സ്വാതന്ത്ര്യത്തിനായിട്ട് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി
സ്വാതന്ത്ര്യത്തിനായിട്ട് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി
ഭാരതം വിദേശാധിപത്യത്തില്‍നിന്നു സ്വതന്ത്രമായതിന്റെ ഓര്‍മ ഒരിക്കല്‍കൂടെ നാം കൊണ്ടാടുകയാണ്. ആയിരക്കണക്കിന് ദേശാഭിമാനികള്‍ ജീവനുംരക്തവും ത്യജിച്ചാണ് അതു നമുക്കു നേടിത്തന്നത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ ദീപ്തസ്മരണയില്‍ മുഴുകുമ്പോള്‍ സാക്ഷാല്‍ സ്വാതന്ത്ര്യത്തെക്കുറിച്ചു പ്രതിപാദിക്കുകയാണു ഇവിടെ
ചാക്കോ കെ തോമസ്, ബെംഗളൂരു
സ്വതന്ത്രഭാരതത്തിന് 77 വയസ്സ് പൂർത്തിയാകുന്നു. ഓരോ ഭാരതീയൻ്റെയും അഭിമാന നിമിഷമാണിത്. സ്വാതന്ത്ര്യസമര നേതാക്കളുടെയും രാഷ്ട്രശില്പികളുടെയും ഭാവനയിൽ ഉണ്ടായിരുന്ന ഭാരതമെന്ന സങ്കൽപത്തിലേക്ക് എത്താനും വൈവിധ്യസംസ്കാരത്തിൽ എല്ലാ ജനവിഭാഗങ്ങളെയും സമഭാവനയിൽ കാണാനും കഴിഞ്ഞിട്ടുണ്ടോ എന്ന വീണ്ടുവിചാരവും ഈ സമയത്ത് ആവശ്യമാണ്.
സ്വാതന്ത്ര്യലബ്ധിക്കുശേഷം വിഭജനത്തിൻ്റെ നൊമ്പരവും വർഗീയതയുടെ വെല്ലുവിളികളും നേരിട്ട ഭാരതം വികസനകാര്യത്തിൽ വളരെ നേട്ടങ്ങൾ കൈവരിച്ചു. ശാസ്ത്രരംഗത്തും പ്രതിരോധരംഗത്തും നേട്ടമുണ്ടാക്കി. പക്ഷേ, രാഷ്ട്രീയമായ അനിശ്ചിതത്വവും ജീർണതയും നമ്മെ അസ്വസ്ഥരാക്കിയിട്ടുമുണ്ട്.അന്തർദേശീയ തലത്തിൽ ഇന്ത്യ എടുക്കുന്ന നയപരമായ തീരുമാനങ്ങൾ പ്രശംസനീയമാണ്. സ്വാതന്ത്ര്യം ലഭിച്ച ഇതര ഏഷ്യൻ രാജ്യങ്ങൾക്കൊപ്പം വളരാൻ കഴിയാഞ്ഞത് ഇന്ത്യയുടെ രാഷ്ട്രീയ അസ്ഥിരതയും സാമൂഹിക മത പശ്ചാത്തലവുമാണ്.
സമാധാനത്തിൻ്റെ പ്രവാചകരായ മിഷനറിമാരുടെ രക്തം ഇന്ത്യൻ ഗ്രാമങ്ങളിൽ ഇപ്പോഴും നിലവിളിക്കുന്നുണ്ട്. സ്വതന്ത്ര ഭാരതം കേൾക്കാൻ ആഗ്രഹിക്കാത്ത ആസുരതയുടെ ആക്രോശങ്ങൾ ഇപ്പോഴും ഗ്രാമസ്ഥലികളിൽ മുഴങ്ങുന്നുണ്ട്.
വികസനരംഗത്ത് ക്രൈസ്തവ സമൂഹം നൽകിയ സംഭാവനകൾ തമസ്കരിക്കുകയാണ്. വിദ്യാഭ്യാസം, ശാസ്ത്രം, അച്ചടി, സംസ്കാരം, ഭാഷ, നവോത്ഥാനം, ആതുരസേവനം തുടങ്ങിയ രംഗങ്ങളിൽ അവർ നൽകിയ സംഭാവനകളെ മറന്ന് മതസ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവും വിശ്വാസ പ്രഖ്യാപനത്തിനുള്ള അവകാശവും ലംഘിക്കുന്ന ഭീകരത അടുത്തകാലത്ത് വർധിച്ചിട്ടുണ്ട്. ഈ മനുഷ്യാവകാശ ധ്വംസനങ്ങൾ സ്വതന്ത്രഭാരതത്തിൻ്റെ തിളക്കത്തിന് മങ്ങലേൽപ്പിക്കുന്നു. നൂറ്റാണ്ടുകളുടെ വൈദേശിക അടിമത്തത്തിൽ നിന്ന് മോചനം നേടിയ നാമിന്ന് വർഗീയതയുടെയും അഴിമതിയുടെയും മനുഷ്യാവകാശലംഘനങ്ങളുടെയും അടിമത്തത്തിൽ ആയിരിക്കുന്നു.
