ദുഃഖാചാരണം വിശ്വാസസമൂഹത്തിനു ഭൂഷണമോ?


ദുഃഖാചാരണം വിശ്വാസസമൂഹത്തിനു ഭൂഷണമോ?

ഡോ.ഇട്ടി എബ്രഹാം ന്യൂയോർക്ക്

ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. റ്റി.വത്സൻ ഏബ്രഹാമിന്റെ നിര്യാണത്തോടനുബന്ധിച്ച് സഭയുടെ ജനറൽ കൗൺസിൽ ഓഫീസ് പതിനാലു ദിവസത്തെ ദുഃഖാചാരണത്തിനു സഭാജനങ്ങളെ ആഹ്വാനംചെയ്തുകൊണ്ടുള്ള വാർത്ത മലയാളമനോരമയുടെ അവസാന പേജിൽ നാം കണ്ടു. ഈ അവസരത്തിൽ പെന്തെക്കോസ്തു വിശ്വാസസമൂഹത്തെ നാം വിശ്വസിക്കുന്ന കാര്യങ്ങൾ ഓർമപ്പെടുത്താനാണ് ഈ വരികൾ. നമ്മിൽ നിന്നു വേർപെട്ടുപോയ ഈ ദൈവദാസനെയോ അദ്ദേഹം സമൂഹത്തിനു നൽകിയ സംഭാവനകളെയോ ചോദ്യം ചെയ്യുകയല്ല; മറിച്ച്, സഭയിലെ നേതൃത്വപദവിയിലുള്ള ഒരാൾ മരണമടയുമ്പോൾ നാം ദുഃഖമാചരിക്കണോ എന്നതാണു വിഷയം. 

സഭയിലെ ഉന്നതസ്ഥാനീയരുടെ വേർപാടു സ്വാഭാവികമായും നമുക്കു ദുഃഖം ഉളവാക്കുന്നതാണ്. എന്നാൽ, നാം ലോകമനുഷ്യരെപ്പോലെ ആ ദുഃഖത്തെ ആചരിക്കേണ്ടതുണ്ടോ? ''നാം നിദ്രകൊള്ളുന്നവരെക്കുറിച്ച് അറിവില്ലാതിരിക്കരുത്'' എന്ന അപ്പൊസ്തലിക പ്രബോധനം നാം മറക്കുന്നവരാണോ? മരണംവഴിയായി നമ്മിൽനിന്നും വേർപെട്ടവർ കർത്താവിനോടുകൂടെ വസിക്കുകയാണെന്നല്ലേ നാം വിശ്വസിക്കുന്നത്. അതല്ലേ നമ്മുടെ പ്രത്യാശ. മറ്റു സമൂഹങ്ങളെപ്പോലെ നാം ദുഃഖമാചരിക്കുമ്പോൾ അതു പ്രത്യാശയുടെ കടയ്ക്കൽ കത്തിവയ്ക്കുന്നതല്ലേ? നാം ലോകക്കാരുടെ പാതയിൽ നടക്കണമോ എന്ന് ഈ സമയത്തെങ്കിലും ചിന്തിക്കണം. തിരുവചനസത്യങ്ങളെക്കുറിച്ച് അറിവുള്ളവർ സഭാകൗൺസിലുകളിൽ വരുന്നത് ഇത്തരം അബദ്ധങ്ങൾ ഒഴിവാക്കാനും പൊതുജനത്തിന്റെ മുൻപിൽ സഭയുടെ മഹിമ കളഞ്ഞുകുളിക്കാതിരിക്കാനും ഉപകരിക്കും എന്നുംകൂടെ സൂചിപ്പിച്ചുകൊള്ളട്ടെ. കൗൺസിലുകളിലും നേതൃ സ്‌ഥാനങ്ങളിലും സഭയുടെ ഓഫീസികളിലും വചന നിശ്ചയവും യോഗ്യതയും പരിചയവും ഇല്ലാത്തവരെ നിയമിച്ചാൽ ഉണ്ടാകുന്ന ഫലമാണിവ. നമ്മൾ കാത്തു സൂക്ഷിച്ച ഉപദേശങ്ങൾ കാറ്റിൽ പറത്തി സഭയെ പരസ്യകോലമാക്കരുത്.