എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു

എന്തൊക്കെയോ സംഭവിക്കാൻ  പോകുന്നു

എഡിറ്റോറിയൽ 

എന്തൊക്കെയോ സംഭവിക്കാൻ  പോകുന്നു

അനുദിനമെന്നോണം ലോകഗതികൾ  മാറിമറിഞ്ഞുകൊണ്ടിരിക്കയാണല്ലോ. എന്തൊക്കെയോ സംഭവിക്കാൻ  പോകുന്നു എന്നതിന്റെ സൂചന എല്ലായിടത്തുമുണ്ട്. കാലാവസ്ഥാവ്യതിയാനം, യുദ്ധഭീഷണി, ശാസ്ത്രസാങ്കേതികരംഗത്തെ നവീന കണ്ടുപിടുത്തങ്ങൾ, ആഗോളസാമ്പത്തികരംഗം, വൈദ്യശാസ്ത്രപുരോഗതി എന്നിങ്ങനെ ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പർശിക്കുന്ന വിധത്തിലാണു മാറ്റങ്ങൾ . ശരവേഗത്തിൽ പായുന്ന ഈ മാറ്റങ്ങൾ എന്താണു ലക്ഷ്യമിടുന്നതെന്നതിനെക്കുറിച്ച് വിശ്വാസിസമൂഹം ബോധമുള്ളവരായിരിക്കണം.

ഓരോ ദിവസവും ടെലിവിഷൻ വാർത്തകളിൽ മാത്രം കണ്ണോടിച്ചാൽ  മതി ഈ മാറ്റങ്ങളുടെ ഗതിവിഗതികൾ  മനസിലാക്കാൻ . വേദപുസ്തക പശ്ചാത്തലത്തിൽ  കാര്യങ്ങളെ വീക്ഷിക്കുന്ന ഏതൊരു വിശ്വാസിക്കും ഇതിനെ കർത്താവിന്റെ വരവുമായി ബന്ധപ്പെടുത്തിയേ കാണാൻ  കഴിയൂ. ചില ലക്കങ്ങൾക്കു  മുമ്പും ഇതെക്കുറിച്ച് ഞങ്ങള് എഴുതിയിരുന്നതു എല്ലാവരും  ഓർക്കുമല്ലോ . എന്തിനാണ് ഇതു  കൂടെക്കൂടെ  എഴുതുന്നതെന്ന് ആരെങ്കിലും ചിന്തിച്ചാല്, "നാൾ അടുത്തുവരുംതോറും ഇത് അധികമധികമായി ചെയ്യേണ്ടതാകുന്നു" എന്ന കർത്താവിന്റെ കൽപ്പനയിൽ നിന്നാണെന്നു കരുതുക.

ലോകം മാറ്റങ്ങള്ക്കു വിധേയപ്പെടുന്ന ഒരു രീതി ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. പുരോഗതിയിലേക്കു ലോകം നീങ്ങുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളെയെല്ലാം ഇങ്ങനെ കാണണമോ എന്നു ചിലർ  ചോദിക്കാറുണ്ട്. പുരോഗതി  എല്ലാ അർത്ഥത്തിലും നല്ലതാണ്. സാമൂഹികപരിഷ്കരണത്തിന്റെ ഫലമായുണ്ടായ തൊഴില്, ഭൂപരിഷ്കരണം,   കാർഷികമേഖലകളിലെ പുരോഗതി കഴിഞ്ഞ നൂറ്റാണ്ടിൽ  നടന്ന സോഷ്യലിസ്റ്റു വിപ്ലവം,  വ്യാവസായിക മുന്നേറ്റം   എന്നിവയെല്ലാം   നല്ലതുതന്നെയായിരുന്നു. എന്നാൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ എന്തിനോവേണ്ടിയുള്ള ഒരുക്കമായി തോന്നിയാൽ അത് ശരിവയ്ക്കുന്നതാണ് ബൈബിൾ പ്രവചങ്ങൾ. ഇത് ഭയപ്പടുത്താൻ പറയുന്നതല്ല, ഒരുങ്ങാനുള്ള മുന്നറിയിപ്പാണ്.

