരെ കരുതുന്നു എന്ന പേരില്‍ വിദേശത്തേക്ക് കൊണ്ടുപോയ ശേഷം ചില മക്കള്‍ അമ്മമാരെ തന്നെ ജോലിക്കാരിയാക്കുന്നു. അവര്‍ക്ക് സ്നേഹവും സംരക്ഷണവും നിറഞ്ഞ ഒരു വിശ്രമജീവിതം നല്‍കുന്നതിനുപകരം, ചെറുമക്കളെ നോക്കാനുള്ള പൂര്‍ണ ബാധ്യത അവരില്‍ ചുമത്തുന്നു. പ്രായം ചെന്ന ശരീരത്തിനും മനസിനും ആവശ്യമുള്ള വിശ്രമം അവര്‍ക്ക് നിഷേധിക്കപ്പെടുന്നു. ഇത് കരുതലല്ല, ചൂഷണമാണ്. അമ്മമാരുടെ ത്യാഗവും സഹനവും സ്വാഭാവികമായി ഉപയോഗിക്കാനുള്ള അവകാശം മക്കള്‍ക്കില്ല. അവര്‍ നമ്മെ വളര്‍ത്തിയ കാലം കഴിഞ്ഞു, ഇപ്പോള്‍ അവരെ സംരക്ഷിക്കേണ്ട സമയമാണ്. സ്നേഹവും നന്ദിയും മാനവികതയും ഇല്ലാത്ത ഇത്തരം പെരുമാറ്റം ഒരു പോലെ തെറ്റും അനീതിയും തന്നെയാണ്. നമ്മളെയും നമ്മളുടെ മക്കളെയും പോറ്റി വളർത്താൻ ഉള്ളതല്ല അവരുടെ ജീവിതം. കൊച്ചു മക്കളുടെ സന്തോഷം കാണുന്നത് നല്ലതാണ്, അവരെ ആയ പണി ചെയ്യിക്കുന്നത് തികച്ചും തെറ്റാണു അത് ചൂഷണം ആണ്. ഇത്തരം സാഹചര്യങ്ങളിൽ അമ്മമാർ ശബ്ദമില്ലാതെ സഹിക്കുകയാണ് ചെയ്യുന്നത്. മക്കൾക്ക് ഭാരമാകുമോ എന്ന ഭയത്തിൽ അവരുടെ വേദന അവർ പുറത്തുപറയാറില്ല. പക്ഷേ ഈ മൗനം അവരുടെ മനസിനെ കൂടുതൽ തളർത്തുകയാണ്. അമ്മമാരെ ആദരിക്കാനും മനസ്സിലാക്കാനും അവർക്കൊപ്പം കുറച്ചു സമയം ചെലവഴിക്കാനും മക്കൾ തയ്യാറാകണം.
കാരണം അമ്മമാരുടെ സന്തോഷം ഒരു കടമയല്ല, നമ്മുടെ ഉത്തരവാദിത്വവും മനുഷ്യത്വത്തിന്റെ അടയാളവുമാണ്.
പഴുത്തഇല കൊഴിയുമ്പോൾ നാം ഇന്ന് ചിരിക്കും. എന്നാൽ ഇന്നത്തെ പച്ചില നാളെ പഴുക്കും എന്നോർത്താൽ നന്ന്.

