ഗിലെയാദിലെ സുഗന്ധതൈലം പുനർജ്ജനിക്കുന്നു

ഗിലെയാദിലെ സുഗന്ധതൈലം പുനർജ്ജനിക്കുന്നു

ബൈബിൾ ആർക്കിയോളജി

ഗിലെയാദിലെ സുഗന്ധതൈലം പുനർജ്ജനിക്കുന്നു

പാസ്റ്റർ സണ്ണി പി. സാമുവൽ 

2024 സെപ്റ്റംബർ 24-ആം തീയതിയിലെ ഹിന്ദുസ്ഥാൻ ടൈംസ് ബൈബിൾനാടു സംബന്ധിച്ച ഒരു പ്രധാന വാർത്ത പ്രസിദ്ധീകരിക്കുകയുണ്ടായി. ഏകദേശം 1000 വർഷം മുമ്പു അന്യംനിന്നുപോയി എന്നു കരുതപ്പെട്ടിരുന്ന ഒരു വൃക്ഷത്തെ പുനരുജ്ജീവിപ്പിക്കുന്നതിൽ ബൈബിൾ  ശാസ്ത്രജ്ഞർ വിജയിച്ചു എന്നതായിരുന്നു ആ വാർത്ത. 1980-കളിൽ വെസ്റ്റ് ബാങ്കിനും യിസ്രായേലിനും മദ്ധ്യേയുള്ള യെഹൂദ്യമരുഭൂമിയിൽ നടത്തിയ പുരാവസ്തു ഗവേഷണത്തിനിടെ ഉൽഖനനം ചെയ്തപ്പോൾ ഒരു വിത്തു ലഭിക്കുകയുണ്ടായി. വിശദമായ ശാസ്ത്രീയ പരിശോധനയിൽ അതു എ. ഡി. 1000-നും 1200-നും മദ്ധ്യേ ഉണ്ടായതാണെന്നു കണ്ടെത്തി. അതായതു, കണ്ടെടുക്കുമ്പോൾ ഏറ്റവും കുറഞ്ഞത് ആയിരം വർഷം ആ വിത്തു സുഖസുഷുപ്തിയിൽ ആയിരുന്നു. തുടർന്നു ശാസ്ത്രജ്ഞർ ഈ നിഗൂഢ പുരാതന വിത്തിനെ സൂക്ഷ്മതയോടെ നട്ടു. അതു മുളച്ചു.അവർ അതിനെ പരിപാലിച്ചു. ഇന്നു അതു 10 അടി ഉയരമുള്ള ഒരു വൃക്ഷം ആയി മാറി. ഈ വൃക്ഷം ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന ഒരു വൃക്ഷം ആണെന്നാണു ബൈബിൾ ശാസ്ത്രജ്ഞർ പറയുന്നത്. ഗിലെയാദിലെ സുഗന്ധതൈലം ഉണ്ടാക്കുവാനായി ഉപയോഗിച്ചിരുന്ന കോമ്മിഫോറ (Commiphora) കുടുംബത്തില്പെട്ട വൃക്ഷമാണിതെന്നു സ്ഥിരീകരിക്കപ്പെടുന്നു. പൂർണ്ണവളർച്ചയെത്തിയ വൃക്ഷം തൈലം (Balm) എന്നർത്ഥം വരുന്ന Tsori -യുടെ സ്രോതസ്സാണെന്നു ശാസ്ത്രജ്ഞൻ അഭിപ്രായപ്പെടുന്നു. ഈ വൃക്ഷത്തിന്റെ പശ അതിസുഗന്ധമുള്ളതായാൽ “ബാം ഓഫ് ഗിലെയാദിന്റെ (Commiphora Gileadensis) കൂട്ടിൽ ഉപയോഗിച്ചിരുന്നു എന്നും ശാസ്ത്രജ്ഞൻ അവകാശപ്പെടുന്നു. 

വൃക്ഷത്തിന്റെ പുനരുജ്ജീവനത്തിലൂടെ ബൈബിൾ നാടുകളിലെ വൃക്ഷങ്ങളെക്കുറിച്ചും ഒപ്പം സുഗന്ധതൈലത്തിന്റെ രഹസ്യകൂട്ടും കണ്ടെത്തുവാൻ കഴിയുമെന്നു ശാസ്ത്രജ്ഞർ പ്രത്യാശിക്കുന്നു. ക്യാൻസറിനെ വരെ സുഖപ്പെടുത്തുവാൻ ഇതിന്റെ കറയ്ക്ക്/പശക്കു കഴിയുമെന്നും അവർ വിശദീകരിക്കുന്നു. 

