ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസ് ഓട്ടോയിലിടിച്ച് അപകടം : രോഗിക്ക് ദാരുണാന്ത്യം
കുന്നംകുളം : ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ രോഗി മരിച്ചു.
കുന്നംകുളം ഡിസൈപ്പിൾസ് ടാബർനാക്കിൾ ചർച്ച് സഭാംഗമായ അകതിയൂർ സ്രാമ്പിക്കൽ വീട്ടിൽ ജോണി (65) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ കുന്നംകുളത്ത് ഗുരുവായൂർ റോഡിൽ വെച്ചായിരുന്നു സംഭവം. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് ആംബുലൻസിൽ പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം നേരിട്ടതോടെ വീണ്ടും തിരിച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു അപകടം. ഈ സമയത്ത് മുന്നിലുണ്ടായിരുന്ന ഓട്ടോ അശ്രദ്ധമായി ഹെർബട്ട് റോഡിലേക്ക് പെട്ടെന്ന് തിരിച്ചതാണ് അപകടത്തിന് കാരണമായത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞുവെങ്കിലും ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഉടനെ
രോഗിയെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മാസങ്ങൾക്ക് മുൻപ് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ജോണി കിഡ്നി സംബന്ധമായ അസുഖം മൂലം ചില ദിവസങ്ങളായി ഡയാലിസിസിന് വിധേയമാക്കിയിരുന്നു. മൂത്രം പോകുന്നതിന് ഇട്ടിരുന്ന ട്യൂബ് നീക്കം ചെയ്യാനാണ് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഗുരുവായൂർ റോഡിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പോയത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംസ്കാരം ഞായറാഴ്ച വൈകീട്ട് കുന്നംകുളം വി നാഗൽ ബറിയൽ സെമിത്തേരിയിൽ നടക്കും .
ഭാര്യ : ജോളി, മക്കൾ: നിഖിൽ, നീനു (മസ്ക്കറ്റ്).മരുമകൻ: അജു ജോസഫ് (മസ്ക്കറ്റ്)
വാർത്ത: ഡെന്നി പുലിക്കോട്ടിൽ