"ഭർത്താവിനെ കൊലപ്പെടുത്തിയ വ്യക്തിയോട് ക്ഷമിക്കുന്നു; വെറുപ്പിന് മറുപടി സ്നേഹം”: എറിക്ക കിർക്ക്

"ഭർത്താവിനെ കൊലപ്പെടുത്തിയ വ്യക്തിയോട് ക്ഷമിക്കുന്നു; വെറുപ്പിന് മറുപടി സ്നേഹം”:  എറിക്ക കിർക്ക്

വാർത്ത: മോൻസി മാമ്മൻ തിരുവനന്തപുരം

ഗ്ലെൻഡേൽ (അരിസോണ): സെപ്റ്റംബർ 10ന് അമേരിക്കയിലെ യൂട്ടാ യൂണിവേഴ്സിറ്റിയിൽ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ട ചാർളി കിർക്കിന്റെ അനുസ്മരണ സമ്മേളനത്തിൽ, ഭാര്യ എറിക്ക കിർക്കിന്റെ അനുസ്മരണ സന്ദേശം അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടി. ഭർത്താവിനെ കൊലപ്പെടുത്തിയതായി ആരോപണവിധേയനായ പ്രതിയോടു താൻ ക്ഷമിച്ചുവെന്നും, ചാർളിയുടെ ജീവിതം പോലെ തന്നെയും സുവിശേഷത്തിന്റെ പ്രകാശം പങ്കിടാൻ താൽപര്യമുണ്ടെന്നും അവർ വ്യക്തമാക്കി.

അനുസ്മരണ സമ്മേളനത്തിൽ അമേരിക്കൻ പ്രസിഡന്റ് ട്രമ്പിനൊപ്പം എറിക്ക

“ക്രിസ്തു ചെയ്തതു പോലെ തന്നെയും, ചാർളിയും എല്ലായ്പ്പോഴും ചെയ്തതു പോലെ തന്നെയും, ഞാൻ ആ വ്യക്തിയോട്  ക്ഷമിക്കുന്നു. വെറുപ്പിനുള്ള മറുപടി വെറുപ്പ് അല്ല; സുവിശേഷം നമ്മെ പഠിപ്പിക്കുന്ന ഉത്തരം സ്നേഹമാണ്,” ഭർത്താവിന്റെ മരണ നിമിഷങ്ങളെ ഓർമ്മിച്ചുകൊണ്ട് അവർ പറഞ്ഞു:
“അത് വളരെ തൽക്ഷണമായിരുന്നു. അദ്ദേഹത്തിന് ഭയമോ വേദനയോ ഒന്നും ഉണ്ടായിരുന്നില്ല. ചാർലിയുമായുള്ള എന്റെ വിവാഹമാണ് എനിക്ക് സംഭവിച്ച ഏറ്റവും നല്ല അനുഭവം. അത് അദ്ദേഹത്തിനും സംഭവിച്ച ഏറ്റവും വലിയ അനുഗ്രഹമാണെന്ന് എനിക്കറിയാം. എല്ലാവർക്കും ആ സന്തോഷം അനുഭവിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.”

“എന്റെ ഭർത്താവ് സ്വന്തം ജീവൻ അപഹരിച്ചയാളെപ്പോലെ ഉള്ള യുവാക്കളെ രക്ഷിക്കണമെന്ന് ആഗ്രഹിച്ചു. അതുകൊണ്ടാണ് ഞാൻ വെറുപ്പിന് മറുപടി വെറുപ്പല്ല, മറിച്ച് സ്നേഹമെന്നു പറയുന്നത്. നമ്മുടെ ശത്രുക്കളോടും നമ്മെ പീഡിപ്പിക്കുന്നവരോടും സ്നേഹിക്കണമെന്നു സുവിശേഷം നമ്മെ പഠിപ്പിക്കുന്നു,” എന്നും എറിക്ക വ്യക്തമാക്കി.

കൊലപാതകക്കുറ്റം ചുമത്തപ്പെട്ട ടൈലർ റോബിൻസണിന് വധശിക്ഷ ആവശ്യപ്പെടില്ലെന്നും അവർ വ്യക്തമാക്കി. ന്യൂയോർക്ക് ടൈംസിനോട് സംസാരിക്കുമ്പോൾ എറിക്ക പറഞ്ഞു:
“എന്റെ കണക്ക് പുസ്തകത്തിൽ ആ മനുഷ്യന്റെ രക്തം പുരട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം, ഞാൻ സ്വർഗത്തിൽ എത്തുമ്പോൾ യേശു എന്നോട് ചോദിക്കുമോ — ‘കണ്ണിന് കണ്ണ്? നമ്മൾ അങ്ങനെയാണോ ചെയ്യുന്നത്?’ അതുകൊണ്ടു ഞാൻ ചാർലിയോടൊപ്പം സ്വർഗത്തിൽ പ്രവേശിക്കുന്നത് നഷ്ടപ്പെടുത്താൻ എനിക്ക് മനസ്സില്ല.”

Advt.