നോർത്തിന്ത്യൻ മിഷനറി പാസ്റ്റർ എ.കെ. ബിനോയ് കർത്തൃസന്നിധിയിൽ
സഹാരൻപൂർ: നോർത്തിന്ത്യൻ മിഷനറിയും ഏ.ജി സഹാരൻപൂര് സെക്ഷൻ പ്രസ്ബിറ്ററുമായ പാസ്റ്റർ എ.കെ. ബിനോയ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം പിന്നീട്.
ഭാര്യ: ബിൻസി. മക്കൾ:അൻമോൾ, അക്സ.
മികച്ച മിഷനറിയും വേദാദ്ധ്യാപകനും സഭാ നേതാവും ആയിരുന്നു. ഇടുക്കി കട്ടപ്പനയിലെ ഒരു യാഥാസ്ഥിതിക ക്രൈസ്തവ കുടുംബത്തിൽ കർഷകരായ കുഞ്ഞുമോന്റെയും മറിയാമ്മയുടെയും മകനായാണ് ബിനോയി ജനിച്ചത്. ആറാം ക്ലാസ് പഠനകാലത്ത് കുടുംബത്തോടെ പെന്തെക്കോസ്ത് അനുഭവത്തിലേക്ക് എത്തിയ അദ്ദേഹം ചെറുപ്പം മുതലേ സഭാ പ്രവർത്തനങ്ങളിലും ആത്മീയ കാര്യങ്ങളിലും സജീവമായിരുന്നു. സ്കൂൾ പഠനത്തിന് ശേഷം ശുശ്രൂഷകർക്കൊപ്പം ഭവന സന്ദർശനങ്ങളിലും പ്രാർത്ഥനാ കൂട്ടായ്മകളിലും പങ്കെടുത്ത് വളർന്ന അദ്ദേഹത്തിന്, ഉത്തരേന്ത്യൻ സുവിശേഷീകരണത്തിനായി ജീവിതം ഉഴിഞ്ഞുവെക്കാനുള്ള ആഹ്വാനം ലഭിച്ചു.
ഇരുപതാം വയസ്സിൽ എറണാകുളത്തു വെച്ച് നടന്ന മിഷൻ കോൺഫറൻസാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ നിർണ്ണായക വഴിത്തിരിവായത്. തുടർന്ന് ഗ്വാളിയാറിലെ പി.റ്റി.എൽ (PTL) സംഘടനയുമായി ചേർന്ന് മധ്യപ്രദേശ്, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ബീഹാർ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ ട്രാക്റ്റ് വിതരണവും സുവിശേഷ പ്രചാരണവും നടത്തി. ഹരിയാന ഗ്രേസ് ബൈബിൾ കോളേജിൽ നിന്നും B.Th ബിരുദം പൂർത്തിയാക്കിയ ശേഷം ഉത്തർപ്രദേശിലെ സഹാറൻപൂർ കേന്ദ്രീകരിച്ച് സഭാ സ്ഥാപന പ്രവർത്തനങ്ങളിൽ സജീവമായി.
പ്രതികൂല സാഹചര്യങ്ങളും രോഗപീഡകളും ഭീഷണികളും നേരിട്ടപ്പോഴും സഹിഷ്ണുതയോടെ സഹാറൻപൂരിൽ സഭാ ശുശ്രൂഷയിൽ ഉറച്ചുനിൽക്കാൻ അദ്ദേഹത്തിന് സാധിച്ചു. പട്ടിണിയും കഠിനമായ കാലാവസ്ഥാ വ്യതിയാനങ്ങളും അതിജീവിച്ചാണ് അദ്ദേഹം തന്റെ ദൗത്യം പൂർത്തിയാക്കിയത്.
പഴയകാല ഓർമ്മകളും സേവനങ്ങളും സ്മരിച്ചുകൊണ്ട് ഇന്ന് ഓഗ.23 ന് ഞായറാഴ്ച രാത്രി 8 ന് 'ഹൃദയസ്പർശം' ഓൺലൈൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുസ്മരണവും പ്രത്യേക പ്രാർത്ഥനയും നടക്കും.




