AGIFNA 2024 നാഷണൽ കോൺഫെറെൻസിനു പുതിയ നേതൃത്വം
റവ. ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് (കൺവീനർ), പാസ്റ്റർ ജെയിംസ് ജോർജ്, പാസ്റ്റർ തോമസ് വർഗീസ്, പാസ്റ്റർ ജോർജ് വി. എബ്രഹാം എന്നിവർ റീജിയണൽ കോർഡിനേറ്റർമാർ
ന്യൂയോർക്ക് : 2024 ഓഗസ്റ്റ് 1 മുതൽ 4 വരെ ന്യൂയോർക്കിൽ നടക്കുന്ന 26 -മത് അസ്സെംബ്ലിസ് ഓഫ് ഗോഡ് ഇന്ത്യ ഫെല്ലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ (AGIFNA) നാഷണൽ കോൺഫെറെൻസിന്റെ വിജയകരമായ നടത്തിപ്പിലേക്കായി റവ. ക്യാപ്റ്റൻ സ്റ്റാൻലി ജോർജിനെ കൺവീനറായും, പാസ്റ്റർ ജെയിംസ് ജോർജ്, പാസ്റ്റർ തോമസ് വർഗീസ്, പാസ്റ്റർ ജോർജ് വി. എബ്രഹാം എന്നിവരെ റീജിയണൽ കോർഡിനേറ്റർമാരായും നിയമിച്ചു. AGIFNA നാഷണൽ പ്രസിഡന്റ് റവ. വിൽസൺ ജോസ്, വൈസ് പ്രസിഡന്റ് റവ. കെ. ഓ. ജോൺസൻ, സെക്രട്ടറി റവ. ബിജു തോമസ്, ട്രെഷറർ റവ. രാജൻ ഫിലിപ്പ് എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചതാണിത്.
ന്യൂയോർക് കാറ്റ്സ്‌കിൽസ് (Catskills) പർവ്വതനിരകളുടെ താഴ്‌വാരത്തിൽ സ്ഥിതിചെയ്യുന്ന ഹോണേഴ്‌സ് ഹേവൻ (Honor's Haven) റിട്രീറ്റ് ആൻഡ് കോൺഫറൻസ് സെന്ററിൽ വെച്ചാണ് ഈ കോൺഫറൻസ് നടക്കുക. 260 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന അതിമനോഹരമായ ഈ റിസോർട് ഒരു ഫാമിലി കോൺഫെറെൻസിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങിയ സ്ഥലമാണ്.
കൺവീനറായി നിയമിതനായ റവ. സ്റ്റാൻലി ജോർജ് ന്യൂയോർക് പോലീസ് ഡിപ്പാർട്മെന്റിൽ ക്യാപ്റ്റൻ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജനായിരുന്നു. റിട്ടയർമെന്റിനു ശേഷം അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിൽ നിന്ന് ഓർഡിനേഷൻ സ്വീകരിച്ച റവ. സ്റ്റാൻലി മികച്ച പ്രഭാഷകനും സംഘാടകനുമാണ്. PCNAK നാഷണൽ സെക്രട്ടറി, യൂത്ത് കോർഡിനേറ്റർ, AGIFNA നാഷണൽ സെക്രട്ടറി, PYFA പ്രസിഡന്റ് എന്നീ നിലകളിലൊക്കെ തന്റെ നേതൃപാടവം പ്രകടിപ്പിച്ചിട്ടുണ്ട്. പൂന യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിൽ നിന്ന് M Div ബിരുദം നേടിയിട്ടുള്ള അദ്ദേഹം ന്യൂയോർക് ഗ്രേസ് എ ജി സഭാംഗമാണ്. ഭാര്യ: ബീന. മക്കൾ: കെവിൻ, ക്രിസ്റ്റൻ.
