ഓർമകളിലെ പീച്ചി മാസ്റ്റർ
ഓർമകളിലെ പീച്ചി മാസ്റ്റർ

മധ്യതിരുതാംകൂറിലെ ഐപിസി സഭയിലെ രണ്ടു സെൻ്ററുകൾ തമ്മിൽ പ്രശ്നം രൂക്ഷമായിരിക്കുന്ന കാലം. പലരും ശ്രമിച്ചിട്ടും പ്രശ്നത്തിന് ഒരു പരിഹാരവും വരുന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് അതിലെ ഒരു സെന്ററായ കറുകച്ചാലിൽ കൺവൻഷൻ വന്നത്. 'സെന്റർ കൺവൻഷനിലെ' പ്രധാന പ്രസംഗകൻ പീച്ചി മാസ്റ്റർ ആയിരുന്നു. പീച്ചി അങ്കിൾ രണ്ടു സെൻ്റർ പാസ്റ്റർമാരെയും താൻ താമസിക്കുന്ന ഭവനത്തിലേക്ക് വിളിച്ചു വരുത്തി രണ്ടു പേരോടുമായി ചോദിച്ചു, 'നിങ്ങൾ സ്വർഗത്തിൽ എത്തുമ്പോൾ അവിടെ വെച്ച് കൈകൊടുക്കുമോ? രണ്ടു പേരും പറഞ്ഞു കൊടുക്കും, എന്നാൽ പിന്നെ ഇവിടെ വെച്ച് കൈകൊടുത്താൽ എന്താണ് പ്രോബ്ലം? 100 കിലോ തൂക്കം വരുന്ന ആ ചോദ്യത്തിന് മുൻപിൽ രണ്ടുപേരുടെയും ഉള്ളിലെ 'നീരസത്തിൻ്റെ മഞ്ഞുമല' ഉരുകിമാറി.

അന്ന് രാത്രിയിലെ കൺവൻഷനിൽ രണ്ടു സെന്റർ പാസ്റ്റർമാരെയും വേദയിൽ ഒരുമിച്ചു ഇരുത്തി രണ്ടു സെൻ്ററുകൾക്കിടയിൽ സമാധാനം വിതറിയ ആ "കാതലുള്ള അപ്പൊസ്തലൻ" നമ്മെ വിട്ടു പോയിരിക്കുന്നു.
എൻ്റെ മാതാവ് പീച്ചി അങ്കിളിനെക്കുറിച്ച് പറഞ്ഞ ഒരു സംഭവം ഉണ്ട്. ഒരിക്കൽ രാത്രി 8ന് വീട്ടിലേക്കു നടന്നു വരുന്ന സമയം തന്റെ പഴയ ഒരു സ്നേഹിതനെ കണ്ടു മുട്ടി. കുശലം പറയുന്ന കൂട്ടത്തിൽ പ്രായം ചോദിച്ചപ്പോൾ 24 വയസായി എന്ന് മറുപടി പറഞ്ഞു. എന്നാൽ, തനിക്കു അന്ന് 25 വയസായിരുന്നു. ഏതാണ്ട് 4 കിലോമീറ്റർ നടന്നു വീട്ടിൽ എത്തിയപ്പോൾ ആണ് ഓർമവന്നത് തനിക്കു 24 അല്ല 25 വയസ്സായെന്ന്. തെറ്റായ സന്ദേശം കൈമാറുന്നത് ഒരു ക്രിസ്തുശിക്ഷ്യനു ചേർന്നതല്ല എന്ന നിലപാടിൽ ആ രാത്രിതന്നെ 4 കിലോമീറ്റർ തിരിച്ചു നടന്നു സ്നേഹിതന്റെ വീട്ടിൽ ചെന്ന് പ്രായം തിരുത്തി പറഞ്ഞു. ഈ ഒരു ചെറിയ കാര്യത്തിന് 4 കിലോമീറ്റർ നടന്നു വരണോ എന്ന് സ്നേഹിതൻ്റെ ചോദ്യത്തിന് ഞാൻ ഒരു ക്രിസ്തുശിക്ഷ്യനാണ്, എനിക്ക് സത്യം മാത്രമേ പറയാൻ കഴിയൂ എന്നതായിരുന്നു 'ആ കാൽവറി ദർശകൻ്റെ' മറുപടി.

