രാജ്യാന്തര പുരസ്കാരവുമായി ഹാരി ജോസൺ

രാജ്യാന്തര പുരസ്കാരവുമായി ഹാരി ജോസൺ

ടോണി ഡി. ചെവ്വൂക്കാരൻ

മൂന്നു മാസം നീണ്ട വിശ്രമമില്ലാത്ത അന്വേഷണത്തിനും കഠിന പരിശ്രമത്തിനും ഒടുവിൽ ഹാരി ജോസണെ തേടിയെത്തിയത് രാജ്യാന്തര പുരസ്കാരം. യുകെ ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്സിറ്റിയിലെ എം. എ കമ്മ്യൂണിക്കേഷൻ ഡിസൈൻ വിദ്യാർത്ഥിയായ ഹാരി ജോസൺ തൻ്റെ  പ്രോജക്ടിൻ്റെ ഭാഗമായി ചെയ്ത ഡോക്യുമെൻ്ററിക്കാണ് പൂനയിൽ നടന്ന രാജ്യാന്തര  ഫെസ്റ്റിവലിൽ മികച്ച അനിമേഷനുള്ള പുരസ്കാരം നേടിയത്. വിവിധ രാജ്യങ്ങളിലെ നൂറിലേറെ എൻട്രികളോടു മത്സരിച്ചാണ് ഹാരി ജോസൺ അവാർഡ് സ്വന്തമാക്കിയത്.

സമൂഹത്തിനു എന്തെങ്കിലും ഉപകാരപ്രദമായ ഒരു ഡോക്കുമെൻ്ററി ചെയ്യണമെന്ന ഹൃദയാഭിലാഷമാണ് വംശനാശം വന്നു കൊണ്ടിരിക്കുന്ന അപൂർവ്വയിനം ഐലൻ്റ് മാർബിൾ ബട്ടർഫ്ലൈ എന്നു പേരുള്ള 
ചിത്രശലഭത്തെക്കുറിച്ചുള്ള പഠനത്തിലേക്ക് തൻ്റെ ശ്രദ്ധ തിരിച്ചു വിട്ടത്. യുഎസിലെ സാൻ ജുവാൻ ദീപിൽ മാത്രം കാണപ്പെട്ടിരുന്ന ഈ ചിത്രശലഭങ്ങൾ 1990 കളിൽ പെട്ടെന്നു അപ്രത്യക്ഷമായി തുടങ്ങി. എന്നാൽ,  തുടർന്ന് നടത്തിയ നീണ്ട പഠനത്തിനും സർവ്വേക്കും ഒടുവിൽ 1998-ൽ ആണ് ഈ ചിത്രശലഭങ്ങളിൽ ചിലത് അവശേഷിച്ചിട്ടുള്ളതായി കണ്ടുപിടിച്ചത്. നിലവിൽ ഐലൻ്റ് മാർബിൾ ഇനത്തിൽപ്പെട്ട 500 ചിത്രശലഭങ്ങൾ മാത്രമാണുള്ളത്. ഇവയെ സാൻ ജ്യുവാൻ നാഷണൽ ഹിസ്റ്റോറിക്കൽ പാർക്കിൽ സംരക്ഷിച്ചിരിക്കയാണ്. വെള്ളയും പച്ചയും നിറത്തിലുള്ള ഈ ചിത്ര ശലഭങ്ങളുടെ ജീവിതത്തിൻ്റെയും തിരോധാനത്തിൻ്റെയും അതിജീവനത്തിൻ്റെയും കഥയാണ് ഹാരി ജോസൺ  'എർത് ലി' എന്ന തൻ്റെ അനിമേഷൻ ഡോക്യുമെൻ്ററിയിൽ ചിത്രീകരിച്ചിരിക്കുന്നത്.

'എർത് ലി' യുടെ കഥ , സംവിധാനം , അനിമേഷൻ , എഡിറ്റിംഗ് , സൗണ്ട് മിക്സിങ്ങ് എല്ലാം ഹാരി തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

പാസ്റ്റർ ബിജു ജോസഫ് ശുശ്രൂഷിക്കുന്ന തൃശൂർ ശാരോൻ ഫെല്ലോഷിപ്പ് ടൗൺ ചർച്ചിലെ സജീവ പ്രവർത്തകനും കീബോർഡിസ്റ്റുമായ ഹാരി, അഞ്ചേരിയിൽ ചീരൻ ബിജുവിൻ്റെയും സ്മിനയുടെയും മകനാണ്.
പി.ജി പഠനത്തിനു ശേഷം ബൈബിൾ മുഴുവൻ അനിമേറ്റഡ് സ്റ്റോറിയാക്കി വളർന്നു വരുന്ന തലമുറയ്ക്ക് ദൈവ വചന സത്യങ്ങൾ പകർന്നു കൊടുക്കണമെന്നാണ് ഹാരിയുടെ ഹൃദയാഭിലാഷം .

Advertisement