ദാനിച്ചായൻ എന്ന ആദർശധീരൻ
കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പി പി ദാനിയേലിനെ പാസ്റ്റർ സജോ തോണികുഴിയിൽ അനുസ്മരിക്കുന്നു
1975 മുതൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പ്രവർത്തനം വടക്കൻ മേഖലയിൽ വളർച്ചപ്രാപിക്കുവാൻ കാരണക്കാനായത് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ഇപ്പോഴത്തെ ഇന്റർനാഷണൽ പ്രസിഡന്റ് ആയിരിക്കുന്ന പാസ്റ്റർ എബ്രഹാം ജോസഫ് എന്ന ഞങ്ങളുടെ ബാബു ഉപദേശിയാണ്. അദ്ദേഹത്തിനൊപ്പം ചേർത്തുനിർത്താവുന്ന ഒന്നാമത്തെ ആളാണ് പി പി ദാനിയേൽ എന്ന പ്രീയപ്പെട്ട ദാനിച്ചായൻ.. സവിശേഷമായ സ്വഭാവങ്ങൾകൊണ്ട് നിറയപ്പെട്ട വ്യക്തിത്വമായിരുന്നുഅദ്ദേഹത്തിന്റേത്.. നിലപാടുകൾ ആദർശങ്ങൾ എന്നൊക്കെ പറയുന്ന അവസ്ഥക്ക് വ്യക്തമായ ഊന്നൽ കൊടുത്തിരുന്ന മനുഷ്യൻ.. ആൾക്കൂട്ടത്തിൽ ആളാകനും, ആരാവാരങ്ങളിൽ മതിമറക്കാനും ആരുടെയും ആരാധന പാത്രമാകാനും ആഗ്രഹിക്കാതിരുന്ന ആളത്വം..
കൃത്യനിഷ്ട്ടത, അച്ചടക്കം, സത്യസന്ധത, പരോപകാരം, സാധുക്കളോടുള്ള കരുണ, സുവിശേഷ വേലയോടുള്ള അഭിനിവേശം, വേദഉപദേശങ്ങളിലുള്ള അറിവ്, ജീവിതവിശുദ്ധി തുടങ്ങിയ നിരവധി അമൂല്യമായ ദൈവകൃപലഭിച്ച ദാനിച്ചായൻ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന് മാത്രമല്ല, ഇതര പെന്തക്കോസ്തു പ്രസ്ഥാനങ്ങൾക്കും ബ്രദറൺ കൂട്ടയ്മക്കും, മറ്റിതര പ്രോട്ടസ്റ്റന്റ് സഭകൾക്കും പ്രയോജനമുള്ളയാളായിരുന്നു.
1975 കാലം മുതൽ ഇതര സഭകളിലെ കുട്ടികൾക്കായുള്ള ബാലസംഘം എന്ന സംഘടനയും, ശാരോൻ ഫെല്ലോഷിപ്പിന്റെ യുവജന വിഭാഗമായ സി ഇ എം എന്ന മേഖലയും, സൺഡേസ്കൂൾ വിഭാഗവുമൊക്കെ അദ്ദേഹം ദീർഘനാൾ സ്വന്തകയ്യിൽനിന്ന് പണം മുടക്കി ഏറ്റവും നന്നായി കൈകാര്യം ചെയ്തു.. സുവിശേഷ ടൂർപ്രോഗ്രാം , പരസ്യയോഗം, ഭവനസന്ദർശനം ബൈബിൾക്ലാസുകൾ ക്യാമ്പുകൾ എന്നിവ നടത്തുന്നതിലും മുൻപന്തിയിലുണ്ടായിരുന്നു.. സത്യസന്ധമായി സുവിശേഷ വേലചെയ്യുന്നവരെ അദ്ദേഹം വിളിച്ചുവരുത്തി സഹായിക്കുമായിരുന്നു ..
പെരുമ്പാവൂരിലെ പേരുകേട്ട കമ്പനിയായിരുന്ന റയോൺസിലെ ജോലി ചെയ്യുമ്പോഴും തന്റെ മൂന്ന് മക്കളെ പഠിപ്പിക്കുവാനുള്ള സാമ്പത്തീകബുദ്ധിമുട്ട് നന്നായി മനസ്സിലാക്കിയ അദ്ദേഹം പിന്നീടുള്ള കാലങ്ങളിൽ, ഏകദേശം നാല് പതിറ്റാണ്ടോളം ഒന്നുകൂടിപറഞ്ഞാൽ തന്റെ അവസാനസമയംവരെ സാധുക്കളായ നിരവധി കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസ സഹായം നൽകിവന്നു. ചിലർക്ക് വീടുവാങ്ങുവാനും വീട് വെക്കുവാനും ലക്ഷക്കണക്കിന് രൂപ നൽകി.. എന്റെ സഹോദരി അടക്കമുള്ള നിരവധി പെൺകുട്ടികളുടെ വിവാഹത്തിന് വേണ്ടി സഹായിച്ചു.. പല സഹോദരിമാർക്കും തയ്യൽമെഷീൻ വാങ്ങികൊടുത്തു. ഞാൻ ശാരോൻ ഫെല്ലോഷിപ്പ് പെരുമ്പാവൂർ സെക്ഷൻ സി ഇ എം പ്രസിഡണ്ട് ആയിരുന്ന കാലയളവിൽ സി ഇ എം പ്രവർത്തനങ്ങൾക്കുവേണ്ടി ഏറെ സഹായിക്കുന്നതിനൊപ്പം പ്രവർത്തങ്ങളുടെ വിജയങ്ങൾക്കുവേണ്ടി ഉപദേശങ്ങളും നൽകുകയും വീഴ്ചകൾ കണ്ടാൽ ശാസിക്കുകയും ചെയ്തിരുന്നു, വീട്ടിലേക്കു വിളിച്ചുവരുത്തിയിരുന്ന സമയങ്ങളിൽ ഞങ്ങൾ ധാരാളം സംസാരിക്കുമായിരുന്നു, പണ്ടത്തെ സി ഇ എം സുവിശേഷപ്രവർത്തങ്ങൾ ആത്മീയവസ്ഥകൾ അങ്ങനെ പലതും. "അറിവില്ലാത്ത കാര്യങ്ങളിൽ ഇടപ്പെടരുത്"എന്ന തന്റെ ഉപദേശം ഇന്നുംഎന്റെ കാതിൽ മുഴങ്ങുന്നുണ്ട്
ഉപദേശപിശക് കാണിക്കുന്നവരോടും അഹങ്കാരികളോടും അനുസരണം കെട്ടവരോടുമുള്ള ഇഷ്ടക്കേട് തുറന്ന് കാണിക്കുമായിരുന്നു. ആദ്യമായി കേൾക്കുന്ന ഒരാൾക്ക് അദ്ദേഹത്തിന്റെ സംസാരശൈലിയിൽ പെട്ടെന്ന് ഇഷ്ടക്കേട് തോന്നുമെങ്കിലും സ്നേഹവും കരുതലും ദൈവ കൃപ ഏറെ ഉള്ള ആളായിരുന്നു. പ്രീയ ദാനിച്ചായന്റെ വിയോഗം ഒട്ടനവധി ആളുകൾക്കും വിശേഷിച്ചു ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പെരുമ്പാവൂർ റീജിയന് ഏറെ വേദനയുളവാക്കുന്നതാണ്.
വേർപ്പാടിൽ ദുഃഖത്തിലായിരിക്കുന്ന മക്കളെയും കുടുംബംഗങ്ങളെയും നമുക്ക്പ്രാർത്ഥനയിൽ ഓർക്കാം.
Advertisement