ബോധ്യങ്ങളെ അടിസ്ഥാനമാക്കാമോ?
ബോധ്യങ്ങളെ അടിസ്ഥാനമാക്കാമോ?
കഴിഞ്ഞ ആഴ്ചകളിൽ മലയാളി സമൂഹത്തിനും അറബ് സമൂഹത്തിനും ചർച്ചാവിഷയമായ രണ്ടു അപകടങ്ങൾ, തുടർന്നുണ്ടായ വിവിഐപി കളുടെ മരണം ചിന്തനീയമാണ്.
രണ്ടു സമൂഹത്തിലും ഇവർ ആദരണീയരും ധാരാളം വിമര്ശനം ഏറ്റവരുമാണ്. രണ്ടു സംഭവത്തിലും കുലപാതക ആരോപണവും നിലവിലുണ്ട്. ആത്മീക ലോകവും. രാഷ്ട്രീയ ലോകവും സാങ്കേതിക ലോകവും അവർക്കു കയ്യെത്തുന്നിടത്തു ആയിരുന്നു.
അവരുടെ മരണം, തുടർന്നുള്ള വിലാപയാത്രകൾ, ദുഃഖാചരണം ഇവയെല്ലാം അസാധാരണമായ ജനപങ്കാളിത്തത്തോടുകൂടിയായിരുന്നു.
കാരണം എന്തായിരുന്നു ? അവരുടെ ബോധ്യങ്ങൾ ! ബോധ്യങ്ങൾക്കു അവർ നൽകിയ വില ! ക്രൈസ്‌തവ സമൂഹത്തിലും ഇസ്‌ലാം സമൂഹത്തിലും ഇവരുടെ ബോധ്യങ്ങളെ അംഗീകരിക്കാത്തവരാണ് ഭൂരിപക്ഷം എങ്കിലും അവർക്കതു വിഷയമായിരുന്നില്ല.
എന്തേ നമുക്കെന്തെങ്കിലും ബോധ്യമുണ്ടോ ? നമ്മുടെ ബോധ്യങ്ങൾ എല്ലാം കഥയുള്ള ബോധ്യങ്ങൾ ആണോ ? നമുക്കതിനു ആധാരം എന്താണ് ? വാസ്‌തവത്തിൽ നമ്മുടെ വ്യാഘ്യനമാണോ അതോ സത്യത്തിന്റെ ഒരു വശം മാത്രമാണോ നമ്മുടെ ബോധ്യങ്ങൾക്കാധാരം ?
ഉദാഹരണത്തിന് നാം വിഗ്രഹ ആരാധനാ വിരോധികളാണ് എന്നാൽ പുതുനിയമത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു ദ്രവ്യാഗ്രഹവും അത്യാഗ്രഹവും വിഗ്രഹാരാധനയാണെന്നു. “ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ.” (കൊലോ 3:5) ദുർന്നടപ്പുകാരൻ, അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവർക്കു ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ. ( എഫേ 5.5 ).
പണം നമുക്ക് ആവശ്യമാണ് , പക്ഷെ പണക്കാരെയും പണം തരുന്നവരെയും കാണുന്നതുപോലാണോ സഭ ബാക്കിയുള്ളവരെയും കാണുന്നത് ? നന്ദി നമുക്ക് വേണം പക്ഷെ ആരാധന പണം വരുന്ന മാർഗത്തോടും പണത്തിനോടും ഉണ്ടോ? ഉണ്ടെങ്കിൽ അതും വിഗ്രഹാരാധനയിൽ പെടും. അതിനര്ദ്ധം നാം ദാരിദ്ര്യ പ്രീയരാകണം എന്നുമല്ലല്ലോ.
