ഈ പെന്തെക്കോസ്തുകാര്‍ക്കു എന്തുപറ്റി?

ഈ പെന്തെക്കോസ്തുകാര്‍ക്കു എന്തുപറ്റി?

ടി.എം. മാത്യു 

കൂടുന്നിടത്തെല്ലാം പെന്തെക്കോസ്തുകാര്‍ തമ്മില്‍ ചോദിക്കുകയാണ് നമുക്കെന്തുപറ്റിയെന്ന്.
പെന്തെക്കോസ്തുകാരെ മനസുകൊണ്ട് ഇഷ്ടപ്പെടുന്ന ഇതരസഭാംഗമായ ഒരു പിതാവ് കഴിഞ്ഞ ദിവസം ഇതേ ചോദ്യം ആവര്‍ത്തിച്ചു; 'ഈ പെന്തെക്കോസ്തുകാര്‍ക്കെന്തുപറ്റി?' പെന്തെക്കോസ്തില്‍ അരുതാത്തതു പലതും കേള്‍ക്കുമ്പോഴും കാണുമ്പോഴും ആത്മാര്‍ഥതയുള്ളവര്‍ വിലപിക്കുകയാണ്; നമുക്കു പറ്റിയ തെറ്റ് എന്താണ്?

ഒരു നവീകരണപ്രസ്ഥാനമായിട്ടാണ് കേരളത്തില്‍ പെന്തെക്കോസ്ത് സഭയുടെ ആരംഭം. പാരമ്പര്യ സമുദായ സഭകളില്‍ കണ്ടുമടുത്ത അനാത്മീയ പ്രവണതകളോട് വിയോജിപ്പ് തോന്നിയവരും ദൈവവചനം അനുശാസിക്കുന്ന ആത്മീയതയെ പിന്തുടരുവാന്‍ ആഗ്രഹിച്ചവരും ഈ നവീകരണ പ്രസ്ഥാനത്തില്‍ ആകൃഷ്ടരായി. ഒരു നൂതന ആരാധനാ ശൈലി അവരാല്‍ രൂപപ്പെട്ടു. അവര്‍ വ്യത്യസ്ത സഹചര്യങ്ങളില്‍ നിന്നും ഉദ്യോഗങ്ങളില്‍നിന്നും സമുദായങ്ങളില്‍നിന്നും ഒരേ കാലഘട്ടത്തില്‍ ദൈവനിയോഗമനുസരിച്ചു പുറപ്പെട്ടു വന്നവരായിരുന്നു. കുബേര-കുചേല വ്യത്യാസമില്ലാതെ, ജാതി-മത വേര്‍തിരിവ്, ആഡംബര വര്‍ജ്ജനം,  സംസാരത്തിലും പ്രവര്‍ത്തിയിലും ഉള്ള സുതാര്യത, സത്യസന്ധത, ആത്മീയദര്‍ശനം, ദൈവാശ്രയജീവിതം, സുവിശേഷവേലയോടുള്ള അടങ്ങാത്ത ആവേശം, ലൗകീകമായ എല്ലാത്തിനോടുമുള്ള വേര്‍പാട്, പ്രതിബന്ധങ്ങളെ നോക്കാതെ എവിടെയും സുവിശേഷം എത്തിക്കാനുള്ള സമര്‍പ്പണം, ഇല്ലായ്മകള്‍ക്കിടയിലും പ്രദര്‍ശിപ്പിക്കപ്പെട്ട സന്തോഷസമൃദ്ധി, ദൈവദാസന്മാരോടുള്ള സ്നേഹബഹുമനങ്ങള്‍, തിരുവചന പഠനത്തിനുള്ള അദമ്യമായ ആവേശം, കൂട്ടായ്മയുടെ സന്തോഷം ഇവയെല്ലാമായിരുന്നു മലങ്കരയിലെ പെന്തെക്കോസ്ത്.

ലജ്ജകൂടാതെ പരസ്യയോഗങ്ങളും ഭാവനസന്ദര്‍ശങ്ങളും നടത്തി ശുശ്രൂഷകന്മാര്‍ക്കൊപ്പം വിശ്വാസികളും ചേര്‍ന്നുനിന്നു ജനത്തെ ആകര്‍ഷിച്ചു ക്രിസ്തുവിങ്കലേക്കു നയിച്ചു. അവരുടെ പ്രാര്‍ഥനയാല്‍ രോഗികള്‍ സൗഖ്യമായി, ഭൂതങ്ങള്‍ അലറി ഓടി, പാപികള്‍ മാറത്തടിച്ചു മനസാന്തരപ്പെട്ടു. മദ്യപാനികള്‍ അത് നിറുത്തി. വിശ്വാസികള്‍ എത്തിയിടത്തെല്ലാം ദേശത്തിനും അതു സൗഖ്യമായിത്തീര്‍ന്നു. കണ്‍വന്‍ഷനും കാത്തിരിപ്പുയോഗങ്ങളും ഗ്രാമങ്ങള്‍ തോറും സംഘടിപ്പിച്ചു. അവയൊന്നും ഇന്നത്തെപ്പോലെ ആര്‍ഭാടം കാണിക്കാനോ 'വരപ്രപ്തരുടെ' മിന്നുന്ന പ്രകടനങ്ങള്‍ക്കോ വേണ്ടിയായിരുന്നില്ല. സഭാവളര്‍ച്ചയുടെ ചരിത്രത്താളില്‍ ഇവയെല്ലാം തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ടവയായി മാറി. 

