മരിക്കാൻ കൊതിപ്പിക്കുന്നവർ

മരിക്കാൻ കൊതിപ്പിക്കുന്നവർ

മരിക്കാൻ കൊതിപ്പിക്കുന്നവർ


ലക്കെട്ട് വായിക്കുമ്പോൾ എന്തോ ഒരു പന്തികേട് തോന്നുന്നില്ലേ? ശരിയാണ്, എങ്ങനെയാണ് ഒരാളെ മരിക്കാൻ കൊതിപ്പിക്കുക  എന്ന് നമ്മൾ സംശയിച്ചേക്കാം. അങ്ങനെയെങ്കിൽ അത് അയാൾ ജീവിച്ചിരിക്കുമ്പോൾ ആയിരിക്കണമല്ലോ. ജീവിച്ചിരിക്കുന്ന ഒരാളെ സംബന്ധിച്ച് നന്നായി ജീവിക്കാൻ കൊതിക്കുന്നവരാണ് അധികവും. പിന്നെ എപ്പോഴാണ് മരണക്കൊതി ഉണ്ടാവുക? അതിനെയല്ലേ  ആത്മഹത്യയെന്ന്‌ നമ്മൾ പറയുന്നത്. തെറ്റിദ്ധരിക്കരുത്, അതല്ല പറഞ്ഞുവരുന്നത്. 

മരിച്ചവരെക്കുറിച്ചുള്ള അപദാനങ്ങൾ ആവശ്യമുള്ളതും ഇല്ലാത്തതും വിളിച്ചുപറഞ്ഞു കേൾവിക്കാരെ ത്രസിപ്പിക്കുന്നവരാണ് 'മരിക്കാൻ കൊതിപ്പിക്കുന്നവർ' എന്ന് വേണമെങ്കിൽ ചിന്തിക്കാം.. മരണവീട്ടിൽ എന്ത് പറയണം എന്ത് പറയരുത് എന്നതിന് നിയമങ്ങൾ ഇല്ല.അതുകൊണ്ടു ചിലർ വായിൽ വരുന്നതെല്ലാം വിളിച്ചുപറയും. അതു ശ്രോതാക്കളായ പരേതന്റെ പ്രിയപ്പെട്ടവരേ എങ്ങനെ ബാധിക്കുന്നു എന്നുപോലും കരുതാറില്ല. പരേതനെയോ പരേതയെയോ കുറിച്ച് ഒരു വാക്കുപോലും പറയാത്തവരും ഉണ്ട്. ചിലർ പറയുന്നത് അധികവും തങ്ങളുടെ വീരസ്യം ആയിരിക്കും. അതു ചിലപ്പോൾ   ദുഖിച്ചിരിക്കുന്നവരുടെ ആശ്വാസത്തിനോ അവർക്കുവേണ്ടിയുള്ള പ്രാർത്ഥനക്കൊ സമൂഹത്തിനോ ഗുണകരമായി തീരുകയില്ല. ഒരു മിനിറ്റിലോ രണ്ടു മിനിറ്റിലോ എന്ത് പറയാനാണ് എന്നാണ് ചിലരുടെ ഭാവം. എന്തിനു ഇങ്ങനെ പറയണം? നിങ്ങളുടെ സാന്നിധ്യം തന്നെ ആശ്വാസമായി കാണുന്നവരാണ് പരേതന്റെ ബന്ധുക്കളെന്നു കരുതണം. കൂടിവരുന്നവരിലെ  മറ്റൊരാളുമായി സ്വയം താരതമ്യപ്പെടുത്തി വലിപ്പം കാണിക്കാൻ ശ്രമിക്കാതെ വിനയത്തോടെ സ്വയം  പിൻവാങ്ങുന്നതാണ് ആദരവ് പിടിച്ചുപറ്റുന്നത്. ചടങ്ങുകൾ നിയന്ത്രിക്കുന്ന ശുശ്രൂഷകന്മാരുടെ  സമ്മർദംകൂടി നമ്മൾ മനസിലാക്കി പ്രവർത്തിച്ചാൽ ഏറെ ഭംഗിയായിരിക്കും.   