ലോകവ്യാപകമായി ക്രൈസ്‌തവരുണ്ട്, പെന്തക്കോസ്തരുണ്ട്, പക്ഷെ അതിലെ ഏറ്റവും സ്വീകാര്യനായ വ്യക്തിയുടെപോലും ബോധ്യങ്ങൾ ബാക്കിയെല്ലാവരും അംഗീകരിക്കുന്നില്ല. ഉദാഹരണത്തിന് ബില്ലിഗ്രഹാമിനെപ്പോലെ കഴിഞ്ഞ നൂറ്റാണ്ടിൽ സ്വീകാര്യനായ ഒരു സുവിശേഷകൻ വേറെ ആരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. ജീവിതാന്ത്യത്തിൽ അദ്ദേഹം തുറന്നുപറഞ്ഞ ആശങ്ക “യേശുക്രിസ്തുവിൽകൂടെ മാത്രമേ രക്ഷയുള്ളൂ എന്ന് നമുക്കെങ്ങനെ പറയാൻ കഴിയും, വിശേഷിച്ചു എത്രയോ കോടിയാളുകൾ സുവിശേഷം കേൾക്കാതെ മരിക്കുകയും ഇന്നും ജീവിച്ചിരിക്കയും ചെയ്യുമ്പോൾ.” ഈ സംശയവും പ്രസ്താവനയും നിമിത്തവും അദ്ദേഹവും വളരെ വിമര്ശിക്കപ്പെട്ടിട്ടുണ്ട്. തലവാചകം ആവർത്തിക്കട്ടെ ബോധ്യങ്ങളെ നമുക്ക് അടിസ്ഥാനമാക്കാമോ ?
ഞാനോർക്കുന്നു ഞങ്ങൾ വൈദിക പഠനം നടത്തിയ കാലത്തു ഐപിസിയിലെ പ്രമുഖനായ ഒരു ദൈവദാസന്റെ സഹോദരൻ ഓ എം ടീമിനെ പ്രതിനീധീകരിച്ചു ഞങ്ങളുടെ ചാപ്പൽ സർവീസിൽ സംസാരിക്കുവാൻ വന്നു. മാനസാന്തരം അല്ലെങ്കിൽ രക്ഷ കൊണ്ട് മാത്രം സന്ദേശം അവസാനിപ്പിക്കുന്ന - സ്നാനം , ആത്മസ്നാനം , വേർപാട് തുടങ്ങിയ അടിസ്ഥാന ഉപദേശങ്ങളെ അവർ പഠിപ്പിക്കാതെ, ഏവർക്കും സ്വീകാര്യമായ ആദ്യ തലം കൊണ്ട് എന്തുകൊണ്ട് നിര്ത്തുന്നു എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി വളരെ രസാവഹമായിരുന്നു. പൗലോസപ്പൊസ്തലൻ പോലും പറഞ്ഞു “സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു;”
(1 കോരി 1.17).
ഞങ്ങൾ വിദ്യാർഥികൾ ഒരു വിധത്തിൽ പറഞ്ഞാൽ വാപൊളിച്ചിരുന്നുപോയി. ചുരുക്കിപ്പറഞ്ഞാൽ അപ്പോസ്തലന്മാർ കല്യാണം നടത്തിയതിനും, ശവമടക്കിയതിനും, ശിശു പ്രതിഷ്ട നടത്തിയതിനും, സഭാഹോളിനുപോലും തറക്കല്ലിടാഞ്ഞതുകൊണ്ടും ഇതിനൊന്നും വാക്യമില്ലാത്തതുകൊണ്ടു ഇതെല്ലം സഭാ സെക്രട്ടറി ചെയ്താൽ എന്നാ കൊഴപ്പം ? ( ഇത് വായിച്ചിട്ടു ഞങ്ങളുടെ പണി ആരും ഇല്ലാതാക്കരുതേ !) എന്തിനധികം, ആദ്യത്തെ കൈവെപ്പു ശുശ്രുഷപോലും കൈവെപ്പുകിട്ടിയ ചരിത്രമില്ലാത്തവരാണ് ചെയ്തതായി നാം കാണുന്നത് - കൈവെപ്പുകിട്ടുന്നതിനു മുൻപുതന്നെ അവർ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ആയിരുന്നു എന്നും തെളിവുണ്ട്.- കർത്താവു ഊതി പരിശുദ്ധാത്മാവിനെ കൈക്കൊള്ളുവാൻ പറഞ്ഞക്കൂട്ടത്തിൽ പോലും ഉള്ളവരല്ല കൈവെപ്പു കൊടുത്തവരും കിട്ടിയവരും. “ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ.” (യോഹ20;22.) ഈ കൂട്ടത്തിലും അവരില്ലായിരുന്നുവല്ലോ. ചോദ്യം ആവർത്തിക്കുന്നു നമ്മുടെ ബോധ്യങ്ങൾക്കെല്ലാം വാക്യമുണ്ടോ ?
