'നാം എല്ലാവരും ഒരു യാത്രയിലാണ് ' പുസ്തക പ്രകാശനം ജനു. 25 ന്
കൊട്ടാരക്കര : ബഥേലിലെ രാജകുമാരി എന്നറിയപ്പെടുന്ന പട്ടാഴി മെതുകുമ്മേൽ ഷിജി എബ്രഹാം പട്ടാഴി എഴുതിയ 'നാം എല്ലാവരും ഒരു യാത്രയിലാണ് ' എന്ന പുസ്തകം ജനു. 25 ന് വ്യാഴാഴ്ച വൈകിട്ട് 6ന് പ്രകാശനം ചെയ്യും. ഷിജിയുടെ വീട്ടുമുറ്റത്ത് അയല്ക്കാരും സഭാംഗങ്ങളും സ്നേഹിതരും സഹപാഠികളും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും ഒക്കെ ഒത്തു കൂടുന്ന വേദിയിൽ ഷിജിയോടൊപ്പം നില്കുന്ന സമൂഹങ്ങളുടെ പ്രതിനിധികളായി ഒരു കൂട്ടം വ്യക്തികൾ ഒന്നിച്ചാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. ഹാഗിയോസ് മിനിസ്ട്രീസ് സംഗീതസന്ധ്യ നയിക്കും.
അര മുതൽ താഴോട്ട് തളർന്നു കട്ടിലിൽ ലോകം തീർക്കുന്ന ഷിജിയുടെ അത്ഭുതകരമായ രചനയാണ്
'നാം എല്ലാവരും ഒരു യാത്രയിലാണ് ' എന്ന ഗ്രന്ഥം. അതുകൊണ്ട് തന്നെ വ്യത്യസ്തമായ ഒരു പ്രകാശന ചടങ്ങാണ് ഒരുക്കിയിരിക്കുന്നത്. വൈകിട്ട് 6 ന് ആരംഭിക്കുന്ന ഗാനസന്ധ്യയോടെ പ്രകാശനചടങ്ങ് ആരംഭിക്കും. സ്നേഹിതരും പ്രീയപ്പെട്ടവരും അനുമോദനപ്രസംഗം നടത്തിയനന്തരം പുസ്തകം പ്രകാശിപ്പിക്കും. ഷിജി എബ്രഹാം പുസ്തകരചനയുടെ നാൾവഴികൾ പങ്കുവയ്ക്കും.
നാല് വർഷങ്ങൾക്കു മുമ്പ് എഴുതിയ പുസ്തകത്തിൻ്റെ ഒന്നാമത് കൈയ്യെഴുത്ത്പ്രതി കൊവിഡ് കാലത്ത് നഷ്ടമായി. പിന്നീട് ഒരു വർഷത്തെ കഠിനാധ്വാനത്തിലൂടെയാണ് രണ്ടാം കൈയ്യെഴുത്ത്പ്രതി തയ്യാറാക്കിയത്. ശാരീരിക ബലഹീനത കൈകളെയും ബാധിച്ചിട്ടുള്ളതിനാൽ എഴുത്ത് ഏറെ ക്ലേശകരമായിരുന്നു. എങ്കിലും സ്വപ്നം നേടിയെടുത്തേ അടങ്ങൂ എന്നത് ഷിജിയുടെ തീരുമാനമായിരുന്നു.
പുസ്തകത്തിൻ്റെ ആദ്യഭാഗം ആത്മകഥാപരമാണ്. രണ്ടാം ഭാഗം നിത്യതയിലേക്കുള്ള യാത്രയെ സംബന്ധിച്ച ചിന്തകളും ദർശനങ്ങളുമാണ്. ചുറ്റുപാടുകളെ വിശകലനം ചെയ്ത് എഴുതിയിരിക്കുന്ന പുസ്തകം വായിക്കേണ്ടതു തന്നെയാണ്.
നൂറ്റിഅമ്പതിലധികം പേജുള്ള പുസ്തകത്തിന് വിലയിട്ടിട്ടില്ല. തപാൽ വഴി ആവശ്യപ്പെടുന്നവർ കുറഞ്ഞത് നൂറ്റമ്പത് രൂപയെങ്കിലും നല്കുന്നത് നന്നായിരിക്കും. 8086789841 എന്നതാണ് ഗൂഗിൾപേ നമ്പർ. വ്യാഴാഴ്ച വൈകിട്ട് 6 ന് നടക്കുന്ന പ്രകാശന ചടങ്ങ്
https://youtube.com/live/KAu5szGTq9c?feature=share ഈ ലിങ്കിലൂടെ ലൈവായി കാണാവുന്നതാണ്. യുണീക് മീഡിയയാണ് ഷിജിയുടെ പുസ്തകത്തിൻ്റെ സാക്ഷാത്കാരം നിർവ്വഹിച്ചത്.
യുണീക് മീഡിയ ചീഫ് എഡിറ്റർ ഷാജൻ ജോൺ ഇടയ്ക്കാട്, വാർഡ് മെമ്പർ റെജി ജി, പാസ്റ്റർ ജയപ്രകാശ്, ജോൺസൻ ജോയി തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും.