ഏബ്രഹാം ഉമ്മൻ ഇൻഷുറൻസ് പദ്ധതി: അപകടത്തിൽപെട്ട പാസ്റ്റർക്ക് കവറേജ് തുക കൈമാറി
അവഗണിക്കപ്പെടുന്നവരെ ചേർത്തുനിർത്തുന്നതാണ് സഭയുടെ ദൗത്യം: പാസ്റ്റർ കെ.സി. തോമസ്
ഏബ്രഹാം ഉമ്മൻ ഇൻഷുറൻസ് പദ്ധതി: അപകടത്തിൽപെട്ട പാസ്റ്റർക്ക് കവറേജ് തുക കൈമാറി
കുമ്പനാട്: അവഗണിക്കപ്പെടുന്നവരെ ചേർത്തുനിർത്തുന്നതാണ് സഭയുടെ ദൗത്യമെന്നും, പാസ്റ്റർമാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും മുട്ടമണ്ണിൽ നടന്ന സെന്റർ പാസ്റ്റർമാരുടെ യോഗത്തിൽ സഭാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ് പറഞ്ഞു. സഭയുടെ ചരിത്രത്തിൽ ഇതുവരെ നടത്താത്ത രീതിയിലുള്ള വികസന പ്രവർത്തനങ്ങളാണ് പാസ്റ്റർമാർക്ക് വേണ്ടി സ്റ്റേറ്റിന്റെ നേതൃത്വത്തിൽ നടത്തിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏബ്രഹാം ഉമ്മൻ ഇൻഷുറൻസ് പദ്ധതിയിലൂടെ അപകടത്തിൽപെട്ട പാസ്റ്റർക്ക് കവറേജ് തുക കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം അപകടത്തിൽപെട്ട ഐപിസി പത്തനാപുരം സെന്ററിലെ പാസ്റ്റർ എസ്. മത്തായികുട്ടിയ്ക്ക് ഇൻഷുറൻസ് കവറേജിലൂടെ ലഭിച്ച ചികിത്സയ്ക്ക് ചെലവായ 60000 രൂപയാണ് കൈമാറിയത്. ഐപിസി പത്തനാപുരം സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സി.എ തോമസ് തുക ഏറ്റുവാങ്ങി
സോഷ്യൽ വെൽഫെയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട് പദ്ധതി വിശദീകരണം നടത്തി. വൈസ് ചെയർമാൻ ജോസ് ജോൺ കായംകുളം, പാസ്റ്റർ ബോബൻ ക്‌ളീറ്റസ്, സന്ദീപ് വിളമ്പുകണ്ടം എന്നിവർ പ്രസംഗിച്ചു. ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോർജ്, സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ രാജു ആനിക്കാട്, ജെയിംസ് ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.
ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളൊലൊന്നാണ് ഏബ്രഹാം ഉമ്മൻ ഇൻഷുറൻസ് പദ്ധതി. കേരളത്തിലെ എല്ലാ ഐപിസി പാസ്റ്റർമാർക്കും സൗജന്യമായി നൽകുന്ന അപകട ഇൻഷുറൻസ് പരിരക്ഷ പദ്ധതിയാണിത്. ഐപിസി ഹരിയാന പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ഉമ്മനാണ് പാസ്റ്റർമാരെ ഇൻഷുറൻസ് പദ്ധതിയിൽ ചേർക്കാനുള്ള തുക നൽകിയത്.
ഐപിസി യിലെ 70 വയസുകഴിഞ്ഞ എല്ലാ പാസ്റ്റർമാർക്കും പെൻഷൻ, മരണപ്പെട്ട ശുശ്രൂഷകന്മാരുടെ ഭാര്യമാർക്കുള്ള സഹായം (തോമസ് വർഗീസ് വിധവ സഹായ പദ്ധതി), ആടുവളർത്തൽ പദ്ധതി (ജോർജ് മത്തായി സി.പി.എ പ്രൊജക്റ്റ്), ഗ്രൂപ്പ് ഫാർമിംഗ്, വരുമാന വർദ്ധനവിന് ഉതകുന്ന വിവിധ പദ്ധതികൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ വെൽഫെയർ ബോർഡ് നടത്തിവരുന്നതായി ഭാരവാഹികൾ ഗുഡ്‌ന്യൂസിനോട് പറഞ്ഞു. വൺ റുപ്പീ ചലഞ്ച് നടപ്പിലാക്കുന്ന സഭകൾക്കാണ് മുൻഗണന.
Advertisement