കാനം അച്ചൻ: ധീരസുവിശേഷ പോരാളി
അനുസ്‌മരണം
കാനം അച്ചൻ: ധീരസുവിശേഷ പോരാളി
റവ. ജോർജ് മാത്യു പുതുപ്പള്ളി
ആദരണീയനായ കാനം അച്ചനെ വിലയിരുത്തുവാൻ എനിക്കു വാക്കുകളില്ല. വാക്കുകൾക്ക് അതീതമായി നിലനിന്നിരുന്ന അപൂർവവ്യക്തിത്വമായിരുന്നു കാനം അച്ചന്റേത്. എന്റെ ജന്മഗ്രാമമായ പുതുപ്പള്ളിയിൽനിന്നും ഏകദേശം ആറു കിലോമീറ്റർ അകലെ ചമ്പക്കരയിൽ ആയിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത് കോട്ടയം റെയിൽവേ സ്റ്റേഷനിൽ വച്ചാണ്. അന്ന് ഞാൻ ഓർത്തഡോക്സ് സഭയിലെ ഒരു വൈദികനായിരുന്നു. കാനം അച്ചനെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ കണ്ടിട്ടുണ്ടായിരുന്നില്ല.
തീവണ്ടി കാത്തുനിന്നിരുന്ന കാനം അച്ചനെ ചൂണ്ടിക്കാട്ടി എന്റെ സുഹൃത്ത് പറഞ്ഞു : ദേയ്, ആ നിൽക്കുന്നതാണ് കാനം അച്ചൻ.' ഞാൻ നോക്കുമ്പോൾ കൈമുറിയൻ വെള്ള ഷർട്ടും, വെള്ള പാന്റ്സും ധരിച്ച് സൗമ്യനായ ഒരു കൊച്ചുമനുഷ്യൻ. എന്റെ സകല മുൻധാരണകളും തകിടം മറിഞ്ഞു. നീണ്ട താടിയും മീശയുമൊക്കെയുള്ള ഒരു ആജാനബാഹുവായിരിക്കും കാനം അച്ചനെന്നാണ് അതുവരെ ഞാൻ ധരിച്ചിരുന്നത്. ഞാൻ അടുത്തു ചെന്നു ചോദിച്ചു : 'അങ്ങാണോ, കാനം അച്ചൻ ?' സ്നേഹത്തോടെ എന്നെ നോക്കി ചെറുപുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു : 'ഞാൻ പി. ഐ. ഏബ്രഹാം. കാനം അച്ചനെന്നും ചിലർ എന്നെ വിളിക്കാറുണ്ട്.' കാച്ചിക്കുറുക്കിയ മറുപടി.
എനിക്ക് അദ്ദേഹത്തോട് ആകാശംമുട്ടെ ആദരവ് തോന്നി.
പെട്ടെന്ന് എനിക്കു പോകുവാനുള്ള തീവണ്ടി എത്തി. അദ്ദേഹത്തോടു യാത്ര പറഞ്ഞ് ഞാൻ തീവണ്ടിയിൽ കയറി. വണ്ടി അതിവേഗം പായുമ്പോഴും എന്റെ ചിന്ത മുഴുവൻ കാനം അച്ചനെക്കുറിച്ചായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ഞാൻ ഒരുപാട് കേട്ടിരുന്നു. എന്റെ ബാല്യത്തിൽത്തന്നെ എന്റെ ഗ്രാമമായ പുതുപ്പള്ളിയിൽ ആത്മീയവിപ്ലവത്തിനു തിരികൊളുത്തിയ ജ്ഞാനയോഗിയാണ്. അനേകർക്കു സ്വർഗ്ഗത്തിന്റെ വാതിൽ കാണിച്ചുകൊടുത്ത വചനപണ്ഡിതനാണ്. വിനയത്തിന്റെയും വിശുദ്ധിയുടെയും സൗമ്യതയുടെയും പക്വതയുടെയും പരിജ്ഞാനത്തിന്റെയും ആദർശത്തിന്റെയും ആൾരൂപമാണ്. വാമൊഴിയായും വരമൊഴിയായും ദൈവസഭയിൽ അത്ഭുതം സൃഷ്ടിക്കുന്ന ക്രാന്തദർശിയാണ്. അദ്ദേഹത്തിന്റെ രൂപത്തിലെയും ഭാവത്തിലെയും എളിമത്വം അദ്ദേഹത്തോടുള്ള എന്റെ ബഹുമാനം പതിന്മടങ്ങ് വർദ്ധിപ്പിച്ചു.
'ചിലർ മഹാൻമാരായി ജനിക്കുന്നു, ചിലർ കഠിനാദ്ധ്വാനത്തിലൂടെ മഹത്വം ആർജ്ജിച്ചെടുക്കുന്നു, മറ്റു ചിലരെ മഹത്വം തേടിയെത്തുന്നു'വെന്നത് ചരിത്രത്തിൽ നിലനിൽക്കുന്ന ഒരു ആപ്തവാക്യമാണ്. ഇതിൽ മൂന്നാമത്തെ വിഭാഗത്തിൽപ്പെട്ട മഹാനായിരുന്നു കാനം അച്ചൻ എന്ന് എനിക്കു തോന്നിയിട്ടുണ്ട്. മഹത്വം കാനം അച്ചനെ തേടിയെത്തുകയായിരുന്നു. അച്ചൻ ജന്മനാ ഒരു മഹാജ്ഞാനിയായിരുന്നു (Born Scholar).
അച്ചന്റെ ഓരോ വാക്കുകളിലും നിറഞ്ഞുനിന്നിരുന്ന പുതുമയുള്ള ചിന്തകൾ ശ്രോതാക്കളെ ഹഠാദാകർഷിച്ചിരുന്നു. അച്ചൻ പറഞ്ഞിട്ടുള്ള നിർദോഷഫലിതങ്ങൾ ആരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്നു. ഇത്രയേറെ പ്രായോഗികമായ ഉദാഹരണങ്ങൾ പ്രസംഗങ്ങളിൽ ഉപയോഗിച്ചിട്ടുള്ള മറ്റൊരു സുവിശേഷപ്രസംഗകനെ ഞാൻ പെന്തെക്കൊസ്ത് സമൂഹത്തിൽ വേറെ കണ്ടിട്ടില്ല.
'നൂറു വർഷത്തിൽ ഒരിക്കൽമാത്രം ഭൂമിയിൽ ജനിക്കുന്ന മഹാന്മാരെക്കുറിച്ച്' ഗ്രീക്ക് പുരാണത്തിൽ പരാമർശിക്കുന്നുണ്ട്. കാനം അച്ചന്റെയും അത്തരത്തിൽ ഒരു ജന്മമായിരുന്നു എന്ന് എനിക്കു തോന്നിയിട്ടുണ്ട്. നൂറു വർഷത്തിൽ ഒരിക്കൽമാത്രം ജനിക്കേണ്ട അപൂർവവ്യക്തിത്വം. കാനം അച്ചനെപ്പോലൊരാൾ പെന്തെക്കൊസ്ത് സമൂഹത്തിലില്ല, ഇനി ഉണ്ടാകുമെന്നും എനിക്കു തോന്നുന്നില്ല. കാനം അച്ചനു തുല്യം കാനം അച്ചൻമാത്രം. ഞങ്ങൾ ഒരുമിച്ചുള്ള എല്ലാ പ്രസംഗങ്ങളിലും അദ്ദേഹം ഇങ്ങനെ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് : 'ഒരേ തൂവൽപക്ഷികളായ എനിക്കും പുതുപ്പള്ളി അച്ചനും യേശുകർത്താവിന്റെ മാർഗത്തിൽ വരാൻ ഭാഗ്യം ലഭിച്ചു'വെന്ന്. കാനം അച്ചന്റെ മുമ്പിൽ ഞാൻ ആരുമല്ല എന്നെനിക്ക് അറിയാം. അദ്ദേഹം സൂര്യശോഭയെങ്കിൽ ഞാൻ ഒരു മെഴുകുതിരിവെട്ടം മാത്രമാണ്. എങ്കിലും അദ്ദേഹം ഒരു മകനെപ്പോലെ എന്നെ സ്നേഹിച്ചു. അദ്ദേഹത്തിന്റെ മകനാകാനുള്ള പ്രായമേ എനിക്കുള്ളുതാനും.
എന്റെ കുടുംബത്തിനും കാനം അച്ചന്റെ വാത്സല്യം ലഭിക്കുവാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. എന്നെ കാണുമ്പോളൊക്കെ അദ്ദേഹം ചോദിച്ചിരുന്നു : 'അച്ചാ, സാലിയും കുഞ്ഞുങ്ങളുമൊക്കെ സുഖമായിരിക്കുന്നുവോ ?'എന്ന്. അദ്ദേഹം വർഷങ്ങളായി ഇരുന്നിരുന്ന ചർച്ച് ഓഫ് ഗോഡ് ഔദ്യോഗിക മുഖപത്രമായ 'സുവിശേഷനാദം' മാസികയുടെ ചീഫ് എഡിറ്ററായിരിക്കുവാൻ കഴിഞ്ഞതിലും എനിക്ക് ഏറെ അഭിമാനമുണ്ട്. കാനം അച്ചന്റെ ജീവിതകാലത്ത് ജീവിക്കുവാൻ സാധിച്ചതും ഒരു പരമഭാഗ്യമായി ഞാൻ കരുതുന്നു.
എത്രയെഴുതിയാലും പറഞ്ഞാലും തീരാത്ത ശ്രേഷ്ഠവും അപൂർവവുമായ ആത്മീയവ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ജീവിതത്തിലും പ്രമാണത്തിലും അവസാനംവരെ യേശുകർത്താവിനെ അനുഗമിക്കുകയും
അനുസരിക്കുകയും ചെയ്ത കാനം അച്ചൻ. കാനം അച്ചന്റെ വേർപാട് അദ്ദേഹത്തിന്റെ കുടുംബത്തിനും ലോകമെങ്ങുമുള്ള പെന്തെക്കൊസ്തു സമൂഹത്തിനും ഒരു തീരാനഷ്ടമാണ്. ആസ്‌ട്രേലിയയിൽ ആയിരിക്കുന്നതിനാൽ അദ്ദേഹത്തെ അവസാനമായി ഒന്നു കാണാൻ കഴിയാത്തതിൽ എനിക്കു വേദനയുണ്ട്. പ്രിയപ്പെട്ട അമ്മായിയെയും മക്കളെയും കുടുംബങ്ങളെയും സർവശക്തനായ ദൈവം ആശ്വസിപ്പിക്കട്ടെ.
Advertisement
Advertisement