ഇന്ത്യയിലെ ആദ്യത്തെ വനിതാ അഭിഭാഷക കൊർനേലിയ സൊറാബ്ജി

ഇന്ത്യയിലെ ആദ്യത്തെ വനിതാ അഭിഭാഷക കൊർനേലിയ സൊറാബ്ജി

ഇന്ത്യയിലെ ആദ്യത്തെ വനിതാ അഭിഭാഷക കൊർനേലിയ സൊറാബ്ജി

പ്രകാശ് പി. കോശി

കൊർനേലിയ സൊറാബ്ജിക്ക് "ഇന്ത്യയിലെ ആദ്യത്തെ" എന്നു പറയാൻ നിരവധി റെക്കോഡുകൾ ആണുള്ളത്. ബോംബെ യൂണിവേഴ്സിറ്റിയിലെ ആദ്യത്തെ വനിതാ ബിരുദധാരി, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ആദ്യമായി നിയമപഠനം നടത്തി ബിരുദം നേടിയ വനിത, ഇന്ത്യയിലെ ആദ്യത്തെ വനിതാ വക്കീൽ, ബ്രിട്ടനിലും ഇന്ത്യയിലും നിയമം പരിശീലിച്ച ആദ്യത്തെ ബാരിസ്റ്റർ, ഇന്ത്യയിലെ ആദ്യത്തെ ഉയർന്ന റാങ്കിലുള്ള സർക്കാർ ഉദ്യോഗസ്ഥ. കൊർനേലിയ സൊറാബ്ജിയുടെ ജീവിതം തടസ്സങ്ങളോടും മുൻവിധികളോടും സാഹസികമായി പടപൊരുതി നേടിയ വിജയങ്ങളുടെ നേർക്കാഴ്ച്ചയാണ്. ഇതിനെല്ലാം പിന്നിൽ പ്രേരകശക്തിയായി വർത്തിച്ചത് അവരുടെയും, അവരുടെ മാതാപിതാക്കളുടെയും ക്രിസ്തീയ വിശ്വാസമായിരുന്നു.

കൊർനേലിയയുടെ പിതാവ് റവ. സൊറാബ്ജി കർസേഡ്ജി  ബോംബെ സംസ്ഥാനത്ത് ഒരു യാഥാസ്ഥിതിക പാർസി കുടുംബത്തിലാണ് ജനിച്ചത്. ഇസ്ലാമിൽ നിന്നുള്ള പീഡനത്തിൽ നിന്ന് തങ്ങളുടെ പാർസി വിശ്വാസം സംരക്ഷിക്കാൻ നൂറ്റാണ്ടുകൾക്ക് മുൻപ് പേർഷ്യയിൽ നിന്ന് ഭാരതത്തിലേക്ക് പാലായനം ചെയ്ത കുടുംബമായിരുന്നു അവരുടേത്. പാർസി വിശ്വാസം കൃത്യമായി പാലിച്ച ഈ വ്യാപാരകുടുംബം സൊറാബ്ജിയെ ഒരു മിഷണറി സ്കൂളിലാണ് വിദ്യാഭ്യാസത്തിന് അയച്ചത്. മകൻ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുക എന്നതായിരുന്നു മാതാപിതാക്കളുടെ ലക്ഷ്യം. എന്നാൽ സ്കൂളിൽ വച്ച്  സൊറാബ്ജിയെ ബൈബിൾ സത്യങ്ങൾ വല്ലാതെ ആകർഷിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ പതിനാറാമത്തെ വയസ്സിൽ, 1840-ൽ സൊറാബ്ജി ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു. ഒരു പാർസിയുവാവ് ക്രിസ്തീയ വിശ്വാസത്തിലേക്ക് വരുന്നത് അന്ന് കേട്ടുകേൾവി പോലുമില്ലായിരുന്നു. വാർത്തയറിഞ്ഞ ബോംബെയിലെ പാർസി സമാജം ഇളകി. കോപാകുലരായ പാർസി ജനക്കൂട്ടത്തിൽ നിന്ന് രക്ഷ നേടാൻ സൊറാബ്ജി വീടിനടുത്തുള്ള കെട്ടിടങ്ങളിൽ ഒളിച്ചു. ആയിരക്കണക്കിന് ജനങ്ങളാണ് അദ്ദേഹത്തിന്റെ ജീവനെടുക്കാൻ ഈ കെട്ടിടങ്ങൾ വളഞ്ഞത്. ബോംബെ പൊലീസാണ് അന്ന് അദ്ദേഹത്തെ ആൾക്കൂട്ട കൊലപാതകത്തിൽ നിന്ന് രക്ഷിച്ചത്. എന്നാലും പാർസികൾ അദ്ദേഹത്തെ വെറുതെ വിടാൻ തയ്യാറായില്ല. ഒന്നുകിൽ ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കുക അല്ലെങ്കിൽ മരണം വരിക്കുക, അതായിരുന്നു അവരുടെ അന്ത്യശാസനം. മൂന്നു പ്രാവശ്യം അവർ അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചു. അവിടെയെല്ലാം ദൈവകൃപയാൽ അദ്ദേഹത്തിന്റെ ജീവന് ഹാനിയുണ്ടായില്ല. ഒരിക്കൽ, ഭക്ഷണം ഒന്നും നൽകാതെ അവർ അദ്ദേഹത്തെ അറബിക്കടലിൽ ഉപേക്ഷിച്ചു. ആ പരീക്ഷയും സൊറാബ്ജി അതിജീവിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം ഒരു ക്രൈസ്തവ മിഷനറിയായി നാസിക്ക്, പൂന നഗരങ്ങളിൽ സേവനം ചെയ്തു.