വട്ടപ്പാടത്തു നടന്ന ഒരു കൺവൻഷന്റെ പ്രധാന പ്രസംഗകൻ പാസ്റ്റർ കെ.ഒ. വർഗീസ് (പീച്ചി മാഷ്) ആയിരുന്നു. ബസിൽ വരികയാണെകിൽ ടൗണിൽ നിന്നും കൺവൻഷൻ ഗ്രൗണ്ടിൽ എത്താൻ ഏതാണ്ട് 1 മണിക്കൂറെങ്കിലും എടുക്കും. തൃശ്ശൂരിൽ നിന്നും കെഎസ്ആർടിസി ബസിൽകയറി യാത്ര തുടങ്ങി. പകുതി വഴി എത്തിയപ്പോൾ ട്രാഫിക് ബ്ലോക്ക് നിമിത്തം സമയത്തു എത്താൻ പറ്റുമോ എന്ന ആശങ്കയിൽ പട്ടാമ്പിയിലെ ബസ് സ്റ്റോപ്പിലെത്തി എസ്‌റ്റിഡി ബൂത്തിൽ കയറി എന്റെ മാതാവിനെ വിളിച്ചു. 'ഞാൻ നേരം വൈകിയാണ് വരുന്നത് ടൗണിൽ എത്തുമ്പോൾ എനിക്ക് ഒരു ടാക്സി ക്രമീകരണം ചെയ്തു വെക്കണം. ടൗണിൽ നിന്നും ടാക്സി പിടിച്ചാൽ ഒരു 30 മിനിറ്റുകൊണ്ട് കൺവൻഷൻ ഗ്രൗണ്ടിൽ എത്താം. അല്ലെകിൽ ഇന്ന് എനിക്ക് പ്രസംഗിക്കാൻ പറ്റുകയില്ല. 'എന്റെ മാതാവ് പെട്ടന്നു കൂടെ ജോലി ചെയ്യുന്ന കമലാക്ഷി ടീച്ചറുടെ മകൻ സനലിന്റെ ജീപ്പ് അറേഞ്ച് ചെയ്ത് ടൗണിലെത്തി പീച്ചി അങ്കിളിനെ കാത്തു നിൽക്കയാണ്. വൈകുന്നേരം 7 മണിക്ക് ആകെ തളർന്നു പീച്ചി അങ്കിൾ ബസിൽ നിന്ന് ഇറങ്ങി വന്നു. തളർന്നു ഇറങ്ങി വന്ന പീച്ചി അങ്കിളിനെ കണ്ടപ്പോൾ ഞാൻ അമ്മയോട് ചോദിച്ചു, ഇത്രയും തളർന്നിരിക്കുന്ന അങ്കിൾ ഇന്ന് രാത്രി പ്രസംഗിക്കുമോ? ഒരു ചെറുപുഞ്ചിരി ആയിരുന്നു അമ്മയുടെ മറുപടി.
ഏതാണ്ട് 7.35നു ഞങ്ങൾ ഗ്രൗണ്ടിൽ എത്തി. പ്രസംഗകനെ കാണാത്തതിനാൽ മ്യൂസിക് ടീം പാട്ടു പാടി മീറ്റിംഗ് നീട്ടിക്കൊണ്ടുപോവുകയാണ്. ജയം ജയം ഹല്ലെലുയ്യ ജയം ജയം എപ്പോ ഴും ... എന്ന പാട്ടാണ് അപ്പോൾ പാടിക്കൊണ്ടിരിക്കുന്നത്. പീച്ചി മാസ്റ്റർ വേദിയിലേക്ക് കയറി 1/2 മിനിറ്റ് ഇരുന്നുകാണും. പിന്നെ എഴുന്നേറ്റുചെന്ന് മ്യൂസിക് ടീമിൻ്റെ കൈയിൽ നിന്നും ഡ്രം വാങ്ങി ഗായകസംഘത്തിന്റെ ഒപ്പം ചേർന്ന് പാടാൻ തുടങ്ങി. (ഇന്നത്തെ പ്പോലെ സംഗീതോപകരണങ്ങൾ ഒന്നും അന്ന് ഉണ്ടായിരുന്നില്ല, ഒന്നോ രണ്ടോ ഡ്രമ്മും പിന്നെ കൈത്താളവുമായിരുന്നു അന്നത്തെ സംഗീതോപകരണങ്ങൾ).

