പെറ്റമ്മ മറന്നാലും മറക്കാത്ത യേശു
റവ. ജോർജ് മാത്യു പുതുപ്പള്ളി
ബാല്യത്തിൽ പഠിച്ച ഒരു കഥ ഇങ്ങനെ : രാമുവും ശങ്കുവും ഉറ്റ കൂട്ടുകാരാണ്. ഇരുവരും തേൻ ശേഖരിക്കാൻ കാട്ടിൽപോയി. പെട്ടെന്ന് ഒരു കരടി അവരെ ആക്രമിക്കാനെത്തി. രാമു ഓടി ഒരു മരത്തിൽ കയറി. ശങ്കുവിന് മരത്തിൽ കയറാൻ പറ്റിയില്ല. ശങ്കു മരിച്ചവനെപ്പോലെ ശ്വാസംപിടിച്ചു നിലത്തു കിടന്നു. കരടി ശങ്കുവിനെ മണത്തുനോക്കി ജീവനില്ലെന്നു തെറ്റിദ്ധരിച്ച് മടങ്ങിപ്പോയി. കുറെ കഴിഞ്ഞ് രാമു ഇറങ്ങി വന്ന് ശങ്കുവിനോടു ചോദിച്ചു : 'കരടി എന്താണ് നിന്റെ ചെവിയിൽ പറഞ്ഞത് ?' ശങ്കു പറഞ്ഞു : 'ആപത്തിൽ സഹായിക്കാത്ത കൂട്ടുകാരനെ ഒരിക്കലും വിശ്വസിക്കരുത്' എന്നാണ് കരടി എന്നോട് പറഞ്ഞത്. ഇതൊരു സാങ്കല്പികകഥയാണെങ്കിലും ഒരു വലിയ സത്യം ഈ കഥയിൽ ഉള്ളടങ്ങിയിരിക്കുന്നു
യേശുകർത്താവും വിശുദ്ധ വേദപുസ്തകവും മനുഷ്യർ തമ്മിലുള്ള ബന്ധത്തിനു വലിയ പ്രാധാന്യമാണ് നൽകുന്നത്. പെന്തെക്കൊസ്ത് - ബ്രദറൺ തുടങ്ങിയ പ്രൊട്ടസ്റ്റന്റ് സഭകളിലെ വിശ്വാസികൾ പരസ്പരം കാണുമ്പോൾ വിളിക്കുന്നതുതന്നെ 'സഹോദരാ' (Brother) അഥവാ 'സഹോദരി' (Sister) എന്ന പേരിലാണ്. സെന്റ് പോളിനെപ്പോലുള്ളവർ ലേഖനമെഴുതുമ്പോൾ അഭിസംബോധന ചെയ്യുന്നതും 'അതതു സഭകളിലെ വിശുദ്ധ സഹോദരങ്ങൾക്ക്' എന്ന പേരിലാണ്.
ന്യായപ്രമാണത്തിലെ ഏറ്റവും വലിയ കൽപന ദൈവത്തെ പൂർണ്ണ ഹൃദയത്തോടെ സ്നേഹിക്കുന്നതും, തന്നെപ്പോലെ തന്റെ അയൽക്കാരനെ സ്നേഹിക്കുന്നതുമാണെന്ന് യേശു പഠിപ്പിച്ചു. 'കൂട്ടുകാരനു വേണ്ടി തന്റെ ജീവനെ നൽകുന്നതിനെക്കാൾ വലിയ സ്നേഹമില്ലെന്നു കൂടി' കർത്താവ് പറയുന്നുണ്ട്. മനുഷ്യർ തമ്മിലുള്ള ബന്ധം ദൈവികസ്നേഹത്തിൽ അധിഷ്ഠിതമായിരിക്കണമെന്ന് വിശുദ്ധ ബൈബിൾ വ്യക്തമാക്കുന്നു. സ്നേഹത്തിന്റെ ഒരു അദ്ധ്യായം തന്നെ പൗലൊസ് അപ്പൊസ്തോലൻ എഴുതിയിട്ടുണ്ടല്ലോ.
ജ്ഞാനിയായ ശലോമോൻ ഇപ്രകാരം രേഖപ്പെടുത്തുന്നു : 'സ്നേഹിതൻ എല്ലാക്കാലത്തും സ്നേഹിക്കുന്നു. അനർത്ഥകാലത്തോ അവൻ സഹോദരനായിത്തീരുന്നു' (സദൃശ്യവാക്യങ്ങൾ 17 : 17). എന്നാൽ ദു:ഖകരമെന്നു പറയട്ടെ ക്രിസ്തീയസഭകളിൽ ആദിമകാലത്ത് ഉണ്ടായിരുന്നതു പോലുള്ള ദൈവിക സ്നേഹബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. അന്ത്യകാലത്തിന്റെ ലക്ഷണങ്ങൾ പ്രസ്താവിക്കുന്ന കൂട്ടത്തിൽ 'അധർമം പെരുകുന്നതുകൊണ്ട് അനേകരുടെ സ്നേഹം തണുത്തുപോകുമെന്ന്' പ്രവചനരൂപേണ പൗലൊസ് രേഖപ്പെടുത്തുന്നുണ്ട്
യഹൂദസഭയുടെ അപചയത്തിനും മൂല്യച്യുതിക്കുമുണ്ടായിരുന്ന മൂന്നു കാരണങ്ങൾ, അനുതാപമില്ലാത്ത ആരാധന, സ്നേഹമില്ലാത്ത കർമ്മാനുഷ്ഠാനങ്ങൾ, ഹൃദയപരിവർത്തനമില്ലാത്ത കാരുണ്യപ്രവൃത്തികൾ എന്നിവയായിരുന്നു. ഇവ ആധുനിക ക്രൈസ്തവസഭകളിലും കടന്നു കൂടിയിട്ടുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതിവിശുദ്ധവിശ്വാസത്തിൽ അടിയുറച്ചു നിന്നുകൊണ്ട് സഭയുടെ നഷ്ടമായിക്കൊണ്ടിരിക്കുന്ന തനിമ വീണ്ടെടുക്കുവാൻ നമുക്ക് ആത്മാർത്ഥമായി യത്നിക്കാം.
ചിന്തക്ക് : 'ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ. എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മർമങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാൻതക്ക വിശ്വാസമുണ്ടായാലും സ്നേഹമില്ല എങ്കിൽ ഏതുമില്ല. എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും സ്നേഹം ഇല്ല എങ്കിൽ എനിക്ക് ഒരു പ്രയോജനവും ഇല്ല. സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു. സ്നേഹം സ്പർദ്ധിക്കുന്നില്ല, സ്നേഹം നിഗളിക്കുന്നില്ല, അഹങ്കരിക്കുന്നില്ല, അയോഗ്യമായി നടക്കുന്നില്ല, സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല' (1 കൊരിന്ത്യർ 13 : 1..5).