നാല് പതിറ്റാണ്ടിലേറെയായി മിഷിഗൺ സംസ്ഥാനത്തു താമസിക്കുന്ന പാസ്റ്റർ ജെയിംസ് ജോർജ് ഡിട്രോയിറ്റ് ഇന്റർനാഷണൽ അസംബ്ലി ഓഫ് ഗോഡ് സഭാംഗമാണ്. സഭയുടെ നേതൃനിരയിൽ പ്രവർത്തിക്കുന്നതോടൊപ്പം മറ്റു പല ആത്മീയ പ്രസ്ഥാനങ്ങളിലും തന്റെ കഴിവുകൾ പരമാവധി ഉപയോഗിക്കുന്നു. AGIFNA നാഷണൽ കോൺഫറൻസ് സെക്രട്ടറി, ട്രഷറർ, PCNAK ട്രഷറർ, ലോക്കൽ കോർഡിനേറ്റർ, ICPF ഡിട്രോയിറ്റ് ചാപ്റ്റർ കോർഡിനേറ്റർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം നടത്തിയിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തരബിരുദ ധാരിയായ അദ്ദേഹം ഡിട്രോയിറ്റ് ഫിനാൻസ് ഡിപ്പാർട്മെന്റിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആയി പ്രവർത്തിക്കുന്നു. ഭാര്യ: മെയ്സി. മക്കൾ: ജെന്നിഫർ, ജെന്നിസ്, ജെറിൻ. മരുമകൻ: ക്രിസ്റ്റഫർ കുരിയൻ.
ദീർഘവർഷങ്ങളായി ICPF USA യുടെ ചെയർമാൻ പദവി അലങ്കരിക്കുന്ന പാസ്റ്റർ തോമസ് വര്ഗീസ് യുവജനങ്ങളെ ദൈവീക പാതയിൽ നയിക്കുകയെന്ന മഹത്തായ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നു. യൗവനക്കാരോടൊപ്പം പ്രവർത്തിക്കുന്നതിൽ അതീവതല്പരനായ അദ്ദേഹം അനേക ക്രിസ്തീയ പരിപാടികൾക്ക് ശക്തമായ നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നു. PCNAK, AGIFNA തുടങ്ങി അമേരിക്കയിലെ പല പെന്തക്കോസ്ത് പ്രസ്ഥാനങ്ങളിലും തന്റെ ദൈവദത്തമായ കഴിവുകൾ വിനിയോഗിക്കുന്നുണ്ട്. ഒരു പ്രശസ്ത ഇലക്ട്രോണിക് സ്ഥാപനത്തിൽ
ഡയറക്ടർ ഓഫ് ക്വാളിറ്റി ആയി പ്രവർത്തിക്കുന്നു. ഭാര്യ: ഷേർളി. മക്കൾ: ക്രിസ്റ്റീൻ, റെബേക്ക.
മരുമകൻ: കൈൽ.
ന്യൂയോർക് ക്രൈസ്റ്റ് എ ജി സഭാംഗമായ പാസ്റ്റർ ജോർജ് വി. എബ്രഹാം ആ സഭയുടെ മിഷൻസ് ഡയറക്ടറാണ് . AGIFNA യുടെ വിവിധ കോണ്ഫറന്സുകളിൽ സെക്രട്ടറി, ട്രെഷറർ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം എ ജി മലയാളം ഡിസ്ട്രിക്ടിന്റെ ചാരിറ്റി ഡിപ്പാർട്മെൻറ് ഡയറക്ടർ ചുമതലയും വഹിക്കുന്നു. കൂടാതെ മലയാളം ഡിസ്ട്രിക്ടിന്റെ വ്യത്യസ്ത പ്രവർത്തന മണ്ഡലങ്ങളിൽ സജീവ സാന്നിധ്യവുമാണ്. ബിസിനസ്സ്‌കാരനായ അദ്ദേഹം കണെക്ടിക്കട്ടിൽ താമസിക്കുന്നു. ഭാര്യ: ആനി. മക്കൾ: റീന, റേച്ചൽ, ഡേവിഡ്. മരുമകൻ: ജയ്ക്ക്.