ഗ്രഹാം സ്റ്റെയിൻസ് : ഒറീസ്സയുടെ മണ്ണിൽ വെന്തെരിഞ്ഞ ഗോതമ്പ് മണി
ഗ്രഹാം സ്റ്റെയിൻസ് : ഒറീസ്സയുടെ മണ്ണിൽ വെന്തെരിഞ്ഞ ഗോതമ്പ് മണി
- സ്റ്റെയിൻസ് ഓർമ്മകളിൽ വീണ്ടും ഒരു ജനുവരി
- ജനുവരി 23, ഭാരത സഭ ഒരിക്കലും മറക്കാത്ത ദിനം
- ഗ്രഹാം സ്റ്റെയിൻസും മക്കളും രക്തസാക്ഷികളായിട്ട് 25 വർഷം തികയുന്നു
ജോസ് പ്രകാശ്
1999 ജനുവരി 23, രാജ്യം ഞെട്ടലോടുകൂടി ആയിരുന്നു ആ വാർത്ത കേട്ടത്. നീണ്ട മുപ്പത്തിനാലു വര്‍ഷം ഭാരത മണ്ണിൽ സേവനം ചെയ്ത ഒരു പിതാവിനെയും 2 പിഞ്ചുമക്കളെയും ചില ക്രൂര മതതീവ്രവാദികൾ ചേർന്ന് അഗ്നിക്ക് ഇരയാക്കി. ജനുവരി 22 അർദ്ധരാത്രി ഒഡീഷയിലെ ബാരിപാഡയിൽ നിന്നും 180 കിലോമീറ്റർ അകലെ സന്താൾ എന്ന ആദിവാസി സമൂഹത്തിന്റെ കേന്ദ്രമായ മനോഹർപൂരിലെ പ്രവർത്തനങ്ങൾ കഴിഞ്ഞ് നേരം വളരെ വൈകിയതു കൊണ്ട് തന്റെ വാഹനത്തിൽ ഗ്രഹാം സ്റ്റെയിൻസും അദ്ദേഹത്തിന്റെ രണ്ട് പുത്രന്മാരായ പത്തുവയസുകാരന്‍ ഫിലിപ്പും ആറു വയസുകാരന്‍ തിമോത്തിയും ഉറങ്ങുകയായിരുന്നു.
ഏകദേശം രാത്രി 12.30 നു ശേഷം കുന്തം, വടി, തോക്ക്, പെട്രോൾ എന്നിവയുമായി അമ്പതോളം പേർ അദ്ദേഹത്തിന്റെ വാഹനത്തെ വലയം ചെയ്തു. അവർ കല്ലെറിഞ്ഞ് വാഹനത്തിന്റെ ചില്ലുകൾ തകർത്തു. ഞെട്ടിയുണർന്ന് വാഹനത്തിനു പുറത്തു കടക്കാൻ ശ്രമിച്ച സ്റ്റെയിൻസിനെ കുന്തം കൊണ്ട് കുത്തി വീഴ്ത്തി. ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തി. മൂന്ന് പേരുടെയും ശരീരം ആളിക്കത്തിയ അഗ്നിയിൽ വെന്തെരിഞ്ഞു. സ്റ്റെയിൻസിൻ്റെയും രണ്ട് കുഞ്ഞുങ്ങളുടെയും ആത്മാവ് ഉടയോൻ്റെ അടുക്കലേക്ക് മടങ്ങിപ്പോയി.
1941 ജനുവരി 18 ന് ഓസ്ട്രേലിയായിലെ ബ്രബ്ബനിയിൽ ജോസഫ് വില്യം - എലിസബത്ത് ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി ഗ്രഹാം സ്റ്റെയിൻസ് ജനിച്ചു. ചെറുപ്പം മുതൽ തികച്ചും ആന്മീക അന്തരീഷത്തിൽ വളർത്തപ്പെട്ടു. പതിനാറാം വയസ്സിൽ പ്രേഷിത പ്രവർത്തനങ്ങൾക്കായി സ്വയം സമർപ്പിച്ചു.
1965ല്‍ ആദ്യമായി സ്റ്റെയിൻസ് ഇന്ത്യ സന്ദര്‍ശിച്ചു. അദ്ദേഹം ഇവാഞ്ചലിക്കല്‍ മിഷണറി സൊസൈറ്റി ഓഫ് മയൂര്‍ബനിയില്‍ (ഇഎംഎസ്എം) ചേർന്നു. മിഷണറി പ്രവര്‍ത്തനങ്ങളുടെ ദീർഘ ചരിത്രമുള്ള അദ്ദേഹം ഈ പിന്നോക്ക ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 1983ല്‍ അദ്ദേഹം ബരിപാഡയിലെ മിഷന്റെ നേതൃത്വം ഏറ്റെടുത്തു.
1982ല്‍, ഒരു രജിസ്‌ട്രേഡ് സൊസൈറ്റിയായി മയൂര്‍ബനി കുഷ്ഠരോഗ കേന്ദ്രം സ്ഥാപിക്കുന്നതിന് അദ്ദേഹം സഹായങ്ങള്‍ ചെയ്തു. കുഷ്ഠ രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനിടയില്‍ 1981ല്‍ ഗ്ലാഡിസ് ജെയ്‌നെ കണ്ടുമുട്ടി. 1983ല്‍ അവര്‍ വിവാഹിതരായി. അതിന് ശേഷം ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചു. രണ്ട് പുത്രന്മാരെ കൂടാതെ എസ്ഥേര്‍ എന്ന ഒരു പുത്രി കൂടി അവര്‍ക്ക് ഉണ്ടായിരുന്നു.
കുഷ്ഠരോഗി പരിചരണമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യമെങ്കിലും ബൈബിളിന്റെ ഒരു ഭാഗം ഹോ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യുന്നതില്‍ അദ്ദേഹം പങ്കാളിയായി. പുതിയ നിയമത്തിന്റെ എഴുത്തുപതിപ്പ് മുഴുവന്‍ പ്രൂഫ് നോക്കിയതും അദ്ദേഹമായിരുന്നു. ഒഴുക്കോടെ ഒറിയ സംസാരിച്ചിരുന്ന അദ്ദേഹം രോഗികള്‍ക്ക് പ്രിയങ്കരനായിരുന്നു. സായിബോ എന്ന പേരിൽ അറിയപ്പെട്ട ഗ്രഹാം സ്റ്റെയിൽസ് നിർമ്മല സ്നേഹത്തിന്റെ ആൾരൂപമായിരുന്നു.
സ്വദേശവും സ്വജനങ്ങളെയും വിട്ട് ഭാരതത്തിന്റ കുഗ്രാമങ്ങളിൽ സ്വഭവനക്കാരും സുഹൃത്തുക്കളും ഉപേക്ഷിച്ച കുഷ്ഠരോഗികളെ ഒരു മടിയും കൂടാതെ പരിചരിച്ച് അവർക്ക് വേണ്ടി ജീവിതം മാറ്റിവയ്ക്കുകയും ക്രിസ്തുവിന്റെ സ്നേഹം പകർന്നു നല്കുകയും ചെയ്ത തന്റെ ഭർത്താവിനെയും, നിഷ്കളങ്കരായ 2 കുഞ്ഞുങ്ങളെയും ചുട്ടെരിച്ച മനുഷ്യരോടുള്ള ഗ്ലാഡിസിന്റ സമീപനം ഒരു യഥാർത്ഥ ക്രൈസ്തവ സാക്ഷ്യമാണ്. ഗ്രഹാമിൻ്റെ ഭാര്യ ഗ്ലാഡിസിന്റെ വാക്കുകൾ ഇപ്രകാരം ആയിരുന്നു;
"ഞാൻ പൂർണമായി തകർക്കപ്പെട്ടു. എന്നാൽ എനിക്ക് ആരോടും പരിഭവമില്ല. ശത്രുക്കളോട് ക്ഷമിക്കുവാനാണ് യേശു എന്നെ പഠിപ്പിച്ചത്. എന്റെ ഭർത്താവിന്റെ ഘാതകർ ദൈവസ്നേഹം അനുഭവിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു."
ഭർത്താവിന്റെയും മക്കളുടെയും ഹീനമായ കൊലപാതകത്തിന് സാക്ഷിയായ ഗ്ലാഡിസ് 2006-ൽ ഭാരതത്തിലേക്ക് പിന്നീട് തിരിച്ചു വന്നു. തന്റെ ഭർത്താവ് തുടങ്ങിവച്ച കുഷ്ഠരോഗികളെ ശുശ്രൂഷിക്കുക എന്ന കർത്തവ്യം അവർ ഈ രാജ്യത്ത് തുടർന്നു.
2005ൽ സ്റ്റെയിൽസ് കുടുംബ ത്തിന്റെ സമർപ്പിത സേവനത്തിനു ഗ്ലാഡിസ് സ്റ്റെയിൻസിനു ഭാരതം പത്മശ്രീ നൽകി ആദരിച്ചു.
ബേൺട് എലൈവ്, ദ് ലീസ്റ്റ് ഓഫ് ദീസ് എന്നീ ജീവചരിത്ര ഗ്രന്ഥങ്ങളും, ഗ്രഹാമിന്റെ ജീവിതത്തെ ആസ്പദമാക്കി ചില സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്. 2017 -ൽ ‘വാർ പാത്ത് ബിയോണ്ട് ദ ലൈഫ്’ എന്ന ചലചിത്രം ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിൽ റിലീസ് ചെയ്യപ്പെട്ടിരുന്നു. ദ ലീസ്റ്റ് ഓഫ് ദീസ് എന്ന ചിത്രം 2019 മാർച്ചിൽ പുറത്തിറങ്ങിയിരുന്നു. 25 വർഷം പിന്നിട്ടിട്ടും ലോകത്തിന് മുന്നിലെ തീരാത്ത നൊമ്പരമാണ് ഗ്രഹാം സ്റ്റെയിൻസും കുടുംബവും.
ഗ്രഹാമിന്റെയും മക്കളുടെയും രക്തം വീണ ഒറീസയുടെ മണ്ണിൽ നിന്നും നിരവധി പേരാണ് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചത്. അത് ഇന്നും തുടരുകയാണ്, ഇനിയും തുടരും!
ഭാരത മണ്ണിൽ ഇന്നും നിരവധി മിഷനറിമാർ പീഢകൾ അനുഭവിക്കുകയും ദാരുണമായി കൊല്ലപ്പെടുകയും ചെയ്യുന്നു. മതപരിവർത്തനമല്ല, പ്രശ്നം മനപരിവർത്തനമാണ്.
ക്രൈസ്തവ മിഷണറിമാർ പങ്കിടുന്ന സുവിശേഷം മനുഷ്യരെ രൂപാന്തരപ്പെടുത്തുന്നു. ആദിവാസികൾ നല്ല വസ്ത്രം ധരിച്ച് നട്ടെല്ലു നിവർത്തി സംസാരിക്കുന്നത് ജന്മികളെയും, മതഭ്രാന്തന്മാരെയും അസ്വസ്ഥരാക്കുന്നു. മതപരിവർത്തനമെന്ന് പറഞ്ഞു കലാപമുണ്ടാക്കി അവരെ കൊല്ലുകയും, ആട്ടിയോടിക്കുകയും ചെയ്യുന്നു. നാടും വീടും സ്വത്തും സമ്പത്തുമുപേക്ഷിച്ച് അന്യസംസ്ഥാനങ്ങളിലേക്ക് അവർ പലായനം ചെയ്യുമ്പോൾ ജന്മികൾ നിഷ്പ്രയാസം അത് കൈക്കലാക്കുന്നു.
സ്റ്റെയിൻസ് കുടുംബത്തിന്റെ ഓർമകളുണർത്തുന്ന ഒരു ജനുവരി മാസം കൂടി കടന്നുപോകുമ്പോൾ, സുഖങ്ങളും പദവികളും വെടിഞ്ഞ് ഉത്തരേന്ത്യയിൽ ക്രിസ്തുവിൻ്റെ സൗരഭ്യം പരത്തുന്ന മിഷനറിമാർക്കായി നമുക്കു പ്രാർത്ഥിക്കാം. കൊയ്ത്തിന് പാകമായി വിളഞ്ഞ് കിടക്കുന്ന സുവിശേഷ വയലുകളിലേക്ക് ആത്മഭാരമുള്ള യുവമിഷണറിമാർ സമർപ്പണത്തോടെ പുറപ്പെടേണ്ടതിനായി നമുക്ക് കൊയ്ത്തിൻ്റെ യജമാനനോട് അപേക്ഷിക്കാം.