പ്രശ്നങ്ങൾ ഒക്കെ അടങ്ങിയതിന് ശേഷം സൊറാബ്ജിയുടെ വിവാഹം നടന്നു.  കർണാടകയിൽ ജനിച്ചു വളർന്ന ഫ്രാൻസീന എന്ന യുവതിയായിരുന്നു വധു. ഒരു ബ്രിട്ടീഷ് കുടുംബമായിരുന്നു ഫ്രാൻസീനയെ ദത്തെടുത്ത് വളർത്തിയത്. സൊറാബ്ജി മിഷണറി പ്രവർത്തനത്തിലൂടെ ആത്മാക്കളെ നേടിയപ്പോൾ ഫ്രാൻസീന പൂനയിൽ നാല് സ്കൂളുകൾ സ്ഥാപിച്ച് വിദ്യാഭ്യാസം സാർവ്വത്രികമാക്കി.

സൊറാബ്ജി ദമ്പതികൾക്ക് ഏട്ടുകുട്ടികൾ പിറന്നു ; ഏഴു പെണ്ണും, ഒരാണും. 1866, നവംബർ 16-ന്   അവർക്കു പിറന്ന പെൺകുട്ടിക്ക് മാതാപിതാക്കൾ കൊർനേലിയ എന്നു പേരിട്ടു. ഏഴുപെൺകുട്ടികളിൽ ഏറ്റവും മിടുക്കി കൊർനേലിയയായിരുന്നു. മാതാപിതാക്കളുടെ പ്രോത്സാഹനം മൂലം വലിയ കടമ്പകൾ കടക്കാൻ അവൾ ഒരുമ്പെട്ടു. പൂനയിലെ ഡെക്കാൻ കോളേജിൽ 300 ആൺകുട്ടികളുടെ ഇടയിൽ അവൾ മാത്രമായിരുന്നു ഒരേയൊരു പെൺ വിദ്യാർത്ഥി. അതിനു ശേഷം, കൊർനേലിയ ബോംബെ യൂണിവേഴ്സിറ്റിയിൽ പ്രവേശനത്തിന് ശ്രമിച്ചു. എന്നാൽ, വനിതകൾക്ക് പ്രവേശനമില്ലെന്ന നിലപാടായിരുന്നു അധികാരികൾ എടുത്തത്. സൊറാബ്ജി അതിനെതിരെ പോരാടി മകൾക്ക് യൂണിവേഴ്സിറ്റിയിൽ പ്രവേശനം തരപ്പെടുത്തിക്കൊടുത്തു. അങ്ങനെ കൊർനേലിയ ബോംബെ യൂണിവേഴ്സിറ്റിയുടെ ആദ്യത്തെ വനിതാ ബിരുദധാരിയായി മാറി. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ നാലു കുട്ടികളിൽ കൊർനേലിയയുമുണ്ടായിരുന്നു. അത് അവരെ ഇംഗ്ലണ്ടിൽ പഠിക്കാനുള്ള സ്കോളർഷിപ്പിന് അർഹയാക്കി. എന്നാൽ, വീണ്ടും ഒരു പ്രശ്നം. ഇംഗ്ലണ്ടിലെ കോളേജിൽ വനിതകൾക്ക് പ്രവേശനമില്ല. സൊറാബ്ജി കുടുംബം വെറുതെയിരിക്കാൻ തയ്യാറായില്ല. കൊർനേലിയയുടെ വിഷയം ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസിൽ വരെ അവർ എത്തിച്ചു. ഒടുവിൽ കോളേജ് അവർക്ക് പ്രവേശനം അനുവദിച്ചു.

1889-ൽ, കൊർനേലിയ കപ്പലിൽ ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചു. ഇന്ത്യയിൽ നിന്ന് സ്ത്രീകൾ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത് അന്ന് വിരളമായിരുന്നു. അതേ വർഷം, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ സോമർവില്ല കോളേജിൽ നാലു വർഷത്തെ ബാച്ചിലർ ഓഫ് ലോയ്ക്ക് അവർ ചേർന്നു. ഓൾ സോൾസ് കോളേജ് ലൈബ്രറിയിൽ പ്രവേശനം അനുവദിക്കപ്പെട്ട ഒരേയൊരു വനിത കൊർനേലിയയായിരുന്നു. അവിടെ അവർ വിശ്രുത ഇംഗ്ലീഷ് കവി ആൽഫ്രഡ്‌ ലോഡ് ടെന്നീസണിനെയും സാമൂഹ്യ പരിഷ്കർത്താവും ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയുമായ ഫ്ലോറെൻസ് നൈറ്റിങ്ഗേളിനെയും പരിചയപ്പെട്ടു. 1892-ൽ കൊർനേലിയ ഉയർന്ന മാർക്കോടെ ബിരുദപഠനം പൂർത്തീകരിച്ചു. എന്നാൽ അവർ വീണ്ടും പ്രശ്നത്തിലായി. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ വനിതകൾക്ക് ഡിഗ്രി കൊടുക്കാൻ നിയമമില്ലത്രേ! അതിനുവേണ്ടി അവർ 28 വർഷം കാത്തിരുന്നു. 1920-ലാണ് വനിതകൾക്കും ഡിഗ്രി നൽകാമെന്ന് യൂണിവേഴ്സിറ്റി നിയമം മാറ്റിയെഴുതിയത്.

പഠനം കഴിഞ്ഞ് ഇന്ത്യയിലേക്ക് തിരിച്ചുപോയി അശരണരായ സ്ത്രീകൾക്കും വിധവമാർക്കും വേണ്ടി നിയമസേവനം ചെയ്യാൻ കൊർനേലിയ തീരുമാനിച്ചു. വിവരം അറിഞ്ഞ ഫ്ലോറെൻസ് നൈറ്റിങ്ഗേൾ അവരുടെ സമർപ്പണത്തിൽ സന്തുഷ്ടയായി. അവർ പറഞ്ഞു, "എന്റെ കുട്ടീ, ദൈവമാണ് നിന്നെ ഈ വേലയ്ക്ക് അയക്കുന്നത്. അവന്റെ ശക്തിയിൽ പോകാൻ ഭയപ്പെടാതിരിക്കുക".

