ദൃഷ്ടി തിരിക്കും; കാഴ്ചകളിൽ നിന്നും
ഉള്ളറിവ്
ദൃഷ്ടി തിരിക്കും; കാഴ്ചകളിൽ നിന്നും
രണ്ടു സുഹൃത്തുക്കൾ ബസിൽ യാത്രചെയ്യുകയാണ്. കാഴ്ചകൾ കണ്ട്, വിശേഷങ്ങൾ പങ്കുവച്ച് അവരത് ആഘോഷിക്കുന്നു. കുറച്ചുകഴിഞ്ഞപ്പോൾ ബസിൽ തിരക്കു കൂടിവന്നു. ആളുകൾ തിക്കിത്തിരക്കിനിന്നു യാത്രചെയ്യുന്നു. ഇതുകണ്ട സുഹൃത്തുക്കളിൽ ഒരാൾ കണ്ണടച്ചിരിക്കാൻ തുടങ്ങി. പെട്ടെന്നുണ്ടായ ഭാവമാറ്റത്തിന്റെ കാരണമന്വേഷിച്ച അപരനോട് അയാൾ പറഞ്ഞു: ബസിൽ ആളുകൂടിയിരിക്കുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധരുമെല്ലാം തിരക്കിനിടയിൽ കഷ്ടപ്പെടുന്നതു കാണാനുള്ള കരുത്തെനിക്കില്ല.
ഒന്നിനോടും പ്രതികരിക്കാതിരുന്നാൽ ഒന്നും നഷ്ടപ്പെടില്ല. ഒന്നും അറിഞ്ഞിരുന്നില്ല എന്നു നടിക്കുന്നതുകൊണ്ടു സൽപേരിനോ സർവഗുണസമ്പന്നൻ എന്ന ശീർഷകത്തിനോ കോട്ടം സംഭവിക്കില്ല. ചുറ്റും കണ്ണോടിച്ചാൽ പരിഹാരം കണ്ടെത്താവുന്ന ഒട്ടേറെക്കാര്യങ്ങളുണ്ട്. സ്വന്തം സൗകര്യത്തിനും സന്തോഷത്തിനും വിഘാതമാകുന്നവയ്ക്കു നേരെ കണ്ണും കാതുമടയ്ക്കുന്നത് ആത്മരതിയുടെ ഭാഗമാണ്. അപരന്റെ ദുഃഖം സ്വന്തം മനസ്സമാധാനം കെടുത്തുമോ എന്ന ശങ്കയിൽ നടത്തുന്ന മുൻകൂർ ഒളിച്ചോട്ടമാണു കണ്ണടച്ച് ഇരുട്ടാക്കൽ പ്രക്രിയ. സ്വന്തം സുഖാവസ്ഥ സംരക്ഷിക്കണമെങ്കിൽ അന്യന്റെ ദുരവസ്ഥ കണ്ടില്ലെന്നു നടിക്കണം. ഇല്ലെങ്കിൽ മനസ്സാക്ഷിക്കുത്തുണ്ടാകും.
വിശന്നു മരിക്കുന്നവന്റെ മുന്നിലിരുന്നു സദ്യയുണ്ണാൻ ആരും തയാറാകില്ല. പകരം ദാരിദ്ര്യത്തിനിപ്പുറത്തു മതിൽ നിർമിച്ച് അതിനുള്ളിലിരുന്നു ധാരാളിത്തം കാണിക്കുന്നതിൽ കുറ്റബോധവുമില്ല. സഹനങ്ങൾ കണ്ടിട്ടും പുറംതിരിഞ്ഞു നടക്കുന്നവരെക്കാൾ അപകടകാരികളാണു സഹനങ്ങൾ ഇല്ലെന്നു സ്വയം വിശ്വസിപ്പിച്ച് ആത്മനിർവൃതിയടയുന്നവർ. ആദ്യകൂട്ടർക്കു വിദൂരഭാവിയിലെങ്കിലും മാനസാന്തരം ഉണ്ടായേക്കാം; രണ്ടാമത്തെ കൂട്ടർ എക്കാലവും തങ്ങളുടെ സംരക്ഷണകുമിളകൾക്ക് ഉള്ളിലായിരിക്കും.
തിരഞ്ഞെടുത്ത കാഴ്ചകൾ മാത്രമാണ് എല്ലാവരും കാണുന്നത്. അപ്രതീക്ഷിതമായതും ആഗ്രഹമില്ലാത്തവയും കണ്ണിൽപ്പെട്ടാൽ പെട്ടെന്നു ദൃഷ്ടി തിരിക്കും. ഇഷ്ടമുള്ളവയെ എത്ര അന്വേഷിച്ചും കണ്ടെത്തും, അല്ലാത്തവയെ എന്തുവിലകൊടുത്തും ഒഴിവാക്കും. അവനവനുണ്ടാകുന്ന ചെറിയ നഷ്ടങ്ങൾ മറ്റുള്ളവരുടെ വലിയ സന്തോഷങ്ങൾക്കു കാരണമാകുമെങ്കിൽ അത്തരം സുകൃതങ്ങളല്ലേ കയ്യും മെയ്യും ചെയ്യേണ്ടത്.
Advertisement