വി.ബി.എസ് വിലപേശി വികൃതമാക്കരുത്

വി.ബി.എസ് വിലപേശി വികൃതമാക്കരുത്

വി.ബി.എസ് വിലപേശി വികൃതമാക്കരുത്

യാതൊരു പ്രയത്നമോ ചിന്തയോ കൂടാതെ പെട്ടെന്നു തട്ടിക്കൂട്ടിയുള്ള സിലബസും കുറേ പൊളി പാട്ടുകളും സംഘടിപ്പിച്ച് ഈ ശുശൂഷയുടെ ക്വാളിറ്റിയേയും ഉദ്ദേശ്യശുദ്ധിയേയും കാറ്റിൽ പറത്തുന്നതു ദുഃഖകരം തന്നെ. കുട്ടികളുടെയിടയിലെ ശുശ്രൂഷ അതിനായി വിളിക്കപ്പെട്ടവർ ചെയ്യട്ടെ. അല്ലാതെയുള്ള വാശി തീർക്കലുകൾ അപലപനീയം തന്നെ

രു അവധിക്കാലംകൂടെ വന്നെത്തി വെക്കേഷൻ ബൈബിൾ സ്കൂൾ ക്ലാസുകളുടെ ദിനങ്ങളാണിപ്പോൾ . ചിലയിടങ്ങളിൽ വിബിഎസ് തുടങ്ങിക്കഴിഞ്ഞു . അരനൂറ്റാണ്ടിൽ അധികമായി കേരളത്തിൽ സജീവമായി തുടർന്നുവരുന്ന അവധിക്കാല സുവിശേഷ പ്രവർത്തന മേഖലയാണ് അവധിക്കാല വേദ പഠന ശാലകൾ, അഥവാ വി. ബി. എസ്. വിദേശത്താണ് തുടക്കമെങ്കിലും നമ്മുടെ രാജ്യത്തും കുട്ടികൾക്കിടയിൽ വൻ ചലന മാണുണ്ടാക്കിയത്. വിഭാഗവ്യത്യാസമില്ലാതെ മിക്ക ക്രൈസ്തവ സഭാവിഭാഗങ്ങളും അന്നിനെ സ്വാഗതം ചെയ്തു. കേരളത്തിൽ വി. ബി. എസിനു പ്രചാരമുണ്ടാക്കുന്നയിൽ മുൻപന്തിയിൽ നിന്നതു മർത്തോമ്മാ, സി. എസ്. ഐ. സഭാവിഭാഗങ്ങളായിരുന്നു. പിന്നീടു പെന്തെക്കൊസ്തുകാർ ഈ രംഗത്തു സജീവമായെത്തി. വി ബി എസുകൾ കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഹൃദ്യമാക്കുന്നതിൽ CSSM, CEF എന്നീ സംഘടനകൾക്കും നമ്മുടെ സഹോദരന്മാരാൽ ആരംഭിച്ച പ്രസ്ഥാനങ്ങൾക്കുമുള്ള പങ്ക് എത്ര പ്രശംസിച്ചാലും മതിയാകയില്ല. ദൈവ രാജ്യത്തിനു വിലപ്പെട്ട സേവനമാണ് അവർ ചെയ്യുന്നത്. ഓരോ പ്രദേശത്തെയും സഭകൾ ഒത്തൊരുമിച്ച് നടത്തിയിരുന്ന യുണൈറ്റഡ് വി ബി എസുകളായിരുന്നു തുടക്കത്തിൽ. ഓരോ വർഷത്തേയും ചിന്താവിഷയത്തെ ആസ്പദമാക്കിയുള്ള പാട്ടുകളും ധ്യാനപ്രസംഗങ്ങളും, ക്ലാസുകളും മിഷനറികഥകളും കുട്ടികളിലും അധ്യാപകരിലും പരിവർത്തനം സൃഷ്ടിച്ചു. പിൽക്കാലത്തു സുവിശേഷ പ്രവർത്തകരായിത്തീർന്ന പലർക്കും തുടക്കത്തിൽ പ്രചോദനമായതു വി ബി.എസുകളായിരുന്നു.

ഇന്നു ഓരോ സഭാവിഭാഗവും സ്വന്തം വി.ബി.എസ്. ചിട്ടപ്പെടു ത്തിയിരിക്കുകയാണ്. മാത്രമല്ല. കുട്ടികളുടെയിടയിൽ പ്രവർത്തിക്കുന്ന പല സംഘടനകളും പ്രത്യേക പാഠ്യക്രമം നടപ്പിലാക്കിവരുന്നുണ്ട്. ഇതു നല്ലതാണെങ്കിലും ഈ സംഘടനകൾക്കു തമ്മിലുള്ള അനാരോഗ്യകരമായ മത്സരങ്ങൾ വിബിഎസിൻ്റെ അന്തസത്ത തകർക്കുംവിധം ദുഃഖകരമായി മാറുന്നുവോ എന്ന് തോന്നുന്ന വിധമാണ് ഇപ്പോൾ കേൾക്കുന്ന വാർത്തകൾ.. ഏതാനും ചില വർഷങ്ങൾ മുമ്പുതന്നെ ഗുഡന്യൂസ് ഇതിനെതിരെ മുന്നറിയിപ്പ് നൽകിയത് ഓർക്കുന്നു. പ്രദേശിക പെന്തെക്കോസ്തു സഭാപ്രസ്ഥാനങ്ങൾ സ്വന്തം നിലയിൽ വിബിഎസ് സിലബസ് തയ്യാറാക്കി നടപ്പിലാക്കാൻ ശ്രമിക്കുന്നതു ഗുണമാകുമോ എന്നു കണ്ടറിയണം. 