ഈ ഭൂമിയില്‍ ജീവിക്കുന്ന ഏതു മനുഷ്യനും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവനാണ്. അടിമ നുകത്തിനു കീഴിലായിരിക്കാന്‍ ആരും തന്നെ ഇഷ്ടപ്പെടുന്നില്ല. നാം ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തില്‍ ആയതു കൊണ്ട് ഈ രാജ്യത്തിന്റെ നിയമത്തില്‍ അധിഷ്ഠിതമായ ഭൗതിക സ്വാതന്ത്ര്യം നാം അനുഭവിച്ചുപോരുന്നു. എന്നാല്‍, ആത്മാവില്‍ സ്വാതന്ത്ര്യവും സന്തോഷവും അനുഭവിക്കാന്‍ ഇന്ന് അനേകര്‍ക്കും സാധിക്കുന്നില്ല. കാലങ്ങളായി മനുഷ്യന്റെ ആത്മാവ് തേടിക്കൊണ്ടിരിക്കുന്നതും അതു തന്നെയാണ്.
ദൈവം മനുഷ്യനെ സൃഷ്ടിച്ചു ഏദന്‍തോട്ടത്തില്‍ ആക്കിയപ്പോള്‍ അവന്‍ ആത്മാവില്‍ സ്വാതന്ത്ര്യവും സന്തോഷവും അനുഭവിച്ചിരുന്നു. തന്റെ ആത്മാവിനെ അടിമപ്പെടുത്തി ദുഃഖിപ്പിക്കുന്ന യാതൊന്നും തന്നെ ഭരിച്ചിരുന്നില്ല. എന്നാല്‍, ആദിമ മനുഷ്യന്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്ന ദൈവിക കല്പന ലംഘിച്ചപ്പോള്‍ തങ്ങളുടെ ആത്മാവിലുള്ള സ്വാതന്ത്ര്യം അവര്‍ക്കു നഷ്ടപ്പെട്ടു. പാപത്താല്‍ സാത്താന്‍ അവരുടെ മനസ്സിനെയും ആത്മാവിനെയും അടിമപ്പെടുത്തി. പാപത്തിന്റെ പരിണിതഫലങ്ങള്‍ ആയ രോഗവും ശാപവും മരണവും മനുഷ്യനെ വേട്ടയാടാന്‍ തുടങ്ങി. അന്ന് മുതല്‍ സാത്താന്‍ അനേകരുടെ ആത്മാവിനെ പാപം നിമിത്തം നരകത്തിനായി അടിമപ്പൈടുത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു, മരണത്തിന്റെ അധികാരിയായ പിശാചിനെ, കാല്‍വറി മരണത്താല്‍ നീക്കി ജീവപര്യന്തം മരണഭീതിയാല്‍ നരകത്തിന് അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു അവര്‍ക്ക് സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു (എബ്രായര്‍ 2:15).
ആകയാല്‍ നരകത്തില്‍ നിന്നും സാത്താന്റെ അധീനതയില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച നാം, ആ സ്വാതന്ത്ര്യം ദുഷ്ടതയ്ക്കു മറയാക്കാതെ ദൈവത്തിനു ദാസന്മാരായി നടക്കേണ്ടതാകുന്നു (1 പത്രൊസ് 2:16). നാം പാപത്തില്‍നിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിനു ദാസന്മാരായിരിക്കയാല്‍ നമുക്കു ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അന്ത്യം നിത്യജീവനും ആകുന്നെന്നു വേദപുസ്തകം പറയുന്നു. അതിനാല്‍ നീതിക്കു ദാസന്മാരായ ,നവജീവിതത്തിനായി നമ്മുടെ ജീവിതം സമര്‍പ്പിക്കേണ്ടതുണ്ട്.
സമകാലിക സംഭവങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ നമ്മുടെ കര്‍ത്താവിന്റെ വീണ്ടും വരവ് ഏറ്റവും അടുത്തിരിക്കുന്നു എന്ന് മനസിലാക്കാം. നാം ഇപ്പോള്‍ ദ്രവത്വം ഉള്ള ഒരു ശരീരത്തില്‍ വസിച്ചുകൊണ്ടു ദൈവേഷ്ടംചെയ്ത് അവന്റെ വരവിനായി കാത്തിരിക്കുന്നു. എന്നാല്‍ കര്‍ത്താവിന്റെ വരവിങ്കല്‍ ദ്രവത്വം ഉള്ള ഈ ശരീരത്തില്‍ നിന്ന്
നാം വിടുവിക്കപ്പെട്ടു തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും. അതാണു സാക്ഷാല്‍ സ്വാതന്ത്ര്യം. അതു തന്നെയാണു നമ്മുടെ പ്രത്യാശ.അതിനായി നമുക്ക് പ്രാർത്ഥനകൾ അർപ്പിക്കാം.