കോട്ടയത്തെ ഉറുമ്പുകൾ ചിരിക്കുന്നു...

കോട്ടയത്തെ ഉറുമ്പുകൾ ചിരിക്കുന്നു...

കോട്ടയത്തെ ഉറുമ്പുകൾ ചിരിക്കുന്നു...

ഏബ്രഹാം കുര്യൻ (Living leaf views paper)

വെറും ഇരുപത്തയ്യായിരം ന്യൂറോണുകൾ തലയിലുള്ള  ഒരു ഉറുമ്പ് വേനൽക്കാലത്ത് കൂടുതൽ ഭക്ഷണം ശേഖരിക്കും, മഴക്കാലത്തേക്കായി. 10000000000000 ന്യൂറോണുകളുള്ള കോട്ടയംകാരോ?

"....ഒടുക്കത്തേ ചൂടാ ഇത്തവണ. 
കിണറുകളിൽ വെള്ളമില്ല. 
ചൂട് ഇനിയും കൂടും.
കുടിവെള്ള ക്ഷാമം രൂക്ഷം!
ജലമെവിടെ സർക്കാരേ?
വാട്ടർ അതോറിറ്റി ഓഫീസിനു മുൻപിൽ ധർണ്ണ."

ഉറുമ്പ് ചിരിക്കുന്നു.

കഴിഞ്ഞ കുറേ നാളു കൊണ്ട് കോട്ടയംകാർ കുന്നും മലേം പുഴയും തോടുമായി ഉയർന്നും താന്നും കിടക്കുന്ന ഇടങ്ങളെല്ലാം ലെവലാക്കി. തോടും പാടവുമൊക്കെ മൂടി വീടും ഫ്ലാറ്റും പണിതു. ഒരു തുള്ളി വെള്ളം പോലും ഭൂമിയിൽ താഴാൻ അനുവദിക്കാതെ മുറ്റത്തും പറമ്പിലും ടൈലിട്ടു. വേസ്റ്റെല്ലാം നാഗമ്പടത്ത് കുഴിച്ചിട്ടു.

ഇപ്പോ ചൂട്‌! 
കുടിജലമില്ല! 
യെല്ലോ അലർട്ട്!

കുടിവെള്ളത്തിന് ഒരു പരിഹാരമേ കോട്ടയം കാർക്കുള്ളൂ.
പേരൂര്, മീനച്ചിലാറ്റീന്ന് വെള്ളം അടിച്ചു കേറ്റുന്നു. നാടാകെ വിതരണം !

ഭൂവൈവിധ്യം കൊണ്ട് അത്ഭുതപ്പെടുത്തുന്ന ഇടമാണ് കോട്ടയം. 
ഒരുറക്കമുണർന്ന് രണ്ടു മണിക്കൂർ കൊണ്ട് 
മലമുകളിലെത്താം !
കടലിലെത്താം. 
കടലിന് താഴെയും എത്താം.
മൂന്ന് പുഴകൾ. നൂറിലേറെ ചെറുതോടുകൾ. 
ഒരു ഭീമൻ തണ്ണീർത്തടം. ജലസമൃദ്ധിയുടെ സുന്ദര ഇടം!

ഇനിയെങ്കിലും നമുക്ക് ജലത്തെ കൈപ്പിടിയിലൊതുക്കണം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളാകെ ജനത്തെ ധ്യാനിക്കണം. ജലമാണ് ജീവൻ.

ജലത്തിനായുള്ള ഒരു excavation.

പ്രിയപ്പെട്ട ജനപ്രതിനിധികളും ജനങ്ങളും കണ്ണും കാതും തുറന്ന് വെക്കണം. പറമ്പിലും റോഡിലും ഒക്കെ മഴക്കാലത്തും വേനൽക്കാലത്തുമൊക്കെ തലങ്ങും വിലങ്ങും നടക്കണം.  ഒരു transect walk. ജലത്തിൻ്റെ വരത്തു പോക്കൊന്ന് പഠിക്കുക. 

കഴിഞ്ഞ 100 വർഷത്തെ കോട്ടയത്തെ ജലത്തെക്കുറിച്ചുള്ള പഠനമാണടുത്തത്.
1924 ൽ, 1944 ൽ, 64 ൽ,84 ൽ, 2004 -ൽ,2024  ൽ കോട്ടയത്തെ പുഴകളിൽ, കിണറുകളിൽ, പാടത്ത് ,പറമ്പിൽ ജലനിറവ് എങ്ങനെ? എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഓരോ 20 വർഷങ്ങൾ പിന്നിടുമ്പോഴും ജലത്തിൻ്റെ ട്രെൻഡ് എങ്ങനെ? ഇത് നമ്മൾ അനലൈസ് ചെയ്യുന്നു.

