ഉണർവിനായി കാത്തിരിക്കുന്നവരിൽ പരിശുദ്ധാത്മ പകർച്ച ഉണ്ടാവണം: പാസ്റ്റർ ടി.ജെ. സാമുവേൽ

പറന്തൽ: ഇത് ഉണർവിൻ്റെ കാലമാണെന്നും അതിനായി കാത്തിരിക്കുന്നവരിൽ പരിശുദ്ധാത്മ പകർച്ച ഉണ്ടാവണമെന്നും ഈ കാലത്ത് അതു സംഭവിച്ചു തുടങ്ങിയെന്നും അസംബ്ലീസ് ഓഫ് ഗോഡ് സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ പ്രസ്താവിച്ചു.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷനിൽ ആറാം ദിവസം പൊതുയോഗത്തിൽ മുഖ്യ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
ദൈവവചനമാണ് നമ്മെ രക്ഷിച്ചതെന്നുംഅത് പരിശുദ്ധാത്മാവിനാൽ സംഭവിച്ചതിനാലാണ് ലോകത്തിൽ ഒന്നേകാൽ നൂറ്റാണ്ട് കൊണ്ട് പെന്തെക്കോസ്ത് വൻ ആത്മീയ സമൂഹമായി വളർന്നതെന്നും അദ്ദേഹം പറഞ്ഞു.
പരിശുദ്ധാത്മാവാണ് വ്യക്തികളെ പരിവർത്തനത്തിലേക്ക് നയിക്കുന്നതെന്നും. തെറ്റിൽ നിന്നും ശരിയിലേക്ക് നയിക്കുന്നത് പരിശുദ്ധാത്മാവാണെന്നും ഓരോ വ്യക്തികളെയും നല്ല മനുഷ്യരാക്കി മാറ്റുന്ന പ്രക്രിയ പരിശുദ്ധാത്മാവ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം തുടർന്നു.
പരിശുദ്ധാത്മാവ് പിൻമഴയായി പെയ്തിറങ്ങുന്ന കാലമാണിതെന്നും ആത്മാവിൽ ജീവിക്കുന്ന ഓരോ വ്യക്തിയും സമൂഹത്തിൽ മികച്ചതും നല്ലതുമായ ഫലം നല്കി സമൂഹത്തെ ദൈവോന്മുഖമാക്കി പരിവർത്തനത്തിലേക്കു നയിക്കുന്നതിനു ഇനി വൈകില്ലെന്നും പാസ്റ്റർ ടി.ജെ. സാമുവേൽ പറഞ്ഞു.
ആത്മനിറവുള്ളവർ ജീവിക്കുന്ന ചുറ്റുപാടുകളിൽ നന്മയുടെ പുതുവഴികൾ രൂപപ്പെടുമെന്നും അതിലൂടെ സമൂഹത്തിൽ സമാധാനവും സന്തോഷവും പകരപ്പെടുമെന്നും സമൂഹത്തിൽ സ്നേഹം പകരുന്നതിനും നന്മയിലേക്കു നയിക്കുന്നതിനും ഓരോ വിശ്വാസിയും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് നോർത്തമേരിക്കയുടെ കൺവീനറായി പ്രവർത്തിച്ച റവ. ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് ന്യൂയോർക്ക് സന്ദേശം നല്കി. സഭാ സംസ്ഥാന സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് അദ്ധ്യക്ഷനായിരുന്നു. സിസ്റ്റർ ഹെപ്സി ജോസ്, ബ്രദർ ജിനു വർഗീസ്, പാസ്റ്റർ കുര്യൻ ശാമുവേൽ എന്നിവർ മദ്ധ്യസ്ഥ പ്രാർത്ഥന നയിച്ചു.
ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ വൈ. റെജി, രാജൻ ഏബ്രഹാം, പാസ്റ്റർ പി.എം.ജോർജ്, പാസ്റ്റർ ജോസ് തോമസ് എന്നിവർ ആശംസാ പ്രസംഗം നടത്തി.അസംബ്ലീസ് ഓഫ് ഗോഡ് ദൂതൻ മാസിക സപ്ലിമെൻ്റ് കൺവൻഷനിൽ പ്രകാശനം ചെയ്തു.
ആലപ്പുഴ നോർത്ത് സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ മനോജ്കുമാർ പ്രാരംഭ പ്രാർത്ഥനയും പാസ്റ്റർ പി.പി.വർഗീസ് സമർപ്പണ പ്രാർത്ഥനയും പാസ്റ്റർ രാജൻ ഏബ്രഹാം സമാപന പ്രാർത്ഥന നടത്തി.പാസ്റ്റർ ജോബിൻ എലീശയുടെ നേതൃത്വത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് കൺവെൻഷൻ ക്വയർ സംഗീതാരാധനയ്ക്ക് നേതൃത്വം നല്കി.
സൺഡേസ്കൂൾ സമ്മേളനത്തിൽ ചാരിറ്റി ഡിപ്പാർട്ട്മെൻ്റ് ഡയറക്ടറും ക്രൈസ്റ്റ് എ ജി മിഷൻസ് ഡയറക്ടറുമായ പാസ്റ്റർ ജോർജ് എബ്രഹാം മുഖ്യ സന്ദേശം നല്കുന്നു
രാവിലെ 9 ന് സൺഡേസ്കൂൾ സമ്മേളനത്തിൽ ഡയറക്ടർ ബ്രദർ സുനിൽ പി വർഗീസ് അദ്ധ്യക്ഷനായിരുന്നു. ചാരിറ്റി ഡിപ്പാർട്ട്മെൻ്റ് ഡയറക്ടരും ക്രൈസ്റ്റ് എ ജി മിഷൻസ് ഡയറക്ടറുമായ പാസ്റ്റർ ജോർജ് എബ്രഹാം മുഖ്യ സന്ദേശം നല്കി. സൺഡേസ്കൂൾ സെക്രട്ടറി ജോൺസൻ, ട്രഷറർ ബിജു ദാനിയേൽ എന്നിവർ നേതൃത്വം നല്കി.
ഉച്ചയ്ക്ക് രണ്ടിന് നടന്ന യുവജന (ക്രൈസ്റ്റ് അംബാസഡേഴ്സ്) പ്രസിഡൻ്റ് പാസ്റ്റർ ഷിൻസ് പി.റ്റി. അദ്ധ്യക്ഷനായിരുന്നു. അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് നോർത്തമേരിക്ക കൺവീനർ പാസ്റ്റർ ജോൺ തോമസ് കാനഡ മുഖ്യസന്ദേശം നല്കി. പാസ്റ്റർ അജീഷ് സി.എസ്, ബിനീഷ് ബി.പി,പാസ്റ്റർ സിജു മാത്യു, പാസ്റ്റർ പ്രവീൺ ബി, ജോയൽ മാത്യു, പാസ്റ്റർ പവീൻ ജോർജ് എന്നിവർ നേതൃത്വം നല്കി.
2/6/2025 ഞായർ രാവിലെ 9 ന് :
സംയുക്ത സഭായോഗവും തിരുവത്താഴ ശുശ്രുഷയും:
പാസ്റ്റർ ടി.ജെ.സാമുവേൽ,ഡോ.ഐസക് വി.മാത്യു, പാസ്റ്റർ തോമസ് ഫിലിപ്പ്, പാസ്റ്റർ പി.കെ.ജോസ്, പാസ്റ്റർ ബാബു വർഗീസ്