ഹിന്ദുസ്ഥാൻ ടൈംസ് പോലെയുള്ള ഒരു പത്രം ഈ വാർത്ത പ്രസിദ്ധീകരിക്കണം എങ്കിൽ അതിന്റെ പ്രാധാന്യം എത്ര വലുതാണ്? ഈ വാർത്ത വായിച്ചപ്പോഴും ഈ ലേഖനം തയ്യാറാക്കുമ്പോഴും ഉള്ളം തുടിച്ചുയരുകയാണ്. ബൈബിൾ സത്യമാണെന്നു ഈ ഉൽഖനനവും നട്ടു വളർത്തപ്പെട്ട വൃക്ഷവും ഉച്ചൈസ്തരം ഘോഷിക്കുന്നു. ഗിലെയാദിൽനിന്നു സാമ്പ്രാണിയും (Spicery) സുഗന്ധപ്പശയും (Balm) സന്നിനായകവും (Myrrh) വഹിച്ചു വന്ന വണിക്സംഘമാണു യോസഫിനെ വിലയ്ക്കു വാങ്ങിയത് (ഉല്പത്തി: 37: 25). ഇവിടെ പറയുന്ന സുഗന്ധപ്പശക്കു Tsoriy എന്നാണു എബ്രായഭാഷയിൽ കാണുന്നത്. മിസ്രയീമിലെ അജ്ഞാതനായ ഭരണാധികാരിക്കു (യോസേഫിനു) യാക്കോബ് കൊടുത്തയച്ച സമ്മാനങ്ങളിൽ അല്പം സുഗന്ധപ്പശ (tsoriy) ഉണ്ടായിരുന്നു (ഉല്പത്തി: 43:11). യിരെമ്യാവ് 8:22 -ലെ സുഗന്ധതൈലവും യെഹെസ്കേൽ 27: 17 -ലെ പരിമളതൈലവും tsoriy ആണ്. “ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ?” എന്ന വാക്കുകൾ പ്രവചനം ആയിരുന്നുവോ? ആയിരുന്നുവെന്നു വിശ്വസിക്കാനാണു എനിക്കിഷ്ടം. അതെന്തെന്നാൽ, ഗിലെയാദിൽനിന്നു സുഗന്ധതൈലം അന്യംനിന്നു പോകുമെന്നും അവിടുത്തെ വൈദ്യന്മാർ ഇല്ലാതായിത്തീരുമെന്നും; എന്നാൽ, യിസ്രായേലിന്റെ രോഗശമനത്തിനായി അതെല്ലാം മടങ്ങിവരുമെന്നും -പുനർജ്ജനിക്കുമെന്നും ഉള്ള ധ്വനി ഈ വാക്യത്തിൽ ഉണ്ട്. ഈ പ്രവചനത്തിന്റെ ഒന്നാം ഭാഗം കണ്ടെടുക്കപ്പെട്ടുവെന്നും അതു തഴച്ചു വളർന്നു കൊണ്ടിരിക്കുന്നുവെന്നും ഞാൻ വിശ്വസിക്കുന്നു. അങ്ങനെയെങ്കിൽ മഹാവൈദ്യൻ യിസ്രായേലിനു രോഗശാന്തിയോടുകൂടെ ഉദിക്കുന്ന നാൾ വിദൂരമല്ലല്ലോ. അന്നു -ആയിരമാണ്ടു വാഴ്ചക്കാലത്തു ഇന്നു ഭൂമിയിൽനിന്നു അപ്രത്യക്ഷമായതും അന്യംനിന്നു പോയതുമായ സകല ജീവജാലങ്ങളും മടങ്ങിവരുമെന്നു ഞാൻ വിശ്വസിക്കുന്നു.

അതിനു മുമ്പു ദൈവസഭ പുനരുത്ഥാനത്തോടും തേജസ്കരണത്തോടും കൂടെ എടുക്കപ്പെടുമല്ലോ. മൺമറഞ്ഞുപോയ ശരീരത്തിന്റെ ഉയർപ്പിൽ നാം വിശ്വസിക്കുന്നു. അതു സത്യമാണെന്നു ഈ വിത്തു വിളിച്ചുപറയുന്നു. യെഹൂദ്യമരുഭൂമിയുടെ ആഴങ്ങളിൽ കഠിനമായ ചൂടും നിരവധി ഭൂകമ്പങ്ങളും (ഏകദേശം 14 എണ്ണം) സഹിച്ച -അതിജീവിച്ച ഒരു വിത്തു ആയിരത്തിൽപ്പരം വർഷങ്ങൾക്കു ശേഷം മുളച്ചു വേരൂന്നി വൃക്ഷമായിത്തീർന്നുവെങ്കിൽ; ദൈവത്തിന്റെ സാദൃശ്ത്തിലും സ്വരൂപത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ഉയർക്കില്ലെന്നോ? 

അവൻ വരും നിശ്ചയം, ശുദ്ധിമാന്മാർ ഉയർക്കും നിശ്ചയം. ആമേൻ കർത്താവേ വേഗം വരേണമേ

Advertisement

Advertisement