ഭരണമല്ല, കരുതലാണ് ആവശ്യം

ഭരണമല്ല, കരുതലാണ് ആവശ്യം

ഭരണമല്ല, കരുതലാണ് ആവശ്യം

വിശ്വാസികളെ വളര്‍ച്ചയിലേക്കു നടത്തുവാന്‍ അവരെ ഭരിക്കുകയല്ല, അവരെ ബലപ്പെടുത്തുകയാണ് വേണ്ട തു. അവരെ കുറെക്കൂടെ കെട്ടിയിടുകയല്ല അഴിച്ചുവിടുകയാണ് ചെയ്യേണ്ടത്. അതുപോലെ ശുശ്രൂഷകന്മാരെയും പ്രോത്സാഹിപ്പിച്ചാല്‍ മതി. അടിമ നുകത്തില്‍ ആരെയും ബന്ധിക്കരുത്. ഭയംകൂടാതെ പ്രവര്‍ത്തിക്കുവാന്‍ സ്വാതന്ത്ര്യം നല്‍കണം.

പൊതുയോഗങ്ങളില്‍ ശുശ്രൂഷകരെ മടിയന്മാരെന്നു ആക്ഷേപിച്ചാല്‍ അവര്‍ മടിയന്മാരായി മാറും. മാതൃകയില്ലാത്തവരെന്നും അപലപിച്ചാല്‍ അവര്‍ മാതൃ കയില്ലാത്തവരാകും. ആക്ഷേപങ്ങള്‍കൊണ്ടോ വിമര്‍ശനങ്ങള്‍കൊണ്ടാ ആരും നന്നായിട്ടില്ല. നമ്മുടെ മനസ്സിലെ കുറെ വിഷമം തീര്‍ക്കാം എന്നേ ഉള്ളൂ. പ്രോത്സാഹനംകൊണ്ടും അഭിനന്ദനംകൊണ്ടുമാണ് ആളുകള്‍ വളരുന്നത്. അതു വിശ്വാസികളായാലും ശുശ്രൂഷകരായാലും അവരുടെ നന്മകളില്‍ അവരെ പരമാര്‍ത്ഥമായി അഭിനന്ദിക്കേണം. പൊതുവേദികളില്‍ അവരെക്കുറിച്ച് ആദരവോടെ സംസാരിക്കേണം. നര്‍മരസത്തിനായി പറയുന്ന ആക്ഷേപങ്ങള്‍പോലും ഇടര്‍ ച്ച ഉണ്ടാക്കും. ഗുണദോഷിക്കലും തെറ്റു തിരുത്തലും രഹസ്യമായും സ്വകാര്യമായും ചെയ്യണം.

പ്രശംസിക്കുവാന്‍ കഴിയുന്ന ചെറിയ കാര്യങ്ങള്‍പോലും കണ്ടുപിടിച്ച് അതിനെക്കുറിച്ച് ആത്മാര്‍ഥതയോടെ പറയണം. പ്രത്യേകിച്ചും അവഗണിക്കപ്പെടാറുള്ള ആളുകളെ കണ്ടെത്തി അവര്‍ക്കു പ്രോത്സാഹനം നല്‍കണം. ഇതെല്ലാം പരമാര്‍ഥതയില്‍ ചെയ്യണം. ഭരണകൗശലമാകരുത്.

എന്‍റെ ചെറിയ പ്രായത്തില്‍ പാസ്റ്റര്‍ കെ.ഇ. ഏബ്രഹാമും പാസ്റ്റര്‍ പി.എം. ഫിലിപ്പും പ്രത്യേകം താല്പര്യം കാണിച്ച് ശുശ്രൂഷയില്‍ തന്ന പ്രോത്സാഹനവും അംഗീകാരവുമാണ് എന്‍റെ വളര്‍ച്ചയ്ക്കു അടിത്തറ പാകിയത്. പിന്നെ എത്രയോ കര്‍ത്തൃദാസന്മാര്‍ എനിക്കു അവസരം തന്നു, അഭിനന്ദനം തന്നു, പ്രോത്സാ ഹനം തന്നു. എത്രയോ ആയിരം വിശ്വാസികള്‍ പ്രാഥനാപിന്‍ബലം നല്‍കി. വിമര്‍ശനങ്ങളെക്കാള്‍ അനു മോദനങ്ങള്‍ ലഭിച്ചു. നന്ദിപൂര്‍വം ഇക്കാര്യം ഇവിടെ രേഖപ്പെടുത്തുകയാണ്.
പക്ഷെ, എത്രയോ പ്രാപ്തന്മാരായ ശുശ്രൂഷകര്‍ അവസരങ്ങള്‍ ലഭിക്കാതെ വിമര്‍ശനങ്ങളാല്‍ മുറിവേറ്റ് നിരാശരായിപ്പോയി എന്നത് വളരെ വേദനയോടെ നാം ഓര്‍ക്കണം.
സുവിശേഷീകരണപ്രവര്‍ത്തനത്തിന് ശുശ്രൂഷകന്‍ വിശ്വാസികള്‍ക്കു പൂര്‍ണസ്വാതന്ത്ര്യം നല്‍കണം. ഏറ്റവും പ്രാപ്തനായ വിശ്വാസിപോലും ദൈവം എന്നെ ഏല്പിച്ച ശുശ്രൂഷയ്ക്കു ഭീഷണി ആകയില്ല എന്ന ഉറപ്പു ശുശ്രൂഷകനുണ്ടായിരിക്കണം. ശുശ്രൂഷകനു ശുശ്രൂഷകള്‍ക്കായി പ്രാദേശികസഭയില്‍ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരിക്കേണം. ശുശ്രൂഷകര്‍ക്കും വിശ്വാസികള്‍ക്കും സഭയെക്കുറിച്ചും സുവിശേഷീകരണപ്രവര്‍ ത്തനങ്ങളെക്കുറിച്ചും ഉടമസ്ഥതാബോധം ഉണ്ടാകണമെങ്കില്‍ അവര്‍ക്കു പ്രവര്‍ത്തനസ്വാതന്ത്ര്യം ഉണ്ടായിരിക്കണം.

