സംസ്കാര ശുശ്രൂഷകൾ 

സംസ്കാര ശുശ്രൂഷകൾ 

സംസ്കാര ശുശ്രൂഷകൾ 

2024 സെപ്റ്റംബർ 16 ലെ ഗുഡ്ന്യൂസിൽ പ്രസിദ്ധീകരിക്കപ്പെട്ട, ജോർജ് മാത്യു സാറിന്റെ കത്ത് ആണ് ഈ കുറിപ്പ് എഴുതുവാൻ എന്നെ പ്രേരിപ്പിച്ചത്. ഒരുപാടുനാളായി എന്നെയും അലട്ടുന്ന ഒരു വിഷയത്തെ പ്പറ്റിയാണ് അദ്ദേഹം എഴുതിയത്. പെന്തക്കോസ്തു പ്രസ്ഥാനത്തെപ്പറ്റി ഞാൻ എഴുതിയിട്ടുള്ള പുസ്‌തകങ്ങളിലും, കഴിഞ്ഞവർഷം ഗുഡ്ന്യൂസിൽ വന്ന ഒരു ലേഖനത്തിലും ഇതിനെപ്പറ്റി പ്രതിപാദിച്ചു. ഈ ചിന്തയെ അനുകൂലിച്ചു കൊണ്ടുള്ള ചില പ്രതികരണങ്ങളും കിട്ടി. എന്നാൽ ഇതു നടപ്പിലാക്കുന്നതിൽ നമ്മുടെ സമൂഹം പരാജയപ്പെടുന്നു.

സാമൂഹ്യശാസ്ത്രപരമായ ഒരു വിഷയമാണിത്. 'അടക്കാരാധന' എന്നൊക്കെ അറിയപ്പെടുന്ന ശവസംസ്‌കാര ശുശ്രൂഷ വളരെ നീണ്ടുപോകുന്നതിനും ആരാധനയുടെ ഒരു അംശവും ഇല്ലാതാകുന്നതിനും ഒരു പരിഹാരം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മുടെ സമൂഹത്തിൽ അധികം പേരും, പ്രത്യേകിച്ച് മരിച്ച ആളിന്റെ വീട്ടുകാർ. വളരെ വിഷമാവസ്ഥയിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവർ എത്രനേരം ഇങ്ങനെ ഒരു ഇരിപ്പു ഇരിക്കും? വന്നു പറയാനുള്ളതു പറഞ്ഞിട്ട് മടങ്ങിപ്പോകുന്നവർക്കു കുടുംബാംഗങ്ങളുടെ ശാരീരികാവസ്ഥയെയും മാനസികാവസ്ഥയെയും പറ്റി വല്ല ചിന്തയും ഉണ്ടോ?

എന്നാൽ ആഗ്രഹം ഉണ്ടെങ്കിലും ഇവ എങ്ങനെ നടപ്പാക്കും എന്നും അറിയാത്തവരോ അല്ലെങ്കിൽ നടപ്പിലാക്കാൻ ധൈര്യം ഇല്ലാത്തവരോ ആണ് നാം അധികം പേരും.

ഒന്നാമത് നാം മനസ്സിലാക്കേണ്ടത് നാം കൂടിയിരിക്കുന്നത് അവിടെ വരുന്ന എല്ലാവരെയും ആദരിക്കുന്നതിന് വേണ്ടിയല്ല മരിച്ചുകിടക്കുന്ന വ്യക്തിയുടെ ജീവിതത്തെ ആദരിക്കുന്നതിനും, ആ വീട്ടുകാരോടുള്ള നമ്മുടെ സ്നേഹവും സഹതാപവും പ്രകടിപ്പിക്കുന്നതിനുംവേണ്ടിയാണ്. അതിന് സ്റ്റേജിൽ കയറി ചില വാക്കുകൾ പറയേണ്ട കാര്യമില്ല; നമ്മുടെ സാന്നിധ്യം തന്നെ അവർക്ക് ഒരു ആശ്വാസമാണ്, അതുപോലെ അവിടെ ചെല്ലാനുള്ള മനസ്സ് കാണിച്ചിട്ടുള്ളവർ അവരെ ഓർക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു എന്നുള്ള വസ്‌തുതയും അവർക്ക് ആശ്വാസത്തിനു കാരണമാകും.

ഈ ശുശ്രൂഷയ്ക്ക് നേരത്തെ ക്രമീകരിച്ചിട്ടുള്ള ഒരു പരിപാടി ഇല്ലാത്തതാണ് ഒരു പ്രശ്‌നം. തന്മൂലം എത്തിച്ചേരുന്ന പ്രധാനപ്പെട്ടവരെന്ന് കണക്കാക്കപ്പെടുന്നവരെ എല്ലാം സ്റ്റേജിൽ കയറ്റി എന്തെങ്കിലും പറയിപ്പിക്കുക എന്നുള്ളത് നടത്തിപ്പുകാരുടെ ഒരു ആവശ്യമായിട്ട് തീർന്നിരിക്കുന്നു. ഒരുപാടു പേര് സംസാരിക്കുമ്പോൾ, അവിടെ വരുന്ന തങ്ങളുടെ പ്രിയപ്പെട്ടവരെയും അതിൽ ഉൾപ്പെടുത്താതെ ഇരുന്നാൽ അവർ പിണങ്ങുമോ എന്നുള്ള ഭയം അനേകരെ അലട്ടുന്നു. ആ ചിന്തയിലാണ് ഭവനക്കാരും പലരുടെയും പേര് നിർദ്ദേശിക്കുന്നത്. മുൻകൂട്ടി പരിപാടി നിശ്ചയിക്കുകയും, സംസാരിക്കുവാനായി നിയോഗിക്കപ്പെട്ടവരെ ആ വിവരം അറിയിക്കുകയും ചെയ്യുന്നത് നമ്മുടെ പതിവായി തീർന്നാൽ, അതിനു അവസരം കിട്ടാത്തവർ വന്നില്ലെന്നു വരാം. എന്നാൽ ആ ഭവനത്തോടു സ്നേഹം ഉള്ളവർ വരികയും, വളരെ ദീർഘിച്ചു പോകാത്ത ശുശ്രൂഷയിൽ ആത്മാർത്ഥതയോടും ദൈവഭക്തിയോടും കൂടെ ആദ്യാവസാനം പങ്കെടുക്കുകയും ചെയ്യും.

കുടുംബത്തോടു നേരിട്ട് സംസാരിക്കാനുള്ള അവസരം പിന്നീട് കിട്ടുന്നുവെങ്കിൽ അത് ഉപയോഗിക്കാം അല്ലെങ്കിൽ പ്രിയ മാത്യു ജോർജ് സഹോദരൻ നിർദ്ദേശിച്ചതുപോലെ അവിടെ ലഭ്യമാക്കുന്ന ഒരു ഡയറിയിൽ അവരുടെ ചിന്തകൾ കുറിക്കാം. കൂടാതെ ഫെയ്‌സ്ബുക്കിലോ മറ്റ് സോഷ്യൽ മീഡിയയിലോ വരുന്നതായ പോസ്റ്റുകളിൽ അവരുടെ ചിന്തകൾ പങ്കിടാം. അത് ഭവനക്കാർക്ക് സമയം പോലെ വായിക്കുകയും ആശ്വാസം പ്രാപിക്കുകയും ചെയ്യാം.

ശുശ്രൂഷയുടെ ആരംഭത്തിലും അവസാനത്തിലും, അല്ലെങ്കിൽ ഇടയ്ക്ക് അനുവദിച്ചു കൊടുക്കുന്ന ഒരു ചില മിനിറ്റുകളിലും മാത്രം, വരുന്നവർക്ക് മൃതശരീരം കാണുന്നതിനുള്ള അവസരം ഒരുക്കുന്നതല്ലേ നല്ലത്? അല്ലെങ്കിൽ സ്റ്റേജിൽ പ്രസംഗങ്ങളിലൂടെ അനുശോചനവും അനുസ്മരണവും പുകഴ്ത്ത്‌തലും ആശ്വാസവും പ്രത്യാശയും ഒക്കെ ഒരു കൂട്ടർ അറിയിക്കുമ്പോൾ മൃതശരീരത്തിനു ചുറ്റും കൂടിനിൽക്കുകയും അങ്ങും ഇങ്ങും ഇരുന്നും നിന്നും സംസാരിക്കുകയും ചെയ്യുന്നത് നമ്മുടെ ശുശ്രൂഷകളെ അലങ്കോലപ്പെടുത്തുന്നില്ല?

