ഫോണിലൂടെ കദനകഥകൾ; 'പാസ്റ്റർ' ചമഞ്ഞ് പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രതാ മുന്നറിയിപ്പ്
കോട്ടയം: സാമ്പത്തിക പ്രതിസന്ധിയും വ്യക്തിപരമായ ദുരിതങ്ങളും വ്യാജമായി ഉന്നയിച്ച് ഫോണിലൂടെ പണം തട്ടിയെടുക്കുന്ന വഞ്ചകസംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. സഭാ ശുശ്രൂഷകരെയും സുവിശേഷകരെയുമാണ് സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്.
ക്രിസ്തുവിനെ അറിഞ്ഞതുമൂലം കത്തോലിക്കാ വിശ്വാസിയായ തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയെന്നും, സഹിക്കാൻ കഴിയാത്തത്ര പീഡനങ്ങളാണ് അനുഭവിക്കുന്നതെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ സംസാരിക്കുന്നത്. തനിക്ക് കൗൺസലിങ് വേണമെന്നും, ജീവനൊടുക്കാൻ പോകുകയാണെന്നും വരെ പറഞ്ഞ് കേൾക്കുന്നവരുടെ മനംകവർന്നാണ് തട്ടിപ്പ് നടത്തുന്നത്.
ദിവസങ്ങളായി ആഹാരം കഴിച്ചിട്ടില്ലെന്ന് പറഞ്ഞ് വികാരാധീനനായി സംസാരിക്കുന്ന ഇയാൾ, ഒടുവിൽ ഒരു നേരത്തെ ഭക്ഷണത്തിനും ഒരു ജോഡി വസ്ത്രത്തിനും എന്ന വ്യാജേന ഗൂഗിൾ പേ വഴി പണം ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.
എറണാകുളം സ്വദേശിയാണെന്ന് പരിചയപ്പെടുത്തിയാണ് ഫോൺ കോളുകൾ വരുന്നത്. പെന്തെക്കോസ്ത് വിഭാഗത്തിലെ പാസ്റ്റർമാരെയും നോർത്ത് ഇന്ത്യയിൽ പ്രവർത്തിക്കുന്ന മലയാളി പാസ്റ്റർമാരെയും നേതൃനിരയിലുള്ള സുവിശേഷകരായ സഹോദരിമാരെയുമാണ് പ്രധാനമായും ഇയാൾ ബന്ധപ്പെടുന്നത്.
ഇതിനോടകം തന്നെ നിരവധി സഭാ ശുശ്രൂഷകർക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിട്ടുണ്ട്. വ്യാജ കോളുകളിൽ വീഴാതെ ജാഗ്രത പുലർത്തണമെന്നും, സംശയകരമായ കോളുകൾ തുടക്കത്തിൽ തന്നെ അവസാനിപ്പിക്കണമെന്നും വിവിധ യു.പി.എഫ് യൂണിറ്റ് ഭാരവാഹികളും പാസ്റ്റേഴ്‌സ് ഫെലോഷിപ്പ് ഭാരവാഹികളും അറിയിച്ചു.
Advertisement






































































