അമേരിക്കയിലും വിശ്രമമില്ലാതെ 'മഞ്ചേരിയിലെ അച്ചന്‍'

അമേരിക്കയിലും വിശ്രമമില്ലാതെ 'മഞ്ചേരിയിലെ അച്ചന്‍'

അമേരിക്കയിലും വിശ്രമമില്ലാതെ 'മഞ്ചേരിയിലെ അച്ചന്‍'

സന്ദീപ് വിളമ്പുകണ്ടം

ഞ്ചേരിയിലെ ജനങ്ങള്‍ക്ക് 'അച്ചന്‍' ആണ് പാസ്റ്റര്‍ കെ.സി. ഉമ്മന്‍. ദിവസവും രാവിലെ തങ്ങളുടെ വീട്ടില്‍ അച്ചന്‍റെ പ്രാര്‍ഥന മുഴങ്ങണമെന്നു നിര്‍ബന്ധമുള്ള കുടുംബങ്ങള്‍ മഞ്ചേരിയിലുണ്ട്. അദ്ദേഹത്തിന്‍റെ സന്ദര്‍ശനവും, വാക്കുകളും വളരെ ആശ്വാസവും, സമാധാനവും നല്‍കുന്നു എന്നാണ് നാട്ടുകാരുടെ സാക്ഷ്യം. സമീപപ്രദേശങ്ങളിലെ  ഇതര മതവിശ്വാസികളുടെ ഇടയില്‍ അത്രയധികം സ്വാധീനം ചെലുത്തിയ മഞ്ചേരി ഉമ്മച്ചായന്‍റെ ഹൃദയത്തില്‍ ഇന്നും അണയാത്ത സുവിശേഷാത്മാവ് അദ്ദേഹത്തെ വെറുതെ ഇരിക്കാന്‍ സമ്മതിക്കാറില്ല.

ഐപിസി സ്ഥാപക നേതാക്കളില്‍ ഒരാളായ കൊടുന്തറ ഉമ്മച്ചായന്‍റെ കൊച്ചുമകനും, മഞ്ചേരി സെന്‍റര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ കെ.സി. ഉമ്മനു,  ലഖുലേഖ വിതരണവും, ഭവന സന്ദര്‍ശനവും ദിനചര്യകളിലൊന്നാണ്.  ദിവസവും രാവിലെ ട്രാക്റ്റുമായി ഇറങ്ങും, നിരവധി വീടുകള്‍ കയറും, പ്രാര്‍ഥിക്കും, സുവിശേഷം പങ്കുവെക്കും, ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കും, രാവിലെ 10  കഴിയുമ്പോള്‍ തിരികെ വീട്ടില്‍ എത്തുകയും സഭാ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും ചെയ്യും. ഇത്തരത്തില്‍ മുസ്ലീം ഭൂരിപക്ഷമുള്ള മഞ്ചേരിയില്‍ എല്ലാവരുടെയും പ്രിയപ്പെട്ട അച്ചനായി മാറിയിരിക്കുകയാണ് ഉമ്മച്ചായന്‍.  

മക്കളെ സന്ദര്‍ശിക്കാനായി അമേരിക്കയില്‍ എത്തിയ ഇദ്ദേഹം അവിടെയും വെറുതെ ഇരുന്നില്ല. തന്നില്‍ നിക്ഷിപ്തമായ ശുശ്രൂഷ മനസിലാക്കിയ ഉമ്മച്ചായന്‍ അമേരിക്കയിലും ട്രാക്ടുകള്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചു. നിലവില്‍ രണ്ടായിരത്തിലധികം ലഖുലേഖകള്‍ വിതരണം ചെയ്തു. കുറച്ചു ദിവസങ്ങള്‍ കൂടി അമേരിക്കയില്‍ ചിലവഴിക്കുന്ന അദ്ദേഹം ഇനിയും വിതരണത്തിനായി ട്രാക്ടുകള്‍ സംഘടിപ്പിച്ചിരിക്കുകയാണ്.  

കുമ്പനാട് ഹെബ്രോന്‍ ബൈബിള്‍ കോളേജ് പഠനത്തിനുശേഷം 1976-ല്‍ തിരുവനന്തപുരം ആറ്റിങ്ങലില്‍ സഹശുശ്രൂഷകനായി പ്രവര്‍ത്തനം ആരംഭിച്ച പാസ്റ്റര്‍ കെ.സി. ഉമ്മന്‍, അവിടുത്തെ 4 വര്‍ഷ പ്രവര്‍ത്തന കാലയളവില്‍ 300 പേരെ സ്നാനപെടുത്തി. ശേഷം സുവിശേഷത്തിനു ഒട്ടും വേരോട്ടം ഇല്ലാത്ത വയനാട് തിരഞ്ഞെടുത്ത പാസ്റ്റര്‍ കെ.സി. ഉമ്മന്‍, കഠിനപ്രതിസന്ധികളെ അതിജീവിച്ചു അവിടെയും ആത്മാക്കളെ നേടി. 1982 മുതല്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ച ഇദ്ദേഹം മഞ്ചേരി സെന്‍റര്‍  ശുശ്രൂഷകനാണ്.

Advertisement