വെള്ളതേച്ച ശവകല്ലറ

വെള്ളതേച്ച ശവകല്ലറ
ad
ad
ad

ജെയ്മോൻ ചീരൻ 

നാട്ടിലെ എന്റെ വീടിനു പുറകിൽ വിവിധ സഭകളുടെ സെമിത്തേരികളുണ്ട്. തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ പഴഞ്ഞി , പെങ്ങാമുക്ക് പ്രദേശങ്ങളിലുള്ള സഭകളുടെ സെമിത്തേരികൾ മതിലുകൾ കെട്ടി തരം തിരിച്ചിരിക്കുന്നതിനാൽ നാട്ടുക്കാർ ഈ സ്ഥലത്തെ ശവകോട്ട എന്ന പേരിലാണ് വിളിക്കുന്നത് . ഒക്ടോബർ മാസമായാൽ ഇവിടെയുള്ള ഓർത്തഡോക്സ് പള്ളികളുടെ പെരുന്നാൾ ആരംഭിക്കും. ഈ പെരുന്നാളിന് പത്തുപതിനഞ്ചു ദിവസം മുൻപ് സെമിത്തേരിയിലെ കല്ലറകൾ വെള്ളതേച്ചു വൃത്തിയാക്കുകയും, കല്ലറകൾക്കിടയിലെ വഴികളിലെ പുല്ല് ചെത്തി നടപ്പാതകൾ ഒരുക്കുകയും ചെയ്യും. പ്രിയപ്പെട്ടവരെ അടക്കം ചെയ്ത സ്ഥലത്ത് വന്ന് മെഴുകുതിരി കത്തിക്കാനും, പ്രാർത്ഥിക്കാനും, ഓർമ്മകൾ പങ്കിടാനും പ്രദേശവാസികൾ ഈ ദിവസങ്ങളിൽ സമയം കണ്ടെത്തുന്നു. പെരുന്നാൾ ദിനത്തിൽ ബാൻഡ് മേളത്തോടുകൂടിയുള്ള ഘോഷയാത്ര കടന്നുവരുമ്പോൾ, അബദ്ധത്തിൽ പോലും മറ്റുള്ളവരുടെ ശവക്കുഴിയിൽ ചവിട്ടി ആരുടെയും അപ്രിയത്തിന് ഇടയാക്കാത്ത വിധത്തിലാണ് ഈ ഒരുക്കങ്ങൾ.

ഇതിന് ചരിത്രപരവും ബൈബിൾപരവുമായ ഒരു പശ്ചാത്തലമുണ്ട്. എബ്രായ കലണ്ടറിലെ ഏഴാം മാസമായ 'തിഷ്രെ' മാസത്തിൽ (സെപ്റ്റംബർ) യഹൂദന്മാർ പ്രാധാന്യത്തോടെ ആചരിക്കുന്ന ഉത്സവമാണ് റോഷ് ഹസാന. പത്തു ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിന്റെ ആദ്യ ആഴ്ച അനുതാപത്തിന്റെയും ഉപവാസത്തിന്റെയും ദൈവത്തോട് നിരപ്പ് പ്രാപിക്കുന്നതിന്റെയും നാളുകളാണ്. ശവസംസ്കാരത്തിന് ശേഷം സാധാരണയായി കല്ലറകൾക്ക് വലിയ പ്രാധാന്യം കൊടുക്കാത്ത യഹൂദന്മാർ, ഈ സമയത്ത് മരിച്ചവരുടെ കുടിച്ചിറകൾ സന്ദർശിക്കാറുണ്ട്. ഇതിനു മുന്നോടിയായി ശവക്കുടിരങ്ങൾ വെള്ളതേച്ച് ഭംഗിയാക്കിവെക്കും.

ഇതിന് വ്യക്തമായ ഒരു കാരണമുണ്ട്; അബദ്ധത്തിൽ എങ്ങാനും അവർ ശവക്കുഴിയിൽ ചവിട്ടിയാൽ ഏഴു ദിവസത്തേക്ക് അശുദ്ധരായിത്തീരും, അവർക്ക് ആലയത്തിലേക്ക് പ്രവേശിക്കാൻ കഴിയുകയുമില്ല. സംഖ്യാപുസ്തകം 19:16 ഓർമ്മിപ്പിക്കുന്നത് പോലെ, ശവക്കുഴിയെ തൊടുന്നവൻ ഏഴു ദിവസം അശുദ്ധനായിരിക്കണം. അബദ്ധവശാൽ പോലും കുഴിമടത്തിൽ ചവിട്ടി അശുദ്ധനാകാതിരിക്കാൻ വേണ്ടിയാണ് അന്ന് ശവക്കുഴികൾക്ക് വെള്ളതേച്ചിരുന്നത്.

എന്നാൽ, ഇതിന്റെ ആത്മീയ വശം വളരെ വലുതാണ്. ദൈവം മനുഷ്യന്റെ അകം നോക്കുന്നു; മനുഷ്യന്റെ അന്തരംഗം എന്താണെന്ന് സൂക്ഷ്മമായി പരിശോധിക്കുന്നു. നമ്മൾ പുറമെ നല്ലവരായി നടക്കുമ്പോൾ, നമ്മുടെ അകവും അങ്ങനെതന്നെയാണോ, അതോ വെള്ളതേച്ച ശവകല്ലറ പോലെ അകം ചീഞ്ഞുനാറിയാണോ ഇരിക്കുന്നത്? പുതിയ നിയമത്തിൽ കർത്താവായ യേശു ചോദിക്കുന്നുണ്ട്: "കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു" (മത്തായി 23:27).

പള്ളിയിലും തെരുവുകളിലും ഭക്തിയുടെ വേഷം കെട്ടിയ ഒരുപാട് പേരെ ഇക്കാലത്ത് കാണാൻ കഴിയും. എന്നാൽ, മനുഷ്യൻ നോക്കുന്നത് പോലെയല്ല യഹോവ നോക്കുന്നത്. നാം യഥാർത്ഥത്തിൽ നല്ല മനസ്സിനു ഉടമകളും സഹോദരസ്നേഹം ഉള്ളവരുമാണോ എന്ന് നാം ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ടതുണ്ട്. ദുർന്നടപ്പും അശുദ്ധിയും കോപവും ഈർഷ്യയും വിട്ടൊഴിഞ്ഞ്, മനസ്സലിവ്, ദയ, താഴ്മ, സൗമ്യത എന്നിവ ധരിച്ചുകൊണ്ട് അന്യോന്യം പൊറുക്കാനും കഴിയുമെങ്കിൽ സകല മനുഷ്യരോടും സമാധാനത്തോടെ ജീവിക്കാനും നമുക്ക് സാധിക്കട്ടെ.