ഇവയ്ക്കെല്ലാം ഊടും പാവും നല്‍കിയവരില്‍ വിദേശമിഷനറിയായ ആര്‍.എഫ്. കുക്ക്, തദ്ദേശിയരായ പാസ്റ്റര്‍മാരായ കെ.ഇ. ഏബ്രഹാം, ടി.ജി. ഉമ്മന്‍, റ്റി.എം. വര്‍ഗീസ്, പി.എന്‍. സഖറിയ, പി.എം. ഫിലിപ്പ് തുടങ്ങി ഭക്തന്മാരായ ഒട്ടേറെ  കര്‍ത്തൃദാസന്മാരുടെ കഠിന പ്രയത്നവും ചരിത്രപുസ്തകത്തില്‍ അവഗണിക്കാനാവില്ല. അവരുടെയല്ലാം അനുഭവങ്ങള്‍ രേഖപ്പെടുത്തിയത് ആവേശത്തോടെയല്ലാതെ നമുക്കാര്‍ക്കും വായിക്കാനാവില്ല. പരിശുദ്ധാത്മനിയന്ത്രിതമായ ജീവിതത്തിനും പ്രവര്‍ത്തനത്തിനുമായിരുന്നു സഭ ഊന്നല്‍ നല്‍കിയത്. 

ഇന്നു കണ്ടുവരുന്ന ചടങ്ങുകളോ 'വര്‍ഷിപ് ലീഡിങ്ങോ' അന്നില്ലായിരുന്നെങ്കിലും ജനം ആത്മനിര്‍വൃതിയില്‍ സര്‍വ്വം മറന്നു ദൈവത്തെ ആരാധിക്കുമായിരുന്നു. 'പെന്തെക്കോസ്തുകാര്‍' എന്ന പേര് ഈ സംഘത്തിനു അന്വര്‍ഥമായിരുന്നു. ദൈവവചനം അക്ഷരാര്‍ഥത്തില്‍ വിശ്വസിക്കുകയും അതിനു അനുസരണമായി മാത്രം ജീവിക്കുവാനും സമര്‍പ്പിച്ചവരായിരുന്നു ഈ പ്രസ്ഥാനത്തില്‍ ഉണ്ടായിരുന്നവര്‍ ഏറെയും.

ഏഴാം ക്ലാസ് വിദ്യാഭ്യാസമുള്ളവര്‍ തന്നെ അംഗുലീപരിമിതമായിരുന്നു. ഉന്നത വിദ്യാഭ്യാസം നേടിയവരോ സ്ഥലത്തെ മാന്യന്മാരോ ഈ പ്രസ്ഥാനത്തെ തികച്ചും അവഗണനയോടെയും  പുച്ഛത്തോടെയുമാണ് കണ്ടിരുന്നത്. ഇതൊക്കെ പണ്ടത്തെ കഥകളല്ലേ, ഇപ്പോള്‍ ഇത് പറഞ്ഞിട്ടെന്തു കാര്യം? എന്നു ചിന്തിക്കുന്ന ആധുനികന്മാര്‍ ഇന്നു പെന്തെക്കോസ്തില്‍ കണ്ടേക്കാം. എന്നാല്‍ ഇതുപറയാതെ നമുക്ക് ആധുനികത വരുത്തിവച്ച അനാത്മീയതയെക്കുറിച്ചു പാറയാനാവില്ല. എന്നാലിന്നോ? ആത്മീയവഴിവിട്ടു മാറിസഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരുകൂട്ടം അധികാരമോഹികളുടെ വഞ്ചനയില്‍പ്പെട്ടു സത്യമേതെന്നു തിരിച്ചറിയാനാവാത്ത സാധുക്കളായ കുറെ വിശാസികളുടെ കൂട്ടമായി കേരളത്തിലെ മിക്ക പെന്തെക്കോസ്തു പ്രസ്ഥാനങ്ങളും മാറിക്കൊണ്ടിരിക്കുന്നു. മൂത്തപ്രസ്ഥാനങ്ങള്‍ കാണിക്കുന്ന അനാത്മീയ പരിപാടികളെല്ലാം ഇളയവര്‍ ആസ്വദിക്കയും ഏറ്റെടുക്കയും ചെയ്യുന്നതുപോലെ തോന്നും പലതും കാണുമ്പോള്‍. 

അതുപോലെ, പെന്തെക്കോസ്തുകാര്‍ക്കു ഒരു തിരുത്തല്‍  ആവശ്യമാണ് എന്ന് ചിന്തിക്കുന്നവരുടെ കൂടെയാണ് ഗുഡ്ന്യൂസ്. കഴിഞ്ഞ രണ്ടു  ദശാബ്ദത്തിലേറെയായി അതിന്‍റെ ആദിമ വിശുദ്ധിയിലേക്കും പരിശുദ്ധാത്മ നടത്തിപ്പിലേക്കും മടങ്ങിവരണം എന്ന താല്പര്യത്തോടെ 'സഭയുടെ പൂര്‍വീകരണം' എന്ന വിഷയമാണ് എല്ലായിടത്തും ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. വരുന്ന ചില ആഴ്ചകളില്‍ നമുക്ക് ഈ വിഷയം ഒരുമിച്ചു ചര്‍ച്ച ചെയ്യാം. മാന്യ ഗുഡ്ന്യൂസ് മിത്രങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

എല്ലാം ദൈവസഭയുടെ നവീകരണത്തിനും ഉണര്‍വിനും അനുഗ്രഹത്തിനുമായിതീരട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

Advertisement