ഈ വിഷയത്തെപ്പറ്റി ഒരു സംവാദം ഗുഡ്‌ന്യൂസ് പോലുള്ള മാധ്യമങ്ങൾ മുൻകൈ എടുത്തു നടത്തുന്നത് നന്നായിരിക്കും. പ്രായോഗികമായി എന്തു ചെയ്യാൻ സാധിക്കുമെന്ന് ചില നിർദ്ദേശങ്ങൾ ഉണ്ടാകുന്നത് പ്രയോജനപ്പെടും.

ഇതൊരു ആവശ്യമാണെന്ന് സഭാനേതൃത്വത്തിനു മനസ്സിലായാൽ കാര്യങ്ങൾ കുറെ എളുപ്പമാകും, നേതാക്കന്മാരുടെ സംസ്കാരശുശ്രൂഷകൾ ഇങ്ങനെ നിയന്ത്രിതമായാൽ അതു മറ്റുള്ളവർക്കു മാതൃക ആകും. അവരവരുടെ സഭയിലെ ശവസംസ്കാരം ഇത്തരം മാനദണ്ഡം അനുസരിച്ച് ആയിരിക്കണം എന്നു നിർദ്ദേശിച്ചു കൂടെയോ?

ആദ്യമൊക്കെ ഇതിനു ഒരുങ്ങുന്നവർ തെറ്റിദ്ധരിക്കപ്പെടാം; അനുഭവത്തിൽ നിന്നു പറയുന്നതാണ്, കുറ്റപ്പെടുത്തലും പിണക്കവും ഒക്കെ ഉണ്ടാകാം. എന്നാൽ സമൂഹത്തിലെ ഒരു ദുഷ്‌പ്രവണതയ്ക്ക് എതിരെ നിൽക്കുവാൻ ചിലർ ഒരുങ്ങിയാൽ അതിന്റെ ഫലം അനേകർ അനുഭവിക്കും. കുറെ വർഷങ്ങൾക്കുമുമ്പ് നമ്മുടെയിടയിൽ നടന്നുകൊണ്ടിരുന്ന കവറുംകൊണ്ടു 'ദൈവദാസന്മാരുടെ' പുറകെ ഓടുന്നതും, കവറിനായി ചുറ്റിപ്പറ്റിനിൽക്കുന്നതും ഇപ്പോൾ മരണവീടുകളിൽ കാണാത്തത് ഇതിനൊരു ഉദാഹരണമാണ്.

എങ്ങനെയുള്ള അടക്കശുശ്രൂഷയാണ് വേണ്ടതെന്നു മരിക്കുന്നതു മുമ്പു ഒരു ധാരണ ഉള്ളത് നന്നായിരിക്കും. എല്ലാ സാഹചര്യത്തിലും ഇതു പ്രായോഗികമല്ല. എന്നാൽ വിൽപത്രം പോലെ ഇതിനും ഒരു ഡോക്കുമെന്റ് ഉണ്ടാക്കാൻ കഴിഞ്ഞാൽ ഭവനത്തിലെയും സഭയിലെയും പ്രിയപ്പെട്ടവരുടെ മേൽ വരാവുന്ന സമ്മർദ്ദം അല്പമെങ്കിലും കുറയ്ക്കുവാൻ കഴിയും.

ഈ വിഷയത്തെപ്പറ്റി മറ്റുള്ളവരുടെ ചിന്തകൾ അറിയുവാൻ താത്പര്യം ഉണ്ട്.

Advertisement

Advertisement