കുടുംബ ജീവിതം ധന്യമാകണമെങ്കിൽ സ്വയം നന്നാവണം : റവ.സണ്ണി താഴാംപള്ളം
വാർത്ത: സാബു തൊട്ടിപ്പറമ്പിൽ
അടിമാലി : നല്ലൊരു കുടുംബ ജീവിതത്തിന് പ്രാർത്ഥനയോടൊപ്പം നല്ല പ്രവൃത്തിയും വേണമെന്ന് റവ.സണ്ണി താഴാംപള്ളം പറഞ്ഞു.
ക്രൈസ്തവ ചിന്തയും ബെഥെസ്ദാ മിനിസ്ട്രീസും ചേർന്ന് അടിമാലിയിൽ സംഘടിപ്പിച്ച ഫാമിലി സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നമ്മുടെ വീട് സ്വർഗ്ഗമാക്കുന്നതും നരകമാക്കുന്നതും നമ്മൾ തന്നെയാണ്. പരസ്പരം ബഹുമാനത്തോടും സ്നേഹത്തോടും അങ്ങോട്ടുമിങ്ങോട്ടും പെരുമാറുന്ന വീട്ടിൽ വഴക്കുകൾ വളരെ കുറവായിരിക്കും.
ഇന്ന് പല കുടുംബങ്ങളിലും സന്തോഷവും സമാധാനവും ഇല്ല. അകാരണമായി നമ്മുടെ ഭവനങ്ങളിൽ കണ്ണുനീർ വീഴാൻ ഇടവരരുത്. മാതാപിതാക്കന്മാരുടെയും ഗുരുക്കന്മാരുടെയും ജീവിതപങ്കാളിയുടെയും സഭാ ശുശ്രൂഷകന്മാരുടെയും ഒക്കെ കണ്ണുനീർ വീണാൽ കുടുംബത്തിന് അത് ദോഷമായി ഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭർത്താക്കന്മാരെ പീഡിപ്പിക്കുന്ന, അല്ലെങ്കിൽ ദ്രോഹിക്കുന്ന നിരവധി ഭാര്യമാരുണ്ട് .അതെല്ലാം സാഹിച്ചും,ക്ഷമിച്ചും പോകുന്ന പുരുഷന്മാരുമുണ്ട്. തിരിച്ച് സ്ത്രീകളിലും ഇങ്ങനെയുള്ളവർ ഉണ്ട്. കുടുംബം ശരിയാകണമെങ്കിൽ നാം സ്വയം ശരിയായെങ്കിൽ മാത്രമേ സാധ്യമാവുകയുള്ളൂ. അനാവശ്യ വാക്കുകൾ കുടുംബത്തിൽ ശാപമായി ഭവിക്കും. മാത്രമല്ല ഇത് കുഞ്ഞുങ്ങൾ വളരെ പെട്ടെന്ന് മനസ്സിലാക്കുകയും അവരുടെ ആത്മീയ കാഴ്ചപ്പാടിനെ തെറ്റിക്കുകയും ചെയ്യും.
പരസ്പരം പോരടിക്കുകയല്ല മറിച്ച് ക്ഷമിക്കുന്നവരായി തീർന്നാൽ കുടുംബത്തിൽ സമാധാനം താനെ വന്നുകൊള്ളും. കുടുംബത്തിൻെറ കെട്ടുറപ്പിന് ഭാര്യക്കും ഭർത്താവിനും തുല്യപങ്കാളിത്തം ആണുള്ളത് . ഭർത്താവ് തലയാണെങ്കിൽ ഭാര്യ ഹൃദയമാണ് ! ഇവ രണ്ടും ഇല്ലെങ്കിൽ ഒരു മനുഷ്യന് ജീവിക്കാൻ കഴിയില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കേരളത്തിൽ കോടികളുടെ കൺവൻഷനുകൾ പൊടി പൊടിക്കുമ്പാൾ പെന്തക്കോസ്തു വിശ്വാസികൾ ജീവൻ നിലനിർത്താൻ പാടുപെടുന്നുവെന്ന് കെ.എൻ റസ്സൽ പറഞ്ഞു.
ആത്മീയ കൂട്ടായ്മകളും നേതൃത്വങ്ങളും ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ല. കോടികൾ മുടക്കി കൺവൻഷൻ നടത്തി ആഡംബരം കാണിച്ച് ആഘോഷ തിമിർപ്പിൽ ആഹ്ലാദിക്കുന്നവർ മുഴുപട്ടണിക്കാരനെ ഓർക്കുന്നില്ല . കെട്ടു പ്രായം കഴിഞ്ഞു വീടിനുള്ളിൽ തളയ്ക്കപ്പെട്ടു പോയ സഹോദരങ്ങളെ അവർ ഓർക്കുന്നില്ല.ഇന്ന് അധികാര മോഹവും പണക്കൊതിയുമായി ആത്മീയ കൂട്ടങ്ങളും നേതാക്കളും അധപതിച്ചതായും അദ്ദേഹം ആരോപിച്ചു.
അടിമാലി മരങ്ങാട്ട് റസിഡൻസി ഓഡിറ്റോറിയത്തിൽ നടന്ന യോഗം പാസ്റ്റർ തിമോത്തി പ്രാർത്ഥിച്ച് ആരംഭിച്ചു.
ജനറൽ കോ -ഓർഡിനേറ്ററായി പ്രവർത്തിച്ച പാസ്റ്റർ പി.റ്റി. ആൻ്റണി അദ്ധ്യക്ഷത വഹിച്ചു.