‘ഹിൽ ടോപ്' ആയി തിമഥി ചിൽഡ്രൻസ് ഫെസ്റ്റ് ; ചിന്താവിഷയം പ്രകാശനം ചെയ്ത് തിമഥി ഇൻസ്റ്റിറ്റ്യൂട്ട്



കുട്ടിക്കാനം: സഭയുടെ സമഗ്ര വളർച്ചയ്ക്കായി കാൽ നൂറ്റാണ്ടിലേറെയായി പ്രവർത്തിച്ചുവരുന്ന തിമഥി ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്കും കൗമാരക്കാർക്കുമായി ഒരുക്കുന്ന തിമഥി ചിൽഡ്രൻസ് ഫെസ്റ്റ് (വിബിഎസ്.) 2027-ന്റെ ചിന്താവിഷയമായ ‘ഹിൽ ടോപ് (Hill Top)’ പ്രകാശനം ചെയ്തു.

നവംബർ 9-ന് കുട്ടിക്കാനം ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടന്ന ലീഡർഷിപ്പ് സെമിനാറിനോടനുബന്ധിച്ചാണ് തീം പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. ഡോ. പി.ആർ.ഡി. പ്രഭുവിൽ നിന്ന് തീം ലോഗോ ഏറ്റുവാങ്ങി ഡോ. ജെയ്സൺ തോമസ് ‘ഹിൽ ടോപ്’ തീം പ്രകാശനം ചെയ്തു.

പുതിയ നിയമത്തിലെ മത്തായിയുടെ സുവിശേഷത്തിൽ പരാമർശിക്കുന്ന മലകളുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളെയും യേശുവിന്റെ മലമുകളിലെ ശുശ്രൂഷകളെയും ഉപദേശങ്ങളെയും ആസ്പദമാക്കിയാണ് ഈ വർഷത്തെ ചിൽഡ്രൻസ് ഫെസ്റ്റ് പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. മലകളുമായി ബന്ധപ്പെട്ട ബൈബിൾ സംഭവങ്ങളിലെ ആത്മീയ പാഠങ്ങൾ കുട്ടികളുടെ ദൈനംദിന ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാം എന്നതിലേക്ക് കുട്ടികളെ നയിക്കുന്ന തരത്തിലാണ് പാഠങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ഇന്ത്യയിലെ പ്രധാന ഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന തിമഥി വി.ബി.എസ്. സിലബസ് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി പതിനായിരക്കണക്കിന് കുട്ടികളിലേക്ക് ദൈവവചനത്തിന്റെ സന്ദേശം എത്തിക്കുന്ന ക്രിസ്തുകേന്ദ്രിത ക്രിസ്തീയ വിദ്യാഭ്യാസ പദ്ധതിയായി പ്രവർത്തിച്ചുവരുന്നു.

ആധുനിക വിദ്യാഭ്യാസ രീതികൾ പ്രയോജനപ്പെടുത്തി ക്രമീകൃതമായി തയ്യാറാക്കിയ പാഠ്യപദ്ധതി, വിഷയാധിഷ്ഠിത ഗാനങ്ങൾ, ആക്ഷൻ സോങ്ങുകൾ, വർക്ക്‌ബുക്കുകൾ, വിവിധ പ്രായവിഭാഗങ്ങൾക്കായുള്ള പഠനസാമഗ്രികൾ എന്നിവയാണ് തിമഥി ചിൽഡ്രൻസ് ഫെസ്റ്റിന്റെ പ്രത്യേകതകൾ. വേദപഠനവും വിനോദവും ഒരുമിച്ച് നൽകുന്ന രീതിയിലുള്ള ഈ സിലബസിന് വിവിധ ഇടങ്ങളിൽ മികച്ച സ്വീകാര്യത ലഭിച്ചുവരുന്നു.

കാൽ നൂറ്റാണ്ടിലേറെയായി തിമഥി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിവരുന്ന ചിൽഡ്രൻസ് ഫെസ്റ്റ്, ടീൻ ചലഞ്ച് പരിപാടികളിൽ കൗമാരക്കാർക്കായി പ്രത്യേകം തയ്യാറാക്കുന്ന സമകാലിക വിഷയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൗമാരക്കാരുടെ ജീവിത സാഹചര്യങ്ങളെയും വെല്ലുവിളികളെയും അഭിമുഖീകരിക്കുന്നതിനും ശരിയായ ദിശാബോധം നൽകുന്നതിനും സഹായിക്കുന്ന രീതിയിലാണ് ടീൻ ചലഞ്ച് പരിപാടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ചിൽഡ്രൻസ് ഫെസ്റ്റ് 2027-ന്റെ മാസ്റ്റേഴ്സ് ട്രെയിനിങ് ഫെബ്രുവരി 1, 2, 3 തീയതികളിൽ ചരൽകുന്ന് മാർത്തോമ്മാ ക്യാമ്പ് സെന്ററിൽ നടക്കും. വിവിധ മേഖലകളിൽ നിന്നുള്ള പരിശീലകരെ സജ്ജരാക്കുന്നതിനുള്ള പരിശീലന പരിപാടിയായിരിക്കും ഇത്.

തിമഥി ചിൽഡ്രൻസ് ഫെസ്റ്റ്, ടീൻ ചലഞ്ച് എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും പരിപാടികളുടെ ബുക്കിംഗിനുമായി ചിൽഡ്രൻസ് ഫെസ്റ്റ് കോ-ഓർഡിനേറ്റർ ബ്രദർ വിനീഷ് കെ. എം. (9656217909), പ്രോഗ്രാം കോ-ഓർഡിനേറ്റർ ബ്രദർ അരുൺ ജി. കെ. (9745647909) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.