മുൻകാലങ്ങളിൽ പെന്തക്കോസ്തു സഭകളിൽ ബാംഗ്ലൂർ വിബിഎസ് മിനിസ്ട്രീസിൻ്റെ സിലബസിൽ നടത്തിയ അവധിക്കാല ക്ലാസുകളിൽ ഇതര സഭകളിൽപെട്ടവരും സംബന്ധിച്ചിരുന്നു. ഇന്നു തികഞ്ഞ പെന്തെക്കോസ്തു വിബിഎസ് ആകുന്നത് ആ വിഭാഗത്തിൽപ്പെട്ടവരെ നമ്മിൽ നിന്ന് അകറ്റുകയാണ്. കാൽനൂറ്റാണ്ടോളം ഫലകരമായി വി ബി എസ് നടത്തിവന്ന ഒരു സഭാ ശുശ്രൂഷകനെ സഭാധികാരികൾ തങ്ങളുടെ സഭയുടെ സിലബസ നുസരിച്ചുള്ള വിബിഎസ് നടത്താൻ സമ്മർദം ചെലുത്തുന്നുവെന്നു അദ്ദേഹം സങ്കടത്തോടെ പറഞ്ഞത് പലരും ഇഷ്ടമില്ലെങ്കിലും നിർബന്ധിക്കപ്പെടുന്നുവെന്നതിന്റെ തെളിവാണ്. ഇത്തരം അനാരോഗ്യകരമായ പ്രവണതയെ മനസിലാക്കാൻ ഈ രംഗത്തേക്കു വന്നിട്ടുള്ള നവാഗതർക്കു കഴിയണം.

കുട്ടികളുടെ ആത്മീയ ശിക്ഷണത്തിൽ വി.ബി.എസിനു നല്ല സ്ഥാനമുണ്ട്. സണ്ടേസ്കൂളുകളിൽ പോകുവാൻ താല്പര്യമില്ലാത്ത കുട്ടികൾ പോലും വി.ബി.എസ്സിൽ മടികൂടാതെ പങ്കെടുക്കും. വി. ബി.എസിലെ വ്യത്യസ്ഥമായ പാഠ്യപദ്ധതിയും പഠനസംവിധാനങ്ങളുമാണ് കാരണം. ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുന്ന വി.ബി.എസ്സുകൾ കുട്ടികളുടെ ജീവിതത്തിൽ ചലനം സൃഷ്ടിക്കും. ദൈവവചനപഠനത്തിനു ഉത്സാഹം ജനിപ്പിക്കുന്നതിനു വി.ബി.എസുകൾക്കു കഴിയണം. ഇതര മതസ്ഥരായ കുട്ടികൾക്കും സുവിശേഷ വെളിച്ചം പകർന്നു കൊടുക്കുവാൻ നല്ല ഉപാധിയാണ് വി.ബി.എസ്. ഈ സാഹചര്യം സുവിശേഷീകരണത്തിൻ്റെ ഭാഗമായി ഉപയോഗിക്കുവാൻ സഭകൾ ശ്രദ്ധിക്കയും വേണം. അതുപോലെ മുമ്പുണ്ടായിരുന്നതുപോലെ പത്തുദിവസം ഇല്ലെങ്കിലും ഒരാഴ്ചയെങ്കിലും ഇതിനായി മാറ്റിവയ്ക്കണം. പ്രായമായ ഒരാൾ രക്ഷിക്കപ്പെട്ടു മുന്നോട്ടു വരുന്നതിലും പ്രാധാന്യം കുട്ടികൾ രക്ഷാനുഭവത്തിലേയ്ക്കു നയിക്കപ്പെടുന്നതിനുണ്ടെന്ന സത്യം നാം ഓർത്തിരിക്കേണം. വി.ബി.എസിനെ ചിലർക്കു വിലപേശലിനല്ല പകരം, ഫലകരമായ ശുശ്രൂഷയായി കാണുവാൻ ഇടയാകട്ടെ.

ഓരോ വർഷവും വിബിഎസിനു വേണ്ടി പുറത്തിറക്കുന്ന പാട്ടുകളും പാഠ്യപദ്ധതികളും വളരെ പ്രാർഥനകൾക്കും ഒട്ടേറെ ചർച്ചക്കൾക്കും ചിന്തകൾക്കും വിധേയമാക്കിയാണ് ചിട്ടപ്പെടുത്തുന്നത്. ചില സംഘടനകൾ മൂന്നു മുതൽ അഞ്ചു വർഷത്തോളമുള്ള കഠിന പ്രയത്നമാണ് ഇതിനായിമാത്രം ചെലവഴിക്കുന്നത്. യാതൊരു പ്രയത്നമോ ചിന്തയോ കൂടാതെ ചിലർ ചേർന്നു പെട്ടെന്നു തട്ടിക്കൂട്ടിയുള്ള സിലബസും കുറേ പൊളി പാട്ടുകളും സംഘടിപ്പിച്ച് ഈ ശുശൂഷയുടെ ക്വാളിറ്റിയേയും ഉദ്ദേശ്യശുദ്ധിയേയും കാറ്റിൽ പറത്തുന്നതു ദുഃഖകരം തന്നെ. കുട്ടികളുടെയിടയിലെ ശുശ്രൂഷ അതിനായി വിളിക്കപ്പെട്ടവർ ചെയ്യട്ടെ. അല്ലാതെയുള്ള വാശി തീർക്കലുകൾ അപലപനീയം തന്നെ.

Advertisement