ബൈബിൾ പരിഭാഷകൻ മാത്യു പോളിനെ ഓർക്കുമ്പോൾ

ബൈബിൾ പരിഭാഷകൻ മാത്യു പോളിനെ ഓർക്കുമ്പോൾ

ബൈബിൾ പരിഭാഷകൻ മാത്യു പോളിനെ ഓർക്കുമ്പോൾ

സാം കൊണ്ടാഴി
(C.E.O Wycliffe lndia)

ഗസ്റ്റ് 30 ന് നിത്യതപൂകിയ മാത്യു പോൾ അങ്കിളിൻറെ ജീവിതം മിഷനറിമാർക്ക് ഒരു പാഠപുസ്തകമാണ്. 1971ൽ യുബിഎസിൽ ബിഡിയ്ക്ക് പഠിക്കുമ്പോൾ ചാപ്പലിൽവെച്ച് വിദേശത്തു നിന്ന് വന്ന ഒരു വിക്ലിഫ് ബൈബിൾ പരിഭാഷകൻറെ ജീവിതാനുഭവം കേട്ട് ബൈബിൾ പരിഭാഷാശുശ്രൂഷയ്ക്കായി അദ്ദേഹം ജീവിതം സമർപ്പിക്കുകയായിരുന്നു. ഇനിയും ബൈബിൾ എത്താത്ത നിരവധി ഭാഷകൾ ഇന്ത്യയിലുണ്ടെന്നും അവരുടെയിടയിൽ പോയി താമസിച്ച് ആര് ബൈബിൾ നൽകുമെന്നും വിക്ലിഫ് ബൈബിൾ പരിഭാഷകൻ ചോദിച്ചപ്പോൾ  മാത്യു പോൾ അടക്കം മൂന്നു ചെറുപ്പക്കാർ മുൻപോട്ടു വന്നു. പ്രമുഖ മിഷനറി സി. ജോർജ് സാറിൻറെ മകൻ കോട്ടയംകാരനായ ജേക്കബ് ജോർജ്, തമിഴ്നാട്ടുകാരനായ അലൈചാമി എന്നിവരായിരുന്നു മറ്റു രണ്ടുപേർ.  ബൈബിൾ കോളേജ് പഠനാനന്തരം മാത്യപോൾ നീലഗിരിക്കുന്നുകളിൽ താമസിക്കുന്ന അലുകുറുമ്പരുടെ ഇടയിലേക്ക് പോയപ്പോൾ വിശാഖപട്ടണത്തിനടുത്തുള്ള കൊംഡദൊറ ജനതയുടെ ഇടയിലേക്ക് ജേക്കബ് ജോർജും ഗുജറാത്തിലെ ഒരു ആദിവാസി സമൂഹത്തിലേക്ക് അലൈചാമിയും ബൈബിൾ പരിഭാഷയ്ക്കായി കടന്നുപോയി.

ഇതിനു മുൻപ് വിദേശമിഷനറിമാരായിരുന്നു നമ്മുടെ രാജ്യത്തിലെ വിവിധ ഭാഷാസമൂഹങ്ങളിൽ താമസിച്ച് ഭാഷകൾ പഠിച്ച് വളരെ ത്യാഗപരമായി ബൈബിൾ പരിഭാഷ നിർവഹിച്ചിരുന്നത്. ഈ മൂവർസംഘം ബൈബിൾ പരിഭാഷ ശുശ്രൂഷ ഇന്ത്യക്കാർക്കും ചെയ്യാമെന്ന് തെളിയിക്കുകയും അനേക ഭാഷകളിലേക്ക്  ഇന്ത്യൻ ബൈബിൾ പരിഭാഷകരെ ഒരുക്കിയെടുക്കുകയും ചെയ്തത് വലിയ സുവിശേഷവിപ്ലവം സൃഷ്ടിച്ചു. 1977-ൽ ഈ മൂവർസംഘം വിക്ലിഫ് യുകെയിൽ ചെന്ന് ഭാഷാശാസ്ത്രത്തിലും ബൈബിൾ പരിഭാഷാ പരിശീലനത്തിലും ഉപരിപഠനം നടത്തി. 1980-ൽ നാസിക്കിൽ ഭാഷാശാസ്ത്രം, ബൈബിൾ പരിഭാഷ എന്നിവയിൽ ഇന്ത്യൻ മിഷനറിന്മാർക്ക് പരിശീലനം നൽകുവാൻ ജേക്കബ് ജോർജിൻറെയും മറ്റുള്ളവരുടെയും  നേതൃത്വത്തിൽ IICCC (Indian Institute for Cross Cultural Communication) എന്ന പേരിൽ പരീശീലനകേന്ദ്രം സ്ഥാപിക്കുകയും അലൈചാമിയും മാത്യുപോളും അധ്യാപകരായി അനേകരെ പരീശീലിപ്പിക്കുകയും ചെയ്തു. പിൽക്കാലത്ത്   IICCC വിക്ലിഫ് ഇന്ത്യയായി മാറി.

