ഈ സൗമ്യമുഖവും ഒരോർമയായി 

ഈ സൗമ്യമുഖവും ഒരോർമയായി 

ഈ സൗമ്യമുഖവും ഒരോർമയായി 

കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട സുവി. ഉണ്ണികൃഷ്ണനെ റവ. ജോർജ് മാത്യു പുതുപ്പള്ളി അനുസ്മരിക്കുന്നു

സിഡ്നി ബ്ലാക്ടൗൺ നഗരത്തിലൂടെ ഞാൻ എന്റെ മകനൊപ്പം കാറിൽ സഞ്ചരിക്കുമ്പോഴാണ് എന്റെ സുഹൃത്ത് പത്തനാപുരം പാസ്റ്റർ ടി എം തോമസ്കുട്ടിയുടെ ഫോൺസന്ദേശം എനിക്കു ലഭിക്കുന്നത്. അദ്ദേഹം വാവിട്ടു കരയുകയായിരുന്നു. അദ്ദേഹം എറണാകുളത്ത് എന്റെ ലോക്കൽ സഭയിലെ പാസ്റ്ററും ഡിസ്ട്രിക്റ്റ് പാസ്റ്ററുമൊക്കെയായിരുന്നിട്ടുണ്ട്. പതിറ്റാണ്ടുകൾ നീണ്ട സൗഹൃദവും അദ്ദേഹവുമായി എനിക്കുണ്ട്. ഇന്നുവരെ അദ്ദേഹം കരയുന്നത് ഞാൻ കണ്ടിട്ടില്ല. പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു : 'അച്ചാ, നമ്മുടെ ഇളമ്പൽ ഉണ്ണികൃഷ്ണൻ ബ്രദർ മരിച്ചു. ഇളമ്പൽ ജംഗ്ഷനിൽ വച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്കിൽ ഒരു കാർ വന്ന് ഇടിക്കുകയായിരുന്നു.'

എന്റെ മകൻ കാർ സൈഡിൽ ഒതുക്കി നിർത്തി. വാർത്ത സത്യമാകരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ വീണ്ടും തോമസ് കുട്ടി പാസ്റ്ററോടു ചോദിച്ചു : 'സത്യം തന്നെയാണോ പാസ്റ്ററേ ?' അതോ ആരെങ്കിലും കെട്ടിച്ചമച്ച വ്യാജവാർത്തയാണോ ?' കരഞ്ഞുകൊണ്ട് അദ്ദേഹം പിന്നെയും പറഞ്ഞു : 'സത്യമാണച്ചാ, ഞങ്ങളെല്ലാം അദ്ദേഹത്തിന്റെ അടുത്തു തന്നെയുണ്ട്. തോമസ്കുട്ടി പാസ്റ്ററുടെ സഹധർമിണി ലിസി സിസ്റ്ററുടെ കരച്ചിലും ഞാൻ ഫോണിൽ കേട്ടു.

ഈയിടെയായി ആത്മീയലോകത്തിൽ മരണങ്ങൾ അടിക്കടി സംഭവിക്കുകയാണ്. എന്താണ് കാരണമെന്ന് എനിക്കറിയില്ല. യേശുകർത്താവിന്റെ വരവ് വളരെ അടുത്തോ ? തനിക്കു പ്രിയപ്പെട്ടവരെയൊക്കെ കർത്താവ് തിടുക്കത്തിൽ വിളിച്ച് തന്നോടൊപ്പം ചേർക്കുകയാണോ ? ഒന്നും എനിക്കറിയില്ല. പലതും മനസിലാക്കാൻ ശ്രമിച്ചിട്ടും മനസിലാകുന്നില്ല. 

ഇളമ്പൽ ഉണ്ണികൃഷ്ണൻ ബ്രദർ എന്റെ ആരുമായിരുന്നില്ല, എന്നാൽ എന്റെ ആരൊക്കെയോ ആയിരുന്നു. ആ സൗമ്യമുഖം എത്ര ശ്രമിച്ചിട്ടും എന്റെ മനസിൽ നിന്നു മായുന്നില്ല. ഇളമ്പൽ ദേശം എനിക്കും ഏറെ പ്രിയപ്പെട്ടതാണ്. എന്റെ പരിചയക്കാർ പലരും അവിടെ താമസിക്കുന്നുണ്ട്. ചർച്ച് ഓഫ് ഗോഡിലെ ഒരു ജനറൽ മിനിസ്റ്ററായ ഞാൻ ഇളമ്പൽ ചർച്ച് ഓഫ് ഗോഡിൽ പല പ്രാവശ്യം കൺവൻഷൻ പ്രസംഗിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്ന് ബൈക്കിൽ യാത്ര ചെയ്താണ് ഞാനും അവിടെ പ്രസംഗിക്കാൻ പോയിട്ടുള്ളത്.

ഉണ്ണികൃഷ്ണൻ ബ്രദർ എന്റെ ഫേസ്ബുക്ക് ഫ്രണ്ടായിരുന്നു. പരസ്യയോഗങ്ങളിലെ ഒരു ഭാവിവാഗ്ദാനമായിരുന്നു. ആ ചെറുപ്പക്കാരനെ കുറെ നാളായി ഞാൻ ഏറെ ശ്രദ്ധിച്ചിരുന്നു. കഴിവുള്ള യൗവനക്കാരെ അവരറിയാതെ ഞാൻ ശ്രദ്ധിക്കാറുണ്ട്. എന്നാൽ കഴിയാവുന്ന രീതിയിൽ പ്രോത്സാഹിപ്പിക്കാറുണ്ട്. ഇന്നല്ലെങ്കിൽ നാളെ അദ്ദേഹത്തെക്കുറിച്ച് ഒരു പ്രോത്സാഹനക്കുറിപ്പ് എന്റെ ഫേസ്ബുക്ക് പംക്തിയിൽ എഴുതണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇത്ര വേഗത്തിൽ അതൊരു മരണക്കുറിപ്പാകുമെന്ന് എന്റെ സ്വപ്നത്തിൽപ്പോലും ഞാൻ കരുതിയിരുന്നില്ല.

ഇന്നലെയും അഡോണായ് ടീമിനൊപ്പം അദ്ദേഹം പരസ്യയോഗത്തിൽ പ്രസംഗിച്ചത് ഞാൻ ശ്രദ്ധിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ സൗമ്യമായ പുഞ്ചിരിയും മുഖത്തെ നിഷ്കളങ്കതയും പ്രസംഗത്തിലെ അച്ചടക്കവും വാക്കുകളിലെ മിതത്വവും പ്രതിപക്ഷ ബഹുമാനവും അവതരണത്തിലെ മാധുര്യവും എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്. എപ്പോഴും വിശുദ്ധ ബൈബിൾ നെഞ്ചോട്‌ ചേർത്തു പിടിച്ചുള്ള ആ നിൽപ്പും ലജ്ജ കൂടാതെ ആരോടും എപ്പോഴും എവിടെയും ലോകരക്ഷകനും മഹാദൈവവുമായ യേശുവിനെക്കുറിച്ചു പറയുവാനുള്ള താല്പര്യവും തീക്ഷണതയും ഏറെ ആസ്വാദകരമായി എനിക്ക് തോന്നിയിട്ടുണ്ട്.

Advertisement