ഓരോ വാർഡ് മെമ്പറും തൻ്റെ വാർഡിലെ ഓരോ വീടുകളിലേയും ജല ലഭ്യതയും സാധ്യതയും വെല്ലുവിളികളും പഠിക്കുന്നതാണ് അടുത്ത ഘട്ടം. ഇന്നലെ, ഇന്ന് ,നാളെ എന്നിങ്ങനെ ഒരു സിംപിൾ രീതിയിലും ഈ കണക്കെടുക്കാം.

ഇതിൽ നിന്നും ജല ലഭ്യത കുറവ്, മിനിമം, കൂടുതൽ, വളരെ കൂടുതൽ എന്നിങ്ങനെ പൈ ഡയഗ്രമായി ചിത്രീകരിക്കുന്നതും നല്ലത്.

ഇത് മുനിസിപ്പാലിറ്റി /പഞ്ചായത്ത് / നിയമസഭാ മണ്ഡലം ലെവലിൽ ക്രോഡീകരിച്ചാൽ ജല സാധ്യതാ വെല്ലുവിളി നമുക്ക് ലഭിക്കും.

സീസൺ തിരിച്ചൊരു കണക്കെടുപ്പ് നടത്തി ഒരു സീസണാലിറ്റി കലണ്ടറും രൂപീകരിക്കാം.

ജനകീയമായ ഇത്തരം പഠനം ഉത്തരവാദിത്വം വർദ്ധിപ്പിക്കും.

ഓരോ വീടിൻ്റെയും പ്രദേശത്തിൻ്റെയും ജല സാധ്യതയും ആവശ്യവും മുന്നിൽ വെച്ചു കൊണ്ടാകണം പരിഹാരങ്ങൾ തേടേണ്ടത്. പ്രശ്നങ്ങൾക്ക് ഒന്നിലധികം പരിഹാരങ്ങളുണ്ടാകും.

ഒരു ചെലവുമില്ലാത്തവയുണ്ട്. വീട്ടുകാർക്ക് ചെയ്യാവുന്നവ.
ചെറിയ ചെലവിൽ ചെറിയ സാങ്കേതിക വിദ്യയാൽ പരിഹരിക്കാവുന്നവയുമുണ്ട്. പരമാവധി ഒരു നൂറുവീട്ടുകാർക്ക് പ്രയോജനപ്പെടാവുന്ന വിധത്തിൽ തദ്ദേശിയമായ കുളങ്ങളും മറ്റും പ്രയോജനപ്പെടുത്തി മിനി പദ്ധതികൾ ധാരാളമായി സാധ്യമാക്കണം.

നിലവിലുള്ളവയെ (വാട്ടർ അതോറിറ്റി വക) ശാസ്ത്രീയമായി പരിഷ്ക്കരിക്കണം.

മിഡിൽ ഈസ്റ്റ് രാജ്യങ്ങളും ചൈനയുമൊക്കെ സ്വീകരിച്ചിട്ടുള്ള ചില ഭീമൻ പദ്ധതികൾക്ക് കോട്ടയത്ത് സാധ്യതയുണ്ട്. അറബിക്കടലും വേമ്പനാട് കായലും അതിനുള്ള വഴികളാണ്.

ഭൂഗർഭ ജലനിരപ്പുയർത്തുകയാണ് ജലക്ഷാമത്തിനുള്ള ശാശ്വത പരിഹാരം. പെയ്ത്തു മഴ പരമാവധി മണ്ണിൽ ഇറക്കണം. ഓരോ വീടും ഇക്കാര്യത്തിൽ ശ്രദ്ധിക്കണം. ബുദ്ധിയും വിവേകവുമില്ലാതെ ചിലർ മുറ്റമാകെ ടൈൽ വിരിച്ചിരിക്കുന്നത് പൊളിച്ചു കളഞ്ഞ് ജലം മണ്ണിലേക്കിറക്കണം. മലപ്പുറത്തെ അബ്ദുക്കയുൾപ്പെടെ ചിലർ  ഭൂഗർഭ ജലനിരപ്പ് ഉയർത്തുന്ന കാര്യത്തിൽ വിജയിപ്പിച്ചെടുത്ത രീതികൾ സ്വീകരിക്കുന്നതും നന്ന്.