എന്നെ ഏറെ ചിന്തിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്ത ഒരു വസ്തുത, ഞാൻ ഉൾപ്പെടുന്ന സംഘടനയുടെ ആദ്യത്തെ രണ്ടു പ്രസിഡന്റുമാരുടെ അംഗത്വം ഉണ്ടായിരുന്ന സഭകളിലെ അംഗങ്ങളും, ബൈബിൾ കോളേജിലെ എന്റെ ഒരു അധ്യാപകനും ആയിരുന്ന, നമ്മുടെ സഹോദര സഭയിലെ ദീർഘകാലത്തെ അനിഷേധ്യ നേതാവിന്റെ മകനും, നമ്മുടെ തന്നെ ഒരു പ്രധാന പ്രാദേശിക സഭയുടെ അംഗവും അവരുടെ സ്ഥാവര ജംഗമ വസ്തുക്കളുടെ ദാതാവും. - അവരുടെ ബോധ്യങ്ങളിൽ ആണ് നിന്നതെങ്കിൽ, അവരെ എങ്ങനെ കുറ്റപ്പെടുത്തും ?
കുപ്പായം,ആഭരണം, പരേതാത്മാക്കളോടുള്ള പ്രാർഥന, അംശവടി , ശോശപ്പ, ധൂപം വീശൽ അങ്ങനെ പലതും എന്തുകൊണ്ട് അവർക്കു സ്വീകാര്യമായി ?
കുറ്റം നാം വീക്ഷണങ്ങളുടെ ആധാര ശിലയിൽ കാണണം. ബോധ്യങ്ങൾ അല്ല വലുത്. ബോധ്യങ്ങൾ വീരപ്പനും കായംകുളം കൊച്ചുണ്ണിക്കും ബിൻലാദനും ഉണ്ടായിരുന്നു. പകരം നാം അടിസ്ഥാനപ്പെടേണ്ടത്, ആ ബോധ്യങ്ങൾ അളക്കുന്ന മാനദണങ്ങളി ലായിരിക്കണം. തൂക്കുകട്ട നല്ലതുതന്നെ, പക്ഷെ തൂക്കുകട്ടയിലെ ചതുരക്കട്ടയിലെ ശൂഷിരത്തിന്റെ വ്യാസം വർധിച്ചോ ചതുരക്കട്ട തൂക്കു നോക്കി നോക്കി തേഞ്ഞു തേഞ്ഞുപോയോ എന്ന് മേസ്തിരി കൂടെ കൂടെ നോക്കണം.
നമ്മുടെ സ്ഥിതിയുമല്ല പ്രധാനം , നമ്മുടെ ആവശ്യവുമല്ല പ്രധാനം. പഠിപ്പിക്കുന്നതുമല്ല പ്രധാനം, പഠിച്ചുവെച്ചതുമല്ല പ്രധാനം. നാം വിശ്വസിക്കുന്നത് എന്തുകൊണ്ട് നാം വിശ്വസിക്കുന്നു അതാണ് പ്രധാനം. അതറിയാതിരുന്നാൽ നാം എവിടെച്ചെന്നു നിൽക്കുമെന്ന് പ്രവചനാതീതമാണ്. കീർത്തിപെട്ട മല്ലന്മാരുടെ ചാണും നമ്മുടെ ചാണും ഒന്നല്ലല്ലോ.
പറഞ്ഞുവന്നതിന്റെ ചുരുക്കം നമുക്കെല്ലാവർക്കും (ക്ഷമിക്കണം എനിക്ക് ) ഒരു വലിയ ചിന്തയുണ്ട് നാം നമ്മുടെ ബോധ്യങ്ങളിൽ നിന്ന് വ്യതിചലിച്ചിട്ടില്ല. അതിൽ ഉറച്ചുനിൽക്കുന്നു എന്നൊക്കെ. പക്ഷെ ഈ ബോധ്യം ഒക്കെ എന്തിന്റെ ആധാരത്തിലാണ് ? ചിലർ പറയും വചനത്തിലാണെന്നു , ആകട്ടെ നമുക്ക് അറിയാവുന്ന വചനമാണോ അതോ സമ്പൂർണ വചന വെളിപ്പാടിൽ നിന്നാണോ ?
കർത്താവു ചോദിച്ച ചോദ്യം എഴുതി നിര്ത്തുന്നു. അവൻ അവനോടു: “ന്യായപ്രമാണത്തിൽ എന്തു എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു” ? (ലുക്ക് 10.26) കത്തോലിക്കർ തുടങ്ങി നാം വരെ എങ്ങനെ വായിക്കുന്നു എന്നതിലാണ് വിഷയം ഇരിക്കുന്നത്.
Advertisement