ബ്രദറൺ വിശ്വാസിയായിരുന്ന മാത്യു പോൾ എന്ന ബാബു അങ്കിൾ ഒരു സംഘടനയുടെയും കീഴിൽ നിൽക്കാതെ അലുകുറുമ്പരുടെ ഭാഷയിൽ സ്വതന്ത്രമായി ബൈബിൾ പരിഭാഷ ചെയ്യുകയായിരുന്നു. പെട്ടെന്നുണ്ടായ രോഗം നിമിത്തം രണ്ടുകാലുകൾ തളർന്ന് അദ്ദേഹത്തിന് ബൈബിൾ പരിഭാഷാപ്രവർത്തനത്തിൽ നിന്ന് പിൻവാങ്ങേണ്ടി വന്നു. എന്നാൽ 35 വർഷങ്ങൾക്കുശേഷം മറ്റൊരു സംഘടന  2021ൽ അലുകുറുമ്പരുടെ ഭാഷയിൽ മർക്കോസ് എഴുതിയ സുവിശേഷം പുറത്തിറക്കിയപ്പോൾ അദ്ദേഹത്തിൻറെ സന്തോഷം വലുതായിരുന്നു. മൂത്തമകൻ റ്റിമി പോൾ കോയമ്പത്തൂരിലുള്ള സ്വന്തം സ്റ്റുഡിയോയിൽ അലുകുറുമ്പരുടെ ഭാഷയിൽ പിതാവിൻറെ സഹായത്തോടെ  പാട്ടുകൾ തയ്യാറാക്കിയിരുന്നു. അതിൽ രണ്ടുപാട്ടുകൾ അദ്ദേഹത്തിൻറെ കൊച്ചുമകളാണ് പാടിയത്. ആ പാട്ടുകൾ കേൾക്കുവാൻ എനിക്ക് ബാബു അങ്കിൾ അയച്ചുതന്നത് നന്ദിയോടെ ഓർക്കുന്നു.  2021ൽ, ബൈബിൾ പരിഭാഷാ ദിനമായ സെപ്തംബർ 30 ന് വിക്ലിഫ് ഇന്ത്യ സംഘടിപ്പിച്ച സൂം മീറ്റിംഗിൽ അദ്ദേഹം പങ്കെടുക്കുകയും ബൈബിൾ പരിഭാഷാരംഗത്തെ പഴയകാല സുഹൃത്തുകളെ കണ്ട് ബന്ധം പുതുക്കുകയും ചെയ്തു.

2022 സെപ്റ്റംബർ 30 ന് ഇന്ത്യയിലെ ബഹു ഭൂരിപക്ഷ പരിഭാഷാ സംഘടനകളും പങ്കെടുത്ത സൂം കോൺഫറൻസിലും അദ്ദേഹം സംബന്ധിച്ച് സംസാരിച്ചു. വിപുലമായ ഈ സമ്മേളനത്തിൻ്റെ സംഘാടകൻ കെ.ജെ.ജോബ് വയനാട് ആയിരുന്നു .

രോഗം മൂലം 2021-ൽ ഒരു ആയുർവേദ ആശുപത്രിയിൽ അഡ്മിറ്റായപ്പോൾ എനിക്ക് അദ്ദേഹമെഴുതി- ‘എൻറെ സന്തതസഹചാരിയായ വീൽചെയർ ഒഴിവാക്കി പൂർണാരോഗ്യവാനായിരിക്കുവാൻ സാം എനിക്കുവേണ്ടി പ്രാർത്ഥിക്കണം’. എന്നാൽ മരണം വരെ വീൽചെയറിൽ വിശ്വാസയാത്രചെയ്യാനായിരുന്നു അദ്ദേഹത്തെക്കുറിച്ചുള്ള ദൈവത്തിൻറെ പദ്ധതി. അദ്ദേഹം ഒരു തികഞ്ഞ പ്രാർത്ഥനാമനുഷ്യനായിരുന്നു. അദ്ദേഹമെഴുതിയ ‘രഹസ്യപ്രാർത്ഥന’ എന്ന ചെറിയ പുസ്തകം വർഷങ്ങൾക്കുമുമ്പ് വായിക്കുവാൻ എനിക്കിടയായി. പ്രാർത്ഥനയായിരുന്നു അദ്ദേഹത്തെ ഊർജ്ജസലതയോടെ മുൻപോട്ടു നയിച്ചത്.

മാത്യു പോൾ നല്ലൊരു വേദാധ്യാപകനായിരുന്നു. ചെന്നെയിലെ ഹിന്ദുസ്ഥാൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ രജിസ്ട്രാറായും അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മറ്റു ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടുകളിലും അദ്ദേഹം പഠിപ്പിച്ചിരുന്നു.

പ്രസിദ്ധ സുവിശേഷകനും ഗാനാരചിതാവുമായ എം. ഇ. ചെറിയാൻ സാറിൻറെ ഏറ്റവും ഇളയമകൾ പരേതയായ ജോയിസായിരുന്നു ഭാര്യ. റ്റിമി പോൾ-ബ്ലെസ്സി, ടെഫില്ല മാത്യു, ചെറിയാൻ മാത്യു-ബ്ലസ്സി, റേച്ചൽ-ബോവസ്, പരേത മേരി മാത്യൂസ്- മാത്യൂസ് എബ്രഹാം എന്നിവരാണ് മക്കൾ. സംസ്കാരശുശ്രൂഷ സെപ്തംബർ രണ്ടിന് ശനിയാഴ്ച 9 മണിക്ക് പെരുമ്പാവൂർ കുന്നകുരുടി എബനേസർ ബ്രദറൺ സഭയുടെ നേതൃത്വത്തിൽ നടക്കും

Advertisement