കേരള പെന്തെക്കോസ്ത് റൈറ്റേഴ്‌സ് ഫോറം സെമിനാറിന് അനുഗ്രഹ സമാപ്തി 


കേരള പെന്തെക്കോസ്ത് റൈറ്റേഴ്‌സ് ഫോറം സെമിനാറിന് അനുഗ്രഹ സമാപ്തി 
ad
ad
ad

ഡാളസ്: കേരള പെന്തെക്കോസ്ത് റൈറ്റേഴ്‌സ് ഫോറം ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മസ്‌ക്യൂറ്റ് ഷാരോൺ ഫെലോഷിപ്പ് സഭാ ഓഡിറ്റോറിയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ചാപ്റ്റർ പ്രസിഡന്റ് ഷാജി മണിയാറ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. മുൻകാല എഴുത്തുകാരുടെ വാക്കുകളും അക്ഷരങ്ങളും തലമുറകളെ സ്വാധീനിക്കുന്നവയായിരുന്നെന്നും അവരുടെ ജീവിതം സമൂഹത്തിൽ ഒരു തുറന്ന പുസ്തകമായിരുന്നുവെന്നും ഷാജി മണിയാറ്റ് പറഞ്ഞു.

​ഒരു വ്യക്തിയുടെ ജീവിതവും എഴുത്തും വാക്കുകളും ഒരുപോലെ മറ്റുള്ളവരെ സ്വാധീനിക്കുന്നവയായാൽ, ആ വ്യക്തി സമൂഹത്തിൽ ലൈറ്റ് ഹൗസ് പോലെ പ്രകാശം ചൊരിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടര്‍ന്ന് എഴുത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും വിവിധ ഘടനകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

​റവ.ജോർജ്ജ് മാത്യു പുതുപ്പള്ളി 'എഴുത്ത് തലമുറകളിലൂടെ' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.

ജെയിംസ് ഇമ്മാനുവേൽ ആശംസാ സന്ദേശം നൽകി. റവ.മാത്യു വർഗ്ഗീസ്, റവ.വീയപുരം ജോർജ്ജുകുട്ടി എന്നിവർ വിവിധ ശുശ്രൂഷകൾ നിർവ്വഹിച്ചു. റവ. കോശി വൈദ്യൻ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഷാജി വിളയിൽ, ഷാരോൻ മാത്യു, സിസ്റ്റർ പ്രിൻസി മാത്യു തുടങ്ങിയവർ ഗാനശുശ്രൂഷ നയിച്ചു. ചാപ്റ്റർ സെക്രട്ടറി എസ്.പി. ജെയിംസ് സ്വാഗതവും ട്രഷറർ രാജു തരകൻ കൃതജ്ഞതയും രേഖപ്പെടുത്തി.

​വിവിധ സഭാശുശ്രൂഷകർ, സഭാ ലീഡേഴ്സ്, വിശ്വാസികൾ, പത്രപ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഷാജി മണിയാറ്റ് (പ്രസിഡന്റ്), എസ്.പി. ജെയിംസ് (സെക്രട്ടറി), രാജു തരകൻ (ട്രഷറർ), വെസ്ലി മാത്യു (മീഡിയ), സാം മാത്യു (പബ്ലിസിറ്റി കൺവീനർ) എന്നിവരാണ് ചാപ്റ്ററിന്റെ നിലവിലെ ഭാരവാഹികൾ.

വാർത്ത: രാജു തരകൻ