കപ്പൽയാത്രയും വിശപ്പും പിന്നെ രക്ഷയും

കപ്പൽയാത്രയും വിശപ്പും പിന്നെ രക്ഷയും

റവ. ജോർജ് മാത്യു പുതുപ്പള്ളി

രിദ്രനായ ഒരു ബ്രിട്ടീഷുകാരൻ അമേരിക്കയിൽ പോയി സമ്പത്തുണ്ടാക്കുവാൻ തീരുമാനിച്ചു. അദ്ദേഹം യാത്രക്കുള്ള പണം സ്വരൂപിച്ചു അമേരിക്കയിലേക്കു പോകുന്ന കപ്പലിൽ മൂന്നാം ക്ലാസ് യാത്രക്കുള്ള ടിക്കറ്റ് എടുത്തു. ഭക്ഷണത്തിന് ആവശ്യമായ പണം അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല.

കപ്പലിൽ കയറിയ അദ്ദേഹം മൂന്നാം ക്ലാസ് യാത്രക്കാരുടെ അടുത്തേക്കു പോയി. എല്ലാവരും ഭക്ഷണം കഴിക്കുമ്പോൾ തന്റെ മുറിയിലിരുന്ന് അദ്ദേഹം ന്യൂയോർക്ക് നഗരം സ്വപ്നം കണ്ടു. അപ്രതീക്ഷിതമായി ഉണ്ടായ ഒരു കൊടുങ്കാറ്റ് കപ്പലിന്റെ ഗതി തെറ്റിച്ചു കളഞ്ഞു. കപ്പൽ യാത്രക്ക് പിന്നെയും കൂടുതൽ സമയം എടുക്കേണ്ടി വന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ പട്ടിണി കൊണ്ട് അദ്ദേഹം വശംകെട്ടു. ചക്രവാളത്തിൽ മനോഹരമായ ന്യൂയോർക്ക് നഗരം അദ്ദേഹം കണ്ടു. പണമില്ലെങ്കിലും ശരി ഭക്ഷണം കഴിക്കാൻ അദ്ദേഹം തീരുമാനിച്ചു.

ഡൈനിംഗ് റൂമിൽ പോയി അദ്ദേഹം ഭക്ഷണത്തിന് ഓർഡർ ചെയ്തു. ആക്രാന്തത്തോടെ വയർ നിറയെ ഭക്ഷണം കഴിച്ചു. കയ്യിൽ പണമില്ലാത്ത കാര്യം അദ്ദേഹം ഗൗരവത്തിൽ എടുത്തില്ല. ഭക്ഷണം കഴിച്ചശേഷം അയാൾ വെയ്‌റ്ററോട് കഴിച്ച ഭക്ഷണത്തിന്റെ ബില്ല് ആവശ്യപ്പെട്ടു. വെയ്റ്റർ അദ്ദേഹത്തോടു ചോദിച്ചു : എന്തു ബില്ലിന്റെ കാര്യമാണ് താങ്കൾ ചോദിക്കുന്നത് ? അദ്ദേഹം പറഞ്ഞു : ഞാൻ കഴിച്ച ഭക്ഷണത്തിന്റെ ബില്ലാണ് എനിക്കു വേണ്ടത് ? അതുകേട്ട വെയ്റ്റർ ചിരിച്ചുകൊണ്ടു പറഞ്ഞു : 'സർ, ഈ കപ്പലിൽ യാത്ര ചെയ്യുവാനുള്ള ടിക്കറ്റ് താങ്കൾ വാങ്ങിയപ്പോൾത്തന്നെ ഭക്ഷണത്തിന്റെ തുകയും ആ ടിക്കറ്റിൽ ഉൾപ്പെട്ടു കഴിഞ്ഞു. അതുകൊണ്ട് എത്ര ഭക്ഷണം കഴിച്ചാലും അതിന് വില താങ്കൾ കൊടുക്കേണ്ടതില്ല. ' അതു കേട്ടപ്പോൾ എത്രയും ദിവസം വെറുതെ പട്ടിണി കിടന്ന ഗതികേട് ഓർത്ത് അദ്ദേഹത്തിന് ഏറെ വിഷമവും സങ്കടവും തോന്നി.

അനേക വിശ്വാസികളും ഇന്ന് ആ യാത്രക്കാരനെപ്പോലെയാണ്. യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ അവർ സ്വർഗത്തിലേക്കുള്ള ടിക്കറ്റ് റിസർവ് ചെയ്യുന്നു. ആത്മരക്ഷക്ക് മാത്രമുള്ള ടിക്കറ്റാണത് എന്ന് അവർ കണക്കു കൂട്ടുന്നു. അതോടൊപ്പം സ്വർഗത്തിലെ മറ്റെല്ലാ അനുഗ്രഹങ്ങളും ലഭിക്കുന്നു എന്ന സത്യം അവർ അറിയാതെ പോകുന്നു. പ്രിയമുള്ളവരേ, നാം യേശുവിനെ നമ്മുടെ കർത്താവും രക്ഷിതാവുമായി സ്വീകരിച്ച് ദൈവവചനപ്രകാരം ജീവിക്കുമ്പോൾ സ്വർഗത്തിലെ എല്ലാ നന്മകളുടെയും അവകാശികളായി നാം മാറുന്നു എന്ന പരമാർത്ഥം വിസ്മരിക്കരുത്.

ചിന്തക്ക് : 'കൂടാരമായ ഞങ്ങളുടെ ഭൗമഭവനം അഴിഞ്ഞു പോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗത്തിൽ ഉണ്ടെന്ന് അറിയുന്നു. ഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ടു ഞങ്ങൾ നഗ്നരായിട്ടല്ല ഉടുപ്പുള്ളവരായിരിക്കുന്നു എങ്കിൽ സ്വർഗീയമായ ഞങ്ങളുടെ പാർപ്പിടം അതിനു മീതെ ധരിപ്പാൻ വാഞ്ചിക്കുന്നു. ഉരിവാനല്ല മർത്യമായത് ജീവനാൽ നീങ്ങിപ്പോകേണ്ടതിനു മീതെ ഉടുപ്പാൻ ഇശ്ചിക്കയാൽ ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു. അതിനായി ഞങ്ങളെ ഒരുക്കിയത് ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവം തന്നെ. ആകയാൽ ഞങ്ങൾ എല്ലായ്‌പോഴും ധൈര്യപ്പെട്ടും ശരീരത്തിൽ വസിക്കുമ്പോഴൊക്കെയും കർത്താവിനോട് അകന്നു പരദേശികൾ ആയിരിക്കുന്നു എന്ന് അറിയുന്നു' (2 കൊരിന്ത്യർ 5 : 1...6).