കൊർനേലിയ ഇന്ത്യയിൽ എത്തി ബോംബെ ഹൈക്കോടതിയിൽ നിയമപരിശീലനം ആരംഭിച്ചു. എന്നാൽ, പുരുഷവക്കീലന്മാർ അവരെ അതിന് അനുവദിച്ചില്ല. ചില മാസങ്ങൾക്ക് ശേഷമാണ് അവർക്ക് വക്കീൽ ജോലി ചെയ്യാനായത്. ഇന്ത്യയിലെ ആദ്യത്തെ വനിതാ വക്കീൽ എന്ന പദവി അവർ നേടിയെടുത്തു. സാമൂഹ്യ തിന്മകളായ ശൈശവ വിവാഹം, സതി, പുരുഷന്മാർക്ക് മാത്രമുള്ള സ്വത്തവകാശം,എം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കൽ എന്നിവയ്‌ക്കെതിരെ അവർ നിയമപരമായി പോരാടി. വിധവമാർക്കും അനാഥകുഞ്ഞുങ്ങൾക്കും വേണ്ടിയുള്ള അവരുടെ പോരാട്ടത്തിൽ പണ്ഡിത രമാബായും ഒത്തുചേർന്നു. പിന്നീട് അവർ കൽക്കട്ട ഹൈക്കോടതിയിൽ പൂർവ്വഭാരതത്തിലെ ദരിദ്രരായ വിധവമാർക്ക് വേണ്ടി കേസുകൾ വാദിച്ചു. സാമൂഹിക സേവനത്തിനും സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പോരാട്ടത്തിനുമായി 1909-ൽ ബ്രിട്ടീഷ് രാജ് അവർക്ക് കൈസർ -ഇ- ഹിന്ദ് മെഡൽ നൽകി ആദരിച്ചു.  രാഷ്ട്രീയപരമായ കാരണങ്ങളാൽ മഹാത്മാ ഗാന്ധിയുമായി സമരസപ്പെടാൻ കൊർനേലിയയ്ക്ക് കഴിഞ്ഞില്ല. 1931-ൽ കൊർനേലിയ ഇംഗ്ലണ്ടിൽ സ്ഥിരതമാസമാക്കി. 1954, ജൂലൈ ആറിന് നോർത്തെമ്പർലൻഡ് ഹൗസിൽ വച്ച് അവർ നിര്യാതയായി.

2012-ൽ, ഇംഗ്ലണ്ടിലെ ആദ്യത്തെ വനിതാ ബാരിസ്റ്റർ ആയ കൊർനേലിയയെ ആദരിക്കാൻ അഭിഭാഷകർ ലിങ്കൺസ് ഇന്നിൽ അവരുടെ പ്രതിമ സ്ഥാപിച്ചു. 2016-ൽ അവരുടെ 150-മത്തെ ജന്മദിനത്തിൽ കൊർനേലിയയുടെ ഓർമ്മയ്ക്കായി സോമർവില്ല കോളേജ് കൊർനേലിയയുടെ പേരിൽ ഇന്ത്യൻ നിയമവിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ഏർപ്പെടുത്തി. ഇന്ന് ലണ്ടനിലെ പ്രസിദ്ധമായ നാഷണൽ പോർട്രൈറ്റ് ഗാലറിയിൽ അവരുടെ ചിത്രം തൂക്കിയിട്ടുണ്ട്. കൊർനേലിയയുടെ ഇച്ഛാശക്തിയ്ക്കും കഠിനപരിശ്രമത്തിനുമുള്ള അംഗീകാരമായി 2017, നവംബർ 15-ന് ഗൂഗിളിന്റെ ഡൂഡിളിൽ അവരുടെ കാരിക്കേച്ചർ വന്നു. ആത്മകഥ ഉൾപ്പെടെ കൊർനേലിയ നാലു പുസ്തകങ്ങൾ എഴുതി. അവരുടെ രണ്ടു സഹോദരിമാരും ഉയരങ്ങൾ കീഴടക്കിയവരാണ്. അവരുടെ പൂനെയിലെ വസതിയിൽ ഇന്ന് റിറ്റ്സ് ഹോട്ടൽ പ്രവർത്തിക്കുന്നു. സൊറാബ്ജി കുടുംബം ഉപയോഗിച്ച ഗ്രഹോപകരണങ്ങൾ പോലും അവിടെ ഇന്നും സൂക്ഷിച്ചിട്ടുണ്ട്. കൊർനേലിയയുടെ ചരമദിനമായ ഇന്ന് അവർ സമൂഹത്തിന് വേണ്ടി ചെയ്ത പരിഷ്ക്കാരങ്ങളും ത്യാഗങ്ങളും നമുക്ക് ഓർക്കാം.

Advertisement