രാജ്യത്തുടനീളം ക്രൈസ്തവര്‍ക്കുനേരെ ആക്രമണങ്ങള്‍ നടക്കുന്നു: വി.ഡി. സതീശൻ

രാജ്യത്തുടനീളം ക്രൈസ്തവര്‍ക്കുനേരെ  ആക്രമണങ്ങള്‍ നടക്കുന്നു: വി.ഡി. സതീശൻ

തൃശ്ശൂർ: രാജ്യത്തുടനീളം ക്രൈസ്‌തവർക്കും ക്രൈസ്തവ ദേവാലയങ്ങൾക്കും നേരേ സംഘപരിവാറിൻ്റെ നേതൃത്വത്തിൽ ആക്രമണങ്ങൾ നടക്കുകയാണെന്നും അതിൻ്റെ ഭാഗമായാണ് തൃശൂർ സ്വദേശിയായ ഫാദർ ഡേവിസ് ഉൾപ്പെടെയുള്ളവർ ജബൽപുരിൽ ആക്രമിക്കപ്പെട്ടതെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഫാദർ ഡേവിസിന്റെ വസതി സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതേ സംഭവം തന്നെയാണ് ഒഡിഷയിലും നടന്നതെന്നും നിരവധി വൈദികർ ജയിലിൽ കഴിയുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു. പരാതിയുമായി ചെന്നാൽ മതപരിവർത്തന വിരുദ്ധനിയമം ഉപയോഗപ്പെടുത്തി ക്രൈസ്തവരെ ജയിലിൽ അടയ്ക്കുകയാണ്. ക്രിസ്മസ് ആരാധനകൾ പോലും തടസപ്പെടുത്തുകയാണ്. ഞായറാഴ്ചകളിലെ ആരാധനകൾ പോലും നടക്കുന്നില്ല. പള്ളികളിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധരുടെ പ്രതിമകൾ നീക്കംചെയ്യണമെന്ന് ആവശ്യപ്പെടുകയാണ്. സ്കൂ‌ളുകളിൽ ക്രൈസ്‌തവ പ്രാർഥനകൾ ഒഴിവാക്കി ജയ് ശ്രീറാം വിളിക്കണമെന്നാണ് നിർദേശം. രാജ്യത്ത് ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുകയാണ്. ഇതിന് പുറമെയാണ് ആർ.എസ്.എസ്. മുഖപത്രമായ ഓർഗനൈസറിൽ വഖഫ് ബിൽ കഴിഞ്ഞ് ബ്രിട്ടീഷുകാർ പാട്ടമായി നൽകി ക്രൈസ്‌തവരുടെ കയ്യിലുള്ള ഏഴ് കോടി ഹെക്‌ടർ സ്ഥലം തിരിച്ച് പിടിക്കണമെന്നാണ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വഖഫ് ബിൽ വന്നതുപോലെ ചർച്ച് ബിൽ വരുമെന്ന് കോൺഗ്രസും യു.ഡി.എഫും മുന്നറിയിപ്പ് നൽകിയിരുന്നതാണ്. വഖഫ് ബില്ലിനെ മുനമ്പം വിഷയവുമായി കൂട്ടിക്കുഴച്ച് രണ്ട് സമുദായങ്ങൾ തമ്മിലുള്ള പ്രശ്നമാക്കി മാറ്റാനാണ് സംഘപരിവാർ ശ്രമിച്ചത്. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റമാണ് വഖഫ് ബിൽ. അത് വഖഫ് ബില്ലിൽ തുടങ്ങിയെന്നു മാത്രമേയുള്ളൂ. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിച്ച് ഒരു ന്യൂനപക്ഷ സമുദായത്തെയും വേട്ടയാടാൻ അനുവദിക്കില്ലെന്ന നിലപാടാണ് കോൺഗ്രസും ഇന്ത്യ മുന്നണിയും ദേശീയതലത്തിൽ സ്വീകരിച്ചത്. ആ നിലപാടുമായി മുന്നോട്ടു പോകും. ആക്രമണത്തിന് ഇരയായ ഡേവിസ് അച്ചന്റെ കുടുംബാംഗങ്ങൾക്ക് പൂർണമായ ഐക്യദാർഢ്യം പ്രഖ്യാപിക്കുവെന്നും സതീശൻ പറഞ്ഞു.