ടെന്നസ്സിയില്‍ വച്ച് ഉമ്മച്ചായന്‍ തന്ന കൈമടക്ക്
ഡോ. തോംസണ്‍ കെ. മാത്യു
പിസിനാക്ക് (pcnak) എന്നു ഇന്നു അറിയപ്പെടുന്ന കോൺഫ്രൻസ് ഞങ്ങൾ പാർത്തിരുന്ന ടുൾസാ എന്ന പട്ടണത്തിൽ നിന്ന് നൂറുമൈൽ അകലെയുള്ള ഒക്കലഹോമ സിറ്റിയിൽ 1983-ലാണ് ആരംഭിച്ചത്. പെന്തെക്കോസ്തുകാർക്കു പ്രിയങ്കരനായിരുന്ന പാസ്റ്റർ ഉമ്മൻ ഏബ്രഹാം ആയിരുന്നു ആ സമ്മേളനം സംഘടിപ്പിച്ചത്. രണ്ടാം സമ്മേളനം 1984-ൽ രണ്ടു സ്ഥലങ്ങളിലായി നടന്നു. പാസ്റ്റർ ജേക്കബ് ചെറിയാന്റെ നേതൃത്വത്തിൽ ന്യൂജേഴ്സിയിലും പാസ്റ്റർ ഉമ്മൻ ഏബ്രഹാമിൻ്റെ നേതൃത്വത്തിൽ ഡാളസിലുമാണ് ഈ യോഗങ്ങൾ നടന്നത്.
1985-ൽ നടന്ന മൂന്നാമത്തെ കോൺഫ്രൻസ് പാസ്റ്റർ ഉമ്മന്റെയും പാസ്റ്റർ ചെറിയാന്റെയും സംയുക്ത നേതൃത്വത്തിൽ ടെന്നസ്സിയിലുള്ള ലീ കോളജിൽ നടത്തുവാൻ തീരുമാനിച്ചു. അറിയപ്പെട്ട ദൈവദാസന്മാർ അവിടെ ദൈവവചനം പ്രസംഗിച്ചു. വലിയ ഒരു കൂട്ടം ദൈവജനം യോഗങ്ങളിൽ സംബന്ധിക്കുകയും അനുഗ്രഹം പ്രാപിക്കുകയും ചെയ്തു.
പാസ്റ്റർ കെ.ഇ. മാത്യുവും പാസ്റ്റർ സി. പി. വർഗീസും പ്രസംഗകരിൽ ഉൾപ്പെട്ടിരുന്നു. വളരെ ചെറുപ്പക്കാരായിരുന്ന പ്രസംഗകരെ ശുശ്രൂഷകളിൽ ഉൾപ്പെടുത്തുവാൻ ഉമ്മച്ചായൻ വളരെ ശ്രദ്ധിച്ചിരുന്നു. എന്നെപ്പോലെ യൂണിവേഴ്‌സിറ്റികളുമായി ബന്ധപ്പട്ട ഡോ. ഏഴംകുളം സാംകുട്ടി, ഡോ. തോമസ്, ലൂയിസുകുട്ടി എന്നിവരും പാസ്റ്റർ ഈശോ ഫിലിപ്പ് മുതലായ ശുശ്രൂഷകന്മാരും ഈ ഗ്രൂപ്പിൽപ്പെട്ടിരുന്നു.
ലീ കോളേജിൽ നടന്ന 1985-ലെ കോൺഫ്രൻസിലെ ഡോ. ഏഴംകുളം സാംകുട്ടിയുടെ പ്രസംഗം വലിയ ആത്മീയചലനം സൃഷ്ടിച്ചു. ലീ കോളേജിന്റെ ഓഡിറ്റോറിയത്തിൽ മുഴങ്ങിയ അദ്ദേഹത്തിന്റെ അനുഗ്രഹീതശബ്ദം ഇന്നും എൻ്റെ കാതുകളിൽ മുഴങ്ങുന്നു. ചെറുപ്പക്കാരായിരുന്ന ഞങ്ങൾ എല്ലാവരും ഏല്‌പിച്ച ചുമതലകൾ ദൈവം തന്ന കൃപയ്ക്കൊത്തവണ്ണം ചെയ്തു.
ചെടൂൾസായിലുള്ള ഓറൽ റോസർട്ട്സ് യൂണിവേഴ്സിറ്റിയിൽ നിന്നും ഒരു ടൊയോട്ടാ കരോള കാറിൽ 800 മൈൽ സഞ്ചരിച്ചാണ് ഞാനും ഭാര്യ മോളിയും രണ്ടു കുട്ടികളുമായി ടെന്നസ്സിയിലുള്ള ലീ കോളേജിൽ എത്തിയത്. കോൺഫ്രൻസിൻ്റെ അവസാനയോഗം കഴിഞ്ഞുമടങ്ങുവാനുള്ള തിരക്കിനിടയിൽ ചെറുപ്പക്കാരായിരുന്ന പ്രസംഗകരായിരുന്ന ഞങ്ങൾ നാലുപേരെ സ്റ്റേജിന്റെ മുന്നിലേക്ക് ഉമ്മച്ചായൻ ഒതുക്കത്തിൽ വിളിച്ചു, അദ്ദേഹം പറഞ്ഞു: 'കുഞ്ഞുങ്ങളെ ഈ കോൺഫ്രൻസിൻ്റെ എല്ലാ ചിലവുകളും പൂർണമായി വഹിക്കുവാനുള്ള പണം കർത്താവു തന്നു. മുന്നൂറു ഡോളറിൽ താഴെ മിച്ചമുണ്ട് (കൃത്യസംഖ്യ ഞാൻ മറന്നുപോയി). ഈ സംഖ്യ നിങ്ങൾക്കു നൽകണം എന്നു ദൈവത്മാവ് എന്നെ പ്രേരിപ്പിക്കുന്നു, ഇതു നിങ്ങൾ സ്വീകരിക്കണം.
ആ സംഖ്യ കൃത്യം നാലായി വീതിച്ചു കൈയ്യിൽ അദ്ദേഹം പിടിച്ചിരുന്നു. ഞങ്ങൾ എല്ലാവരും 'അതിന്റെ ആവശ്യം ഇല്ലച്ചായാ' എന്നു നിർബന്ധമായി പറഞ്ഞു, ഒരു പ്രയോജനവും ഉണ്ടായില്ല. അദ്ദേഹം നാലുപോക്കറ്റുകളിലും ആ ചെറിയ സംഖ്യ നിർബന്ധമായി നിക്ഷേപിച്ചു.
ക്രെഡിറ്റുകാർഡ് ഇല്ലായിരുന്ന ആ കാലത്തു ആ പണം കൊടുത്തിട്ട് പെട്രോൾ വാങ്ങി ടെന്നസ്സിയിലെ കുന്നുകൾ നിറഞ്ഞ ഹൈവേയിലൂടെ ടൂൾസയിലേക്ക് സഞ്ചരിച്ചത് ഞാൻ ഇന്നും ഓർക്കുന്നു. അടുത്ത തലമുറയിലെ നേതൃത്വത്തെക്കുറിച്ചു ചിന്തിച്ച് ഉമ്മച്ചായനെപ്പോലെ ഉള്ളവർ നമ്മുടെ ഇടയിൽ ഇനിയും എഴുന്നേൽക്കട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു.
Advertisement