ഇന്ന് എന്താണു നമുക്കുചുറ്റും നടക്കുന്നത്? അടുത്തയിടെയാണല്ലോ നമ്മുടെ നാട്ടില് ജി എസ് ടി  സമ്പ്രദായത്തിലേക്കു നികുതിസമ്പ്രദായം മാറിയത്. ഇതിനു മുമ്പുണ്ടായിരുന്ന രീതി പൂർണമായി പരിഷ്കരിച്ച് ഒരുവസ്തുവിനു ഒരൊറ്റ നികുതിയിലേക്കു രാജ്യം വന്നു . അതിന്റെ നന്മതിന്മകളെക്കുറിച്ചും മറ്റും ധാരാളം ചർച്ചകൾ നടന്നുകഴിഞ്ഞു. ഇന്നും അവ അവസാനിച്ചിട്ടില്ല. എന്താണു ഈ നികുതി സമ്പ്രദായം  നമ്മെ പഠിപ്പിക്കുന്നത്? കേന്ദ്രീകൃതമായ ഒരു ധനവ്യവസ്ഥിതിയുടെ പ്രാരംഭമാണിതെന്നു പറഞ്ഞാൽ  ആരും നിഷേധിക്കുമെന്നു തോന്നുന്നില്ല. ഇന്ത്യയിൽ  സംസ്ഥാനകേന്ദ്രീകൃതമായി  മുമ്പുണ്ടായിരുന്ന നികുതിസമ്പ്രദായം പൂർണമായി  അവസാനിച്ചിരിക്കയാണ്. ഇപ്പോഴത്തെ രീതിയില് എല്ലാ സാധനങ്ങള്ക്കും ഒരേ നികുതി രാജ്യവ്യാപകമായി .  അത്  വ്യാപാര കാര്യങ്ങളിൽമാത്രം ഒതുങ്ങുകയില്ല.  വ്യക്തികള്ക്ക് അവരുടെ സാമ്പത്തികകാര്യങ്ങള് ഇനി യൂണീക് ഐഡി എന്ന ആധാര് കേന്ദ്രീകൃതമായിരിക്കും. ഭാരതത്തിലെ എല്ലാ പൗരന്മാരെയും തിരിച്ചറിയാനുള്ള രേഖകൂടെയാണ് ആധാർ . കൈവിരലുകളുടെ മുദ്രയും കണ്ണുകളുടെ പ്രത്യേകതകളും ആധാർ  വിവരത്തിൽ നാം നല്കിയിട്ടുണ്ടല്ലോ.

അതുകൊണ്ട് ഒരിക്കലും മായിച്ചുകളയാനാവാത്തവിധം നമ്മുടെ തിരിച്ചറിയൽ  ഗവണ്മെന്റ് ശേഖരിച്ചുകഴിഞ്ഞു. അതിനെ തെറ്റിദ്ധരിച്ചിട്ടു  കാര്യമില്ല. രാഷ്ട്രത്തിന്റെ നിലനില്പിനാണത്. പല വികസിത രാജ്യങ്ങളിലും വളരെ മുമ്പേ ഈ സമ്പ്രദായം നിലവിലുണ്ട്.

വേദപുസ്തകം പറയുന്ന കേന്ദ്രീകൃത ധനവിനിയോഗരീതിയിലേക്ക് ലോകം കുതിക്കുന്നു എന്നതിനു വേറെ തെളിവ് അന്വേഷിക്കേണ്ടതില്ല. ഇപ്പോൾ ഭരിക്കുന്നവര്ക്കു പകരം സർവ്വവും നിയന്ത്രിക്കുന്ന ഒരു ഭരണാധികാരി വന്നാൽ , കാര്യങ്ങൾ  അയാളുടെ കൈപ്പിടിയിലാക്കാൻ  വളരെവേഗം സാധിക്കും എന്നല്ലേ ഇതിനർത്ഥം . ഭരണകാര്യങ്ങളും നിയമവും എന്തിന് രാജ്യചരിത്രംപോലും അയാളുടെ തീരുമാനത്തിനനുസരിച്ചായിരിക്കും തിരുത്തപ്പടുക . എല്ലാം ആകെ മാറ്റി സൃഷ്ടിക്കപ്പെട്ടേക്കാം. അത്തരമൊരു ഭീതി ഇപ്പോൾത്തന്നെ നിലവിലുണ്ടല്ലോ. അതാണു വേദപുസ്തകം പറയുന്ന അന്ത്യകാലത്തെ ഭരണാധികാരി. അത് ആരായിരിക്കുമെന്നോ, എവിടെനിന്നായിരിക്കുമെന്നോ അഭ്യൂഹങ്ങൾ പലതുമുണ്ടെങ്കിലും ഇതുവരെ വ്യക്തമായ സൂചനകളിലൊന്നും ദൈവശാസ്ത്രജ്ഞന്മാർ  എത്തിച്ചേർന്നിട്ടില്ല. ഒരു കാര്യം തീര്ച്ചയാണ്, എതിർക്രിസ്തുവിന്റെ ഭരണത്തിനായി നാടും നഗരവും ഒരുങ്ങിക്കൊണ്ടിരിക്കുന്നു. വിശ്വാസികള്ക്ക് അതു പ്രത്യാശയുളവാക്കുന്നതാണ്. കാരണം, അതിനു മുമ്പേ അവരെ സ്വീകരിക്കാൻ മശിഹാ കർത്താവ്  മധ്യാകാശത്തിൽ  വെളിപ്പെടും. കർത്താവ്പറഞ്ഞതുപോലെ, "ഇതൊക്കെയും കാണുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പ് അടുത്തതുകൊണ്ട് ഉണർന്നു തല ഉയിർത്തുവിൻ." കാലത്തിന്റെ ചുവരെഴുത്ത് കാണാതെ പോകരുത്! എന്തൊക്കെയോ സംഭവിക്കാൻ  പോകുന്നു.