സെപ്റ്റംബർ 16 ലെ ഗുഡ് ന്യൂസിൽ മാത്യു ജോർജ്, തിരുവല്ല എഴുതിയ കത്ത് വളരെ ശ്രദ്ധേയമായിരുന്നു. വളരെയേറെ വായനക്കാർ അതിനോട് പ്രതികരിച്ചതായി കണ്ടു. കാരണം, ആ വിഷയം അത്രമാത്രം പെന്റെകൊസ്തുകാരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട് എന്നതാണ്. ഈ തലമുറയിൽ അറിയപ്പെടുന്ന കർത്തൃദാസന്മാരായ ഡോ. സി ടി ലൂയിസ്‌കുട്ടിയും ഡോ. ജോൺ. കെ. മാത്യു എന്നിവരുടെ കത്തുകൾ വളരെശ്രദ്ധേയമായി തോന്നിയതുകൊണ്ട് അടുത്തപേജുകളിൽ അത് പ്രസിദ്ധീകരിക്കുന്നുണ്ട്. 

ഡോ ലൂയിസ്‌കുട്ടി മുമ്പും ഇതേവിഷയത്തെക്കുറിച്ചു എഴുതിയത് വായനക്കാർ മറന്നുകാണുകയില്ലല്ലോ. അദ്ദേഹം ചോദിക്കുന്നത് വളരെ പ്രസക്തമാണ്:  വളരെ വിഷമാവസ്ഥയിൽ ആയിരിക്കുന്ന മരിച്ച ആളിന്റെപ്രിയപ്പെട്ടവർ എത്രനേരം ഇങ്ങനെ ഒരു ഇരിപ്പു ഇരിക്കും? വന്നു പറയാനുള്ളതു പറഞ്ഞിട്ട് മടങ്ങിപ്പോകുന്നവർക്കു കുടുംബാംഗങ്ങളുടെ ശാരീരികാവസ്ഥയെയും മാനസികാവസ്ഥയെയും പറ്റി വല്ല ചിന്തയും ഉണ്ടോ? അതു ശരിയല്ലേ? 

ഡോ. ജോൺ. കെ. മാത്യു പറയുന്നത്: ഈ വാഴ്ത്തുപാട്ടുകാർ എല്ലാംകൂടി "നമ്മുടെ ശവസംസ്‌കാര ശുശ്രൂഷയിൽ പങ്കെടുക്കുന്നവരെ  ജീവപര്യന്തം തടവിനു ശിക്ഷിക്കുന്നതിനു തുല്യമാണ്" എന്നാണ്  . തന്റെ അഭിപ്രായത്തിൽ ആശംസയായാലും, അനുശോചനമായാലും 'ച്യൂയിംഗം' പോലെയാണ്. ചവച്ചാൽ തീരത്തുമില്ല. ആരും വിഴുങ്ങുന്നതുമില്ല.

മറ്റൊരാളുടെ അഭിപ്രായത്തിൽ, നമ്മുടെ മരണവീടുകളിൽ പോകുന്നത്, പഴയ പോലീസ് സ്റ്റേഷനിൽ കയറിയാൽ കിട്ടുന്ന അനുഭവമാണെന്നത്. വരുന്ന പോലീസുകാരനും പോകുന്നവനും ശിപായിയും പാറാവുമെല്ലാം തലോടിവിടുന്ന അവസ്ഥ. ഇത് മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരു പൊതു ചര്ച്ചയ്ക്കു വേദിയൊരുങ്ങുമെങ്കിൽ ഇതുപോലെ നിരവധി അഭിപ്രായങ്ങൾ കേൾക്കാൻ കഴിഞ്ഞേക്കും. 

മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ജഡവും വച്ചുകൊണ്ടുള്ള ഈ പരിപാടിയുടെ ദൈർഘ്യം കുറയ്ക്കുക. ഈ ശുശ്രൂഷ അടക്കാരാധനയാക്കി (funeral service)  മാറ്റുവാൻ സഭയും വീട്ടുകാരും ബന്ധുക്കളും മറ്റു പ്രിയപ്പെട്ടവരും സഹകരിക്കുക. പരേതർക്കു അർഹമായ രീതിയിൽ മാന്യമായ യാത്രയയപ്പുനൽകുവാൻ കഴിയണമെന്നതാണ് എല്ലാവരുടെയും താല്പര്യം. മരിച്ച വ്യക്തിയുടെ പേരിൽ അനാവശ്യ പേരും പെരുമയും സ്വയപ്രശംസയും ആരും മുതലെടുക്കാതിരിക്കാൻ നമുക്ക് പരിശ്രമിക്കാം. നമ്മുടെ ശവസംസ്കാര ശുശ്രൂഷകൾ മാതൃകാപരമാക്കാൻ പെന്റെകൊസ്തു സഭകളുടെ മുൻനിരക്കാർ പ്രത്യേകം കരുതൽ എടുക്കണം. അങ്ങനെ നമ്മുടെ ഈ ദുഷ്‌പരിചയം മാറ്റിയെടുക്കാം

Advertisement

Advertisement