ആത്മീയാഗ്നിയുടെ പ്രതിഫലനം

ആത്മീയാഗ്നിയുടെ പ്രതിഫലനം

റവ.ജോർജ് മാത്യു പുതുപ്പള്ളി

സാമുവൽ മോറിസ് ഫോർട്ട്‌ വെയിനിൽ വന്ന ആദ്യത്തെ ഞായറാഴ്ച നീഗ്രോകൾ കൂടി വരുന്ന യോഗങ്ങൾ എവിടെയെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചു. അങ്ങനെയൊന്ന് ദൂരെയുണ്ടെന്ന് അറിഞ്ഞതോടെ അദ്ദേഹം അത് കണ്ടെത്തുവാൻ ശ്രമിച്ചു. ആരാധനയുടെ ആദ്യഭാഗം കഴിഞ്ഞ് പാസ്റ്റർ പ്രസംഗിക്കുവാൻ എഴുന്നേറ്റപ്പോഴാണ് മോറിസ് അവിടെയെത്തിയത്.

അദ്ദേഹം നേരെ നടന്ന് പ്ലാറ്റ്ഫോമിന്റെ മുമ്പിൽ ചെന്നിട്ട് പറഞ്ഞു : 'എനിക്ക് ഈ ജനത്തോടൊരു സന്ദേശം പറയുവാനുണ്ട്. അതിനായിട്ടാണ് ദൈവം എന്നെ ഇവിടേക്ക് അയച്ചത്.' മോറിസിന്റെ ഈ നടപടി പാസ്റ്റർക്ക് ഇഷ്ടമായില്ല. 'നിങ്ങൾ പ്രസംഗിക്കുവാനായി ഒരുങ്ങിയിട്ടുണ്ടോ ?' എന്നു പാസ്റ്റർ ചോദിച്ചു. മോറിസ് പറഞ്ഞു : 'ഇല്ല, എനിക്ക് ദൈവം തക്ക സമയത്താണ് സന്ദേശം നൽകുന്നത്.' പാസ്റ്റർ മനസില്ലാമനസോടെ മോറിസിനെ പ്രസംഗിക്കുവാൻ അനുവദിച്ചശേഷം അൽപം ദൂരെ മാറിയിരുന്നു.

അപ്പോഴേക്കും മോറിസ് പ്രാർത്ഥിക്കുവാൻ തുടങ്ങിയിരുന്നു. അൽപനേരം കഴിഞ്ഞ് പാസ്റ്റർ നോക്കിയപ്പോൾ വിശ്വാസികളെല്ലാം മുട്ടിന്മേൽനിന്ന് കണ്ണീരൊഴുക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതുമാണ് കണ്ടത്. മോറിസ് അടിമബാലനായിരുന്നപ്പോൾ അവനിൽ പ്രകാശിച്ച ആത്മീയാഗ്നിയുടെ തുടർച്ചയായിരുന്നു അത്.

ദൈവം നിയോഗിച്ചതാണെങ്കിൽ ആ നിയോഗത്തെ ശക്തിപ്പെടുത്തുന്നതും ഫലപ്രദമാക്കുന്നതും ദൈവമായിരിക്കും. നിയോഗം വൃഥാവായിപ്പോകുവാൻ ദൈവം ഒരിക്കലും അനുവദിക്കുകയില്ല. ദൈവത്താൽ നിയോഗം പ്രാപിച്ചവരുടെ ശുശ്രൂഷ ദൈവീകനിയോഗത്തിന് അനുസരിച്ചായിരിക്കും. അതിനാൽ മാനുഷിക ചിന്താഗതികൾക്കോ താൽപര്യങ്ങൾക്കോ പഴുതൊന്നും ഉണ്ടായിരുക്കുകയില്ല എന്ന പരമാർത്ഥം നാം വിശ്വസിക്കേണ്ടതാണ്.

അന്ത്യോക്യയിൽ വിശ്വാസികൾ കൂടിയിരുന്നു പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോഴാണ് പൗലൊസിനെയും ബർന്നബാസിനെയും വിളിച്ചു വേലയ്ക്കായി വേർതിരിക്കുവാൻ ദൈവത്തിന്റെ നിയോഗം ഉണ്ടായത്. അപ്രകാരം അന്ത്യോക്യയിൽ നിന്ന് വിശ്വാസികൾ അവരുടെമേൽ കൈവച്ച് പ്രാർത്ഥിച്ച് അവരെ പറഞ്ഞയച്ചു. അവർ ആദ്യമായി ബർന്നബാസിന്റെ ജന്മനാടായ കുപ്രൊസ് ദ്വീപിലെത്തി അവിടെ സുവിശേഷം അറിയിച്ചുകൊണ്ടിരുന്നു. പ്രസ്തുത ദ്വീപിൽനിന്നും പാഫൊസ് വരെ ചെന്ന് അവിടുത്തെ ദേശാധിപതിയോടും സുവിശേഷം പറഞ്ഞു. ആ സമയം ദേശാധിപതിയുടെ കൂടെയുണ്ടായിരുന്ന യഹൂദനായ ഒരു വ്യാജപ്രവാചകൻ വിശ്വാസത്തെ തടയുവാൻ ശ്രമിച്ചപ്പോൾ പൗലൊസ് അവനെ ശാസിക്കുകയും അവൻ അന്ധനായിത്തീരുകയും ചെയ്തു. സുവിശേഷത്തെ നശിപ്പിക്കുവാനോ തകർക്കുവാനോ ഒരു ശക്തിക്കും ഒരു കാലത്തും സാധിക്കുകയില്ലെന്ന പാഠമാണ് ഈ സംഭവത്തിലൂടെ ദൈവത്തിന്റെ പരിശുദ്ധാത്മാവ് വെളിപ്പെടുത്തുന്നത്. അതെ, സുവിശേഷത്തെ ബന്ധിക്കുവാൻ ഒരു ശക്തികൾക്കും ഒരു കാലത്തും സാധിക്കുകയില്ല. കാരണം സുവിശേഷം സർവശക്തനായ യേശുകർത്താവ് തന്നെയാണ്.

ചിന്തക്ക് : 'അന്ത്യോക്യയിലെ സഭയിൽ ബർന്നബാസ്, നീഗർ എന്നു പേരുള്ള ശിമോൻ, കുറേനക്കാരനായ ലുക്യൊസ്, ഇടപ്രഭുവായ ഹെരോദാവോടുകൂടെ വളർന്ന മനായേൻ, ശൗൽ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു. അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോൾ : ഞാൻ ബർന്നബാസിനെയും ശൗലിനെയും വിളിച്ചിരിക്കുന്ന വേലയ്ക്കായിട്ട് അവരെ എനിക്കു വേർതിരിപ്പിൻ എന്ന് പരിശുദ്ധാത്മാവ് പറഞ്ഞു. അങ്ങനെ അവർ ഉപവസിച്ചു പ്രാർത്ഥിച്ച് അവരുടെമേൽ കൈവച്ച് അവരെ പറഞ്ഞയച്ചു' (അപ്പൊ. പ്രവൃത്തികൾ 13 : 1...3).