ഒരാള്‍ പ്രാപ്തനല്ല എന്നൊരു മുന്‍വിധി ഉണ്ടാകരുത്. പ്രാപ്തനല്ലായെന്നു പലരുകൂടി പറയുമ്പോള്‍ ഉള്ള പ്രാപ്തികൂടെ ഇല്ലാതാകും. പലരുകൂടി ഒരാള്‍ പ്രാപ്തനാണെന്ന് ആ ത്മാഥതയോടെ പറഞ്ഞാല്‍ അയാളുടെ മുഴുവന്‍ കഴിവുകളുമുപയോഗിച്ച് അയാള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. സഭാതലത്തില്‍ ഒരാള്‍പോലും അപമാനിക്കപ്പെടാന്‍ പാടില്ല. എല്ലാവരും ആദരിക്കപ്പെടണം. എല്ലാവരോടും അന്യോന്യം നന്ദി ഉണ്ടാകണം. ശുശ്രൂഷകന്‍ പൂര്‍ണമായി വിശ്വസിക്കണം. സഭയെ
പൊതുശുശ്രൂഷകന്‍ പ്രാദേശിക ശുശ്രൂഷകന്‍റെ കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ കാത്തിരിക്കുന്ന എതിരാളിയല്ല. മറിച്ച്, പ്രോത്സാഹനം നല്‍കി ധൈര്യപ്പെടുത്തുന്ന സഹായിയാണ്. അതുപോലെ, വിശ്വാസികളെ എപ്പോഴും കുറ്റപ്പെടുത്തുവാന്‍ ശ്രമിക്കുന്ന ദോഷൈകദൃക്കല്ല ശുശ്രൂഷകന്‍. അവര്‍ക്ക് പ്രോത്സാഹനവും അംഗീകാരവും ധൈര്യവും നല്‍കുന്ന സേവകനാണ്.

ഉള്‍ക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവീന്‍; ബലഹീനരെ താങ്ങുവീന്‍; എല്ലാവരോടും ദീര്‍ഘക്ഷമ കാണിപ്പീന്‍ (1 തെസ്സ. 5:14). എന്നാല്‍, ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മില്‍ തന്നെ പ്രസാദിക്കാതിരിക്കയും വേണം. നമ്മില്‍ ഓരോരുത്തന്‍ കൂട്ടുകാരനെ നന്മക്കായിട്ട് ആത്മീയവര്‍ധനയ്ക്കു വേണ്ടി പ്രസാദിപ്പിക്കേണം (റോമര്‍ 15:1,2).

നേതൃത്വം ശുശ്രൂഷകരോടു നടത്തുന്ന കുശലപ്രശ്നങ്ങളില്‍പോലും ഹോള്‍ പണിതതും സെമിത്തേരി വാങ്ങിയതുമല്ല അന്വേഷിക്കേണ്ടത്. വിശ്വാസികളെക്കുറിച്ചും ആത്മാക്കളെ നേടുന്നതിനെക്കുറിച്ചും ആയിരിക്കണം ചോദിക്കേണ്ടത്. സഭാവളര്‍ച്ച ആയിരിക്കണം സംഭാഷണവിഷയം. സ്ഥാപനങ്ങളെക്കുറിച്ചല്ല, വിശ്വാസികളെക്കുറിച്ച് സംസാരിക്കുന്ന ശുശ്രൂഷകന്മാരും; സ്വത്തുസമ്പാദനത്തിലല്ല ആത്മാക്കളെ നേടുന്നതില്‍ ശ്രദ്ധിക്കുന്ന സഭയുമാണ് ഇന്ന് ആവശ്യമായിരിക്കുന്നത്. സുവിശേഷീകരണത്തിലും ദൈവത്തെ പ്രസാദിപ്പിക്കുന്നതിലും താല്പര്യമുള്ള സഭ സ്ഥാനമാനങ്ങളിലോ സാമ്പത്തീക താല്പര്യങ്ങളിലോ പേരും പെരുമയിലോ അല്ല, അതില്‍തന്നെ ഏകാഗ്രതയും ശ്രദ്ധയുമുള്ളവരായിരിക്കും. അതാണ് വളരുന്ന സഭ. അതാണ് ദൈവനിയോഗം നിറവേറുന്ന സഭ. അതാണ് കര്‍ത്താവിന്‍റെ സഭ.

നമ്മുടെ ശ്രദ്ധയും താലപര്യവും ഏതിലാണെന്ന് എങ്ങനെ അറിയാം? നമ്മുടെ അന്വേഷണങ്ങളില്‍നിന്നും സംഭാഷണങ്ങളില്‍നിന്നും അത് അറിയുവാന്‍ കഴിയും.

Advertisement