പിന്നെ നടന്നത് ചരിത്രമായിരുന്നു. ആ തളർന്ന പീച്ചി അങ്കളിനെ അല്ല ഒരു പോരാളിയെയാണ് ഞാൻ അവിടെ കണ്ടത്. അന്തരീക്ഷം അകെ മാറി ജനം നൃത്തം ചെയ്‌തു ആരാധിക്കാൻ തുടങ്ങി. ഡ്രം പൊട്ടി, സ്വർഗം താഴെ വന്ന അനുഭവം ആയിരുന്നു, ഡ്രം പൊട്ടിയ കാര്യം ഒന്നും ജനം ശ്രദ്ധിച്ചതേയില്ല.
പീച്ചി മാസ്റ്റർ എഴുന്നേറ്റു നിന്നപ്പോൾ അദ്ദേഹത്തിന്റെ തലയ്ക്കു മുകളിലൂടെ ഒരു 'തേജസിന്റെ കിരീടം' വലയം വെക്കുന്നത് താൻ വ്യക്തമായി കണ്ടുവെന്നാണ് ആ മീറ്റിംഗിനെക്കുറിച്ച് ഒരു പാസ്റ്റർ പിന്നീട് പറഞ്ഞത്.
തീയതി പറഞ്ഞു തെറ്റാതെ പ്രവചിക്കുന്ന ഒരു പ്രവാചകനും കൂടെ ആയിരുന്നു പാസ്റ്റർ കെ.ഒ. വർഗീസ്. തൻ്റെ അനിയൻ പാസ്റ്റർ കെ.ഒ. തോമസ് കൺവൻഷൻ വേദികളിൽ വളർന്നു വരുന്ന കാലം. ഇന്നത്തെ പോലെ അന്ന് അദ്ദേഹം പ്രസിദ്ധനല്ല. ഒരിക്കൽ രണ്ടു പേരും പ്രാർഥിക്കാൻ മുട്ടുമടക്കി. പ്രാർഥന അന്യഭാഷയിലായി മണിക്കൂറുകൾ നീണ്ടു. പീച്ചി മാസ്റ്റർ അന്ന് തന്റെ അനിയൻ പാസ്റ്റർ കെ.ഒ. തോമസിനോട് ഒരു തീയതി പറഞ്ഞു പ്രവചനം നടത്തി. 'അടുത്ത വർഷം ഇത്രാം തീയതി നീ ബാംഗ്ലൂരിൽ പ്രസംഗിക്കാൻ പോവുകയാണ്. അവിടെ ദൈവം നിന്നെ അതിശക്തമായി ഉപയോഗിക്കും" പ്രവചനം കേട്ടെങ്കിലും പാസ്റ്റർ കെ.ഒ. തോമസ് പക്ഷെ പ്രവചനം മറന്നു പോയി. എന്നാൽ, പറഞ്ഞ തീയതിയിൽ ബാംഗ്ലൂരിൽ താൻ ദൈവവച നവുമായി എഴുന്നേറ്റു നിന്നപ്പോഴാണ് അന്ന് പറഞ്ഞ പ്രവചനം ഓർമയിൽ വന്നത്.

എന്നാൽ, അധികം ആർക്കും അറിയാത്ത ചില കാര്യങ്ങൾ ഓർമയുടെ പുസ്തകത്താളിൽ നിന്നും ചീന്തി എടുക്കാൻ ഉള്ള ഒരു ശ്രമം ആണിത്. പീച്ചി മാസ്റ്ററുടെ പിതാവ് കോമ്പാറ ഔസെഫ് തന്റെ 80-ാം വയസിലാണ് കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടത്.
നടന്നത് രാത്രിയിലായിരുന്നു. എല്ലാമക്കളും (പീച്ചി മാസ്റ്റർ, കെ.ഒ. സൈമൺ, അമ്മിണി, സാറാമ്മ, കെ.ഒ. തോമസ്) രാത്രി മുഴുവനും ഉറക്കം ഇളച്ചിരിക്കാൻ തീരുമാനിച്ചു. പക്ഷെ അർധരാത്രി കഴിഞ്ഞപ്പോൾ എല്ലാവരും പലപ്പോഴായി ഉറങ്ങിപ്പോയി. എന്നാൽ, ഒരാൾ മാത്രം ഉറങ്ങിയില്ല. കർത്തൃകാഹളം യുഗാന്ത്യ കാലത്തിൽ ധ്വനിക്കുമ്പോൾ എന്ന ഗാനം പാടി ആ രാത്രി മുഴുവനും തന്റെ പിതാവിന്റെ ഭൗതികശരീരത്തിനരികെ ഇരുന്നത് പീച്ചി അങ്കിൾ ആയിരുന്നു.
കാഹളം മാഗസിൻ്റെ ചീഫ് എഡിറ്റർ ആയിരുന്ന കാലം അദ്ദേഹത്തിന് വേണ്ടി പല എഡിറ്റോറിയലും എഴുതിയത് ലേഖകൻ ആയിരുന്നു. അദ്ദേഹം പറഞ്ഞുതരും ഞാൻ എഴുതിക്കൊടുക്കും. എഴുതുമ്പോൾ വൃത്തിയായി എഴുതണം എന്നുള്ളത് അദ്ദേ ഹത്തിനു നിർബന്ധമായിരുന്നു.
തൂലിക താഴെ വെച്ച് നടുനിവർന്നു കിടക്കുന്ന പീച്ചി മാഷിനെ കണ്ടപ്പോൾ അറിയാതെ തന്റെ വിദ്യാഭ്യാസകാലം ഓർമയിൽ വന്നു. പഠിക്കാൻ ബഹുമിടുക്കരായിരുന്നു പീച്ചി മാസ്റ്ററും അദ്ദേഹത്തിൻ്റെ സഹോദരി അമ്മിണിയും. എസ്എസ്എൽസി പരീക്ഷയിൽ 425 മാർക്ക് പീച്ചിമാഷിനും, സഹോദ രി അമ്മിണിക്കു 390 മാർക്കുമാണ് ലഭിച്ചത്. തൃശൂർ ജില്ലയിലെ ആ വർഷത്തെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വ്യക്തി പീച്ചി മാസ്റ്ററായിരുന്നു. ഒരു പക്ഷെ കേരള ബ്രദറൺ /പെന്തെക്കോസ്‌തു സമൂഹത്തിലെ ആ വർഷത്തെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വ്യക്തി പീച്ചി മാസ്റ്ററാകാനാണ് സാധ്യത.
എന്റെ വളരെ ചെറിയ പ്രായത്തിൽ എനിക്ക് വിദേശത്തു ഒരു സഭയിൽ ശുശ്രൂഷിക്കാൻ ഒരു അവസരം കിട്ടി. അന്ന് ഞാൻ പ്രസംഗിച്ചത് യെശയ്യാവ് 53:1-2 വാക്യങ്ങളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു (യഹോവയുടെ ഭുജം ആർക്കു വെളിപ്പെട്ടു). പ്രസംഗം കഴിഞ്ഞപ്പോൾ പലരും എൻ്റെ അടുത്ത് വന്നു പറഞ്ഞു. യെശയ്യാവ് 53 പലവട്ടം വായിച്ചിട്ടുണ്ട്. പക്ഷേ യെശയ്യാവ് 53 ഇത്രയും ആഴത്തി ലുള്ളതാണെന്ന് ഇപ്പോഴാണ് മനസിലായത്. സത്യത്തിൽ അത് എൻ്റെ പ്രസംഗം ആയിരുന്നില്ല. പീച്ചി മാഷിൻ്റെ 'യെശയ്യാവ് 53 ഒരു ധ്യാനം' എന്ന പുസ്‌തകം ഞാൻ അങ്ങനെ തന്നെ കോപ്പി പേസ്റ്റ് ചെയ്യുകയാണ് ഉണ്ടായിരുന്നത്. അത്രയും ആഴത്തിൽ ദൈവവചനം പഠിച്ച ഒരു ദൈവത്തിൻ്റെ ദാസനായിരുന്നു പീച്ചി മാസ്റ്റർ.
2026 മാർച്ച് 23നു ആ കേരളത്തിന്റെ അപ്പൊസ്‌തലൻ കല്ലറയിലേക്കു മാറ്റപ്പെട്ടു. കല്ലറയ്ക്കു മുകളിലൂടെ കാലം മഴയായും മഞ്ഞായും വെയിലായും കടന്നു പോകും. പക്ഷെ, ഒരു ദിവസം കാഹളം ധ്വനിക്കും. വിണ്മയമായ ശാരീരം ഉയർത്തെഴുന്നേൽക്കും. വീണ്ടും കാണാം എന്ന പ്രത്യാശയോടെ വിട.
Advertisement


































