അതത് പ്രദേശങ്ങളിലെ പുഴകളും ചെറു തോടുകളും വർഷാവർഷം ശുചിയാക്കി ജലമൊഴുക്ക് സാധ്യമാക്കണം. 
വലിയ പുഴകളിൽ തടയണകൾ സ്ഥാപിച്ച് നീരുറവ വർദ്ധിപ്പിക്കണം.

കോട്ടയത്ത് പേരൂർ തൂക്കുപാലം ഭാഗത്ത് മണ്ണും ചെളിയും മാറ്റി വൃത്തിയാക്കിയപ്പോൾ പുഴയുടെ വീതി മൂന്നിരട്ടി വർദ്ധിച്ചു. വെള്ളപ്പൊക്കം തടയാനും ഇതിടയാക്കും.

പാടത്ത്  കൃത്യമായിനെൽകൃഷി നടക്കണം.

പരമാവധി മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കണം.

സാധ്യമായിടത്തെല്ലാം വനങ്ങൾ രൂപപ്പെടുത്തണം. സ്കൂളുകൾ, കോളജുകൾ, സ്ഥാപനങ്ങൾ, സംഘടനകൾ ഒക്കെ മിയാവാക്കി വനങ്ങൾ രൂപീകരിക്കുന്നതിൽ പങ്കാളികളാകണം.

വാട്ടർഷെഡ് ഏരിയാ കൾ സംരക്ഷിക്കണം. ജിയോഫിസിക്കൽ സർവേകളിലൂടെ ബദൽ ജല സ്രോതസ്സുകളെ കണ്ടെത്തണം. ജല ഓഡിറ്റും ജല സാക്ഷരതയും നടപ്പിലാകണം. ഭൂഗർഭ ജലം വർദ്ധിപ്പിക്കുവർക്ക് വാട്ടർക്രെഡിറ്റ് കൊടുക്കണം. കമ്പനികളുടെ സി.എസ്.ആറിൽ ഇതിനെ കണക്ട് ചെയ്യണം.

ബ്രസീലിലെ മണ്ണിന്   നാല് കിലോമീറ്റർ താഴെ ഒരു പുഴ ഒഴുകുന്നുണ്ടെന്ന്  ബ്രസീലുകാരെ പറഞ്ഞു മനസ്സിലാക്കി ഒരു മഹാനദി സമ്മാനമായി അവർക്ക് നൽകിയത് കോഴിക്കോട് കുന്നമംഗലത്തെ വലിയ മണ്ണാത്തൽ ഹംസയാണ്. ജലം നൽകിയ ഹംസയെ പൊന്നുപോലെയാണ് ബ്രസീലുകാർ ആദരിച്ചത്‌. 

ഇക്കാലത്ത് ആരാണ് ഒരു നല്ല ജനപ്രതിനിധി?

ദീർഘവീക്ഷണമുള്ള സ്ഥായിയായ വികസന ചിന്തയുള്ള ഒരു നല്ല ജനപ്രതിനിധി എന്നാലതിനർത്ഥം അയാൾ ഏറ്റവും കൂടുതൽ ഭൂഗർഭ ജലനിരപ്പുയർത്തുന്ന ആൾ എന്നാണ്.

കോട്ടയത്തെ മണ്ണിന് താഴെ  ബ്ലൂ ഗോൾഡ് ഒളിഞ്ഞു കിടക്കുന്നു. ഗൾഫുകാരുടെ സമൃദ്ധിക്ക് വഴിതെളിച്ച ഓയിലു പോലെ നമുക്കൊന്ന്. ലോകരാജ്യങ്ങൾക്ക് വിൽക്കാനുള്ള  കോട്ടയത്തിൻ്റെ ബ്ലൂ ഗോൾഡ്. ബ്ലൂ ഗോൾഡ് ചില്ലറക്കാരനല്ല. ലോകത്തേറ്റവും വലിയ പണം മുടക്കിയുള്ള excavation  ജലത്തിന് വേണ്ടിയാണ്. 

ഇതൊന്നും ശ്രദ്ധിക്കാൻ സമയമില്ലാതെ കോട്ടയംകാർ പായുന്നത് കണ്ട്  ഉറുമ്പ് ഊറി ഊറി ചിരിക്കുന്നു. വെറും ഇരുപത്തയ്യായിരം ന്യൂറോണുകളുടെ ചിരി!

കോട്ടയം നഗരം  ജീവൻ ശ്വസിക്കട്ടെ.
രണ്ട്: ജലം.

Advertisement