വിശ്വാസ പ്രഘോഷണത്തിനു സമൂഹമാധ്യമങ്ങൾ പ്രയോജനപ്പെടുത്തണം

വിശ്വാസ പ്രഘോഷണത്തിനു സമൂഹമാധ്യമങ്ങൾ പ്രയോജനപ്പെടുത്തണം

വിശ്വാസ പ്രഘോഷണത്തിനു സമൂഹമാധ്യമങ്ങൾ പ്രയോജനപ്പെടുത്തണം

കേരളത്തില്‍ ഇന്നുള്ള പെന്തെക്കോസ്തു സഭകള്‍ക്കെല്ലാം ഒരേ വിശ്വാസപ്രമാണമാണ് പല പേരുകളില്‍ അവ അറിയപ്പെടുന്നുവെങ്കിലും. എന്നാല്‍, അടുത്തയിടെയായി ചില പുത്തന്‍ ഉപദേശങ്ങള്‍ ദൈവികതയെ അധികം പ്രോത്സാഹിപ്പിക്കും എന്ന രീതിയില്‍ സഭയ്ക്കുള്ളിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചില നൂതന സഭാപ്രസ്ഥാനങ്ങളാണിതിനു പിന്നില്‍. അതോടൊപ്പം വേദശാസ്ത്രവിശകലനം എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ വേദവിപരീതം പ്രചരിപ്പിക്കുന്നത് മുഖ്യശുശ്രൂഷയാക്കിയ ചില മഹാചിന്തകന്മാരുമുണ്ട്. വേഷവും സംസാരശൈലിയുംകൊണ്ടു താന്‍ ഏതോ മഹാപണ്ഡിതനാണെന്നു വരുത്തിത്തീര്‍ക്കുംവിധമാണ് പ്രകടനം. അതില്‍ വീണുപോകുന്ന ചിലര്‍ കണ്ടേക്കാം. 

പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളിലുള്ള ക്രൈസ്തവർ അടിസ്ഥാനപ്രമാണമായി കരുതുന്നത് അറുപത്താറു പുസ്തകങ്ങളടങ്ങിയ ബൈബിളിനെയാണ്.  

എന്നാല്‍, വ്യാഖ്യാനങ്ങളിലെ വ്യത്യസ്തതയാണ് സഭാവിഭാഗങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്നത്. ഒരു വാക്യം തന്നെ പലതരത്തില്‍ വ്യാഖ്യാനിക്കാം എന്നുള്ളതിനാൽ സ്നാനം, പരിശുദ്ധാത്മാഭിഷേകം, കര്‍ത്തൃമേശ എന്നിവയെക്കുറിച്ചുള്ള വിഭിന്നമായ വ്യാഖ്യാനരീതികളുടെ ഫലമാണ് ഇന്നുള്ള പല സഭാവിഭാഗങ്ങളുടെയും അടിസ്ഥാനപരമായ വേര്‍തിരിവിന്‍റെ കാരണം. ഒരു വിശ്വാസം അംഗീകരിച്ചവര്‍ക്ക് അതു കൈവിട്ടുകളയാനോ മറ്റൊന്നു സ്വീകരിക്കാനോ ഉള്ള വൈമുഖ്യം സാധാരണയാണ്. പലവിശ്വാസികളും 'കണ്‍ഫ്യൂഷ'നിലാണ്. കാരണം, വീട്ടിലെ സ്വീകരണമുറികളിലേക്കു വിരുന്നുവരുന്ന ടെലിവിഷന്‍ പ്രസംഗകരും ഫെയ്സ്ബുക്ക് ചിന്തകരും കുറച്ചൊന്നുമല്ല അമ്പരപ്പ് ഉളവാക്കുന്നത്. ഭംഗിയായി അവതരിപ്പിച്ച് സമയപരിധിക്കുള്ളില്‍ എഡിറ്റു ചെയ്ത് പ്രദര്‍ശിപ്പിക്കുന്ന വിഷ്വലുകളില്‍ എന്തും കുത്തിത്തിരുകാമെന്നതാണ് സാങ്കേതികവിദ്യയുടെ സൗകര്യം. അതു മുതലാക്കി മഹാക്രൂസേഡുകളും അത്ഭുതപ്രപഞ്ചവും സാങ്കേതികമായി സൃഷ്ടിച്ച് പാവം വിശ്വാസികളായ വീട്ടമ്മമാരെ തെറ്റിദ്ധരിപ്പിച്ച് (സഹോദരന്മാരും വീണുപോകാം) അനാരോഗ്യകരമായ ആത്മീയപ്രവണതകളിലേക്ക് നയിക്കുന്ന പരിപാടികള്‍ ബഹിഷ്കരിക്കാന്‍ വിശ്വാസസമൂഹം കൂട്ടായ തീരുമാനമെടുത്താല്‍ നന്നായിരിക്കും. അത് വിശ്വാസികളെ അറിയിക്കുകയും വേണം. അതുപോലെതന്നെ വിശ്വാസികളായവര്‍ നടത്തുന്ന ആത്മീയ ടെലിവിഷനുകളില്‍നിന്നും ഇത്തരം പ്രോഗ്രാമുകള്‍ ഒഴിവാക്കുന്നത് വിശ്വാസസമൂഹത്തിന് അനുഗ്രഹമായിരിക്കും. അതോടൊപ്പം വചനത്തിന്‍റെ അടിത്തറയില്‍ വിശ്വാസികളെ ഉറപ്പിച്ചുനിര്‍ത്താന്‍ പര്യാപ്തമായ നൂതന പരിപാടികള്‍ തയ്യാറാക്കാന്‍ വേർപെട്ട സമൂഹങ്ങളിലെ പ്രമുഖ സഭകള്‍ത്തന്നെ മുന്നിട്ടിറങ്ങണമെന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കുള്ളത്. അടിസ്ഥാന വേദോപദേശങ്ങൾ സംബന്ധിച്ചും, വിശ്വാസ ജീവിത പ്രമാണങ്ങളെക്കുറിച്ചും വേർപാട്, വിശുദ്ധജീവിതം എന്നീ വിഷണങ്ങളെക്കുറിച്ചുള്ള പഠന ക്‌ളാസ്സുകളോ പ്രായോഗിക നിർദ്ദേശങ്ങളോ കാലാനുസൃതമായ രീതിയിൽ തയ്യാറാക്കി യൂട്യൂബ് ഗ്രൂപ്പുകൾ വഴി സഭയിലെ വിശ്വാസികൾക്ക് എത്തിക്കുന്നത് പലതുകൊണ്ടും നല്ലതാണ്. ഇപ്പോൾത്തന്നെ പല പ്രാദേശിക സഭകൾക്കും അവരവരുടേതായ ക്രമീകരങ്ങൾ ഉണ്ടല്ലോ.

ഇതു വിവരസാങ്കേതികവിദ്യയുടെ കാലമാണ്. രാഷ്ട്രീയപ്പാര്‍ട്ടികളും കോര്‍പ്പറേറ്റുകളും യുവജനങ്ങളെ ആകര്‍ഷിക്കാന്‍ എന്തെല്ലാം നൂതന കര്‍മപരിപാടികളാണ് ഇന്‍റര്‍നെറ്റിന്‍റെ വിവിധതലങ്ങളിലൂടെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. കംപ്യൂട്ടര്‍മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാസമ്പന്നരായ ധാരാളം യുവാക്കളും യുവഎന്‍ജിനീയര്‍മാരും സ്വദേശത്തും വിദേശത്തുമായി നമുക്കുണ്ട്. വിശ്വാസ സംരക്ഷണത്തിനുവേണ്ടി സംഘടിതമായി പ്രവര്‍ത്തിക്കാന്‍ അവരെ നമുക്ക് സജ്ജരാക്കരുതോ?

Advertisement