വാടകഗർഭധാരണം നിരോധിക്കണം : മാർപാപ്പ
ചാക്കോ കെ.തോമസ് ബാംഗ്ലൂർ
വത്തിക്കാൻ സിറ്റി: വാടകഗർഭപാത്രമെന്ന സമ്പ്രദായം ആഗോളതലത്തിൽ നിരോധിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ തിങ്കളാഴ്ച അഭ്യർഥിച്ചു. ഈ സമ്പ്രദായം അപലപനീയമാണെന്നും കുഞ്ഞിന്റെയും അതിനെ ഗർഭത്തിൽ വഹിക്കുന്ന സ്ത്രീയുടെയും ആത്മാഭിമാനത്തോടുള്ള അനാദരവാണതെന്നും പാപ്പ പറഞ്ഞു.
വത്തിക്കാനിലെ നയതന്ത്രപ്രതിനിധികൾക്കുള്ള പുതുവത്സരസന്ദേശത്തിലാണ് പരാമർശം.
ആഗോളസംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള ആഹ്വാനമായിരുന്നു സന്ദേശത്തിന്റെ ഏറിയഭാഗവും. ജീവനോടുള്ള ആദരവാണ് സമധാനത്തിലേക്കുള്ള പാത എന്നുപറഞ്ഞ പാപ്പ, അതു തുടങ്ങുന്നത് അമ്മയുടെ ഗർഭപാത്രത്തിലുള്ള കുഞ്ഞിന്റെ ജീവനിൽനിന്നാണെന്നു പറഞ്ഞു. “അതിനെ ഇല്ലായ്മചെയ്യുകയോ മനുഷ്യക്കടത്തിനുള്ള വസ്തുവാക്കുകയോ അരുത്. ഇക്കാരണത്താൽ, വാടകമാതൃത്വം എന്ന സമ്പ്രദായത്തെ ഞാൻ അപലപിക്കുന്നു. അമ്മയുടെ ഭൗതികസാഹചര്യത്തെ ചൂഷണംചെയ്യുന്നതായതിനാൽ അത് ആ സ്ത്രീയുടെയും കുഞ്ഞിന്റെയും ആത്മാഭിമാനത്തോടുള്ള അനാദരവാണ്. കുഞ്ഞ് സമ്മാനമാണ്. അത് ഒരിക്കലും വാണിജ്യ ഉടമ്പടിയുടെ അടിസ്ഥാനമല്ല. ഈ സമ്പ്രദായം സാർവത്രികമായി നിരോധിക്കാനുള്ള ശ്രമം അന്താരാഷ്ട്ര സമൂഹത്തിൽനിന്നുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” -മാർപാപ്പ പറഞ്ഞു.
വാടകഗർഭധാരണ സമ്പ്രദായം മനുഷ്യത്വരഹിതമാണെന്ന് 2022 ജൂണിൽ പാപ്പ പറഞ